SignIn
Kerala Kaumudi Online
Friday, 19 April 2024 8.53 AM IST

പഠിച്ചില്ലെങ്കിലും ജയിക്കാം ; ഭാഷാവിഷയങ്ങൾ പിന്നാമ്പുറത്ത്

online

തൃശൂർ: കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തിൽ ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വർഷാന്ത്യ വിലയിരുത്തലും ക്ലാസ് കയറ്റവും സംബന്ധിച്ച് എസ്. എസ്. കെ വഴി സ്‌കൂളുകൾക്ക് തയ്യാറാക്കി നൽകിയ ' പഠന പുരോഗതിരേഖ' യിൽ ഭാഷാവിഷയങ്ങൾക്ക് അവഗണന. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവുപ്രകാരം ലഭിച്ച പഠനപുരോഗതി രേഖ മേയ് 25 ന് മുമ്പ് മൂല്യനിർണ്ണയം നടത്തി ഈ വർഷത്തെ ഒമ്പതാം ക്ലാസുകാരുടെ പ്രൊമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ സംസ്‌കൃതം, അറബി, ഉറുദു തുടങ്ങിയ ഭാഷകളെ പഠനപുരോഗതി രേഖയിൽ നിന്നും ഒഴിവാക്കി. ഈ വിഷയം പഠിച്ചില്ലെങ്കിലും ജയിക്കാമെന്ന് ചുരുക്കം.
വിക്ടേഴ്‌സ് ചാനലിൽ ക്ലാസ്സുകൾ സമാപിക്കുകയാണ്. അതേസമയം, രണ്ട് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒമ്പതാം ക്ലാസ്സ് പാഠപുസ്തകത്തിലെ ആദ്യഭാഗത്തിലെ മൂന്ന് പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെയും വിക്ടേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തത്. പുസ്തകം രണ്ട് ഭാഗങ്ങളും വിലകൊടുത്ത് വാങ്ങിയ വിദ്യാർത്ഥികൾക്ക് ആദ്യ ഭാഗത്തിൽതന്നെ രണ്ട് പാഠഭാഗങ്ങൾ ഇനിയും സംപ്രേഷണം ചെയ്യാനുണ്ട്.
കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷനും വിദ്യാർത്ഥികളും രക്ഷിതാക്കളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാന സമിതി അംഗങ്ങളായ രാമൻ, അശോക് കുമാർ , ജില്ലാ പ്രസിഡന്റ് വിവേക്, ട്രഷറർ ഹരീഷ് മാസ്റ്റർ എന്നിവർ പ്രതിഷേധപരിപാടികൾക്ക് നേതൃത്വം നൽകി.

അവഗണന തുടർക്കഥ

ഓരോ ക്ലാസിനും വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച പഠന പുരോഗതിരേഖ തൽക്കാലം ഒൻപതാം ക്‌ളാസിന് മാത്രമാക്കിയിരുന്നു. 1 - 8 ക്ലാസുകാരുടെ കാര്യം പിന്നീടു തീരുമാനിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു അറിയിച്ചത്. കൊവിഡ് വ്യാപനം കാരണമാണിത്.


9-ാം ക്ലാസിലെ പഠന പുരോഗതിരേഖ മേയ് 25ന് അകം തയാറാക്കി പ്രമോഷൻ പട്ടിക പ്രസിദ്ധീകരിക്കണമെന്നും മൂല്യനിർണയം അതതു പ്രദേശങ്ങളിലെ കൊവിഡ് സാഹചര്യങ്ങൾക്ക് അനുസൃതമായി നടത്തണമെന്നും ഉത്തരവുണ്ടായിരുന്നു.

ഒന്നാം ഭാഷയായും രണ്ടാം ഭാഷയായും സംസ്‌കൃതം പഠിപ്പിക്കുന്ന ഓറിയന്റൽ പദവിയുള്ള വേലൂരിലെ ഗവ. ആർ.എസ്.ആർ.വി.എച്ച്.എസ്.എസിൽ ഇല്ലാത്ത ഉത്തരവിന്റെ പേര് പറഞ്ഞ് വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് നിറുത്തലാക്കാനുളള നീക്കം വിവാദമായിരുന്നു.

വിക്ടേഴ്‌സിലെ ക്ലാസ്സുകളിലും പഠനപുരോഗതിരേഖമൂല്യനിർണ്ണയങ്ങളിലും ഭാഷാവിഷയങ്ങളോട് കാണിക്കുന്ന അവഗണന അനുവദിക്കാനാവില്ല.

കെ.ആർ ജയദേവൻ

ജില്ലാ സെക്രട്ടറി

കേരള സംസ്‌കൃതാദ്ധ്യാപക ഫെഡറേഷൻ


ഭാഷാവിഷയങ്ങളെ അവഗണിച്ചത് സംബന്ധിച്ച് അറിയില്ല. എസ്. എസ്. കെയാണ് പഠനപുരോഗതി രേഖ തയ്യാറാക്കുന്നത്.

എൻ.ഗീത

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, LANGAUGE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.