മാള: തളർന്ന കാലുകളെ തളരാത്ത മനസ് കൊണ്ട് കരുത്തുറ്റതാക്കി കൊവിഡ് രോഗികളുമായി ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് സഞ്ചരിക്കുകയാണ് സന്തോഷ്.
മറ്റുള്ളവരുടെ വേദനയിൽ സ്വന്തം വൈകല്യവും കുറവും മറന്ന് രാത്രിയും പകലുമില്ലാതെ സ്വന്തം കാറിലാണ് ഈ സഞ്ചാരം.
എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് രോഗികളുമായി പുത്തൻചിറ കണ്ണിക്കുളങ്ങര ബ്ലായ്ക്കൽ സന്തോഷ് സഞ്ചരിക്കുന്നത് യാതൊരു പ്രതിഫലവും വാങ്ങാതെയാണ്. ഇതിനകം 50 ഓളം രോഗികളെ ആശുപത്രിയിലേക്കും തിരിച്ചും കൊണ്ടുപോയിട്ടുള്ളതിൽ 40 പേരും കൊവിഡ് രോഗികളായിരുന്നു.
രോഗികളെ കൊണ്ടുവിട്ട് അവരുടെ എല്ലാക്കാര്യങ്ങളും ഉറപ്പുവരുത്തിയിട്ടേ മടങ്ങൂ. ഡി.വൈ.എഫ്.ഐ കണ്ണിക്കുളങ്ങര യൂണിറ്റ് പ്രസിഡന്റായ 34 കാരനായ സന്തോഷ് മാണിയംകാവിൽ പത്ത് വർഷമായി സ്വന്തമായി ഐഡിയൽ വെഡ്ഡിംഗ് സ്റ്റുഡിയോ നടത്തുന്നുണ്ട്. ഒരു മാസത്തിലധികമായി സ്റ്റുഡിയോ അടച്ചിട്ടിരിക്കുകയാണ്. രോഗികളെ കൊണ്ടുപോകുന്നതിനുള്ള ഇന്ധനച്ചെലവ് ഡി.വൈ.എഫ്.ഐയാണ് വഹിക്കുന്നത്.
ആർ.ആർ.ടി വളണ്ടിയർ കൂടിയായ സന്തോഷ് ആൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ യൂണിറ്റ് ട്രഷറാണ്. ഒഴിവ് സമയം പൊതുപ്രവർത്തനത്തിനായി നീക്കി വച്ചിരിക്കുകയാണ്. നാല് വയസുള്ളപ്പോഴാണ് അരയ്ക്ക് കീഴെ തളർന്നത്. പിന്നീട് പത്താം ക്ലാസും ഗ്രാഫിക് ഡിസൈനിംഗും പഠിച്ചു. ഡി.വൈ.എഫ്.ഐയുടെ പേരിൽ സ്നേഹ യാത്ര എന്നാണ് കാറിന് പേരിട്ടിരിക്കുന്നത്.
കൊവിഡ് രോഗിയായാലും അല്ലെങ്കിലും അവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ സൗകര്യം ഉറപ്പാക്കും. വാഹനം ഓടുന്നതിനുള്ള ഇന്ധനം ഡി.വൈ.എഫ്.ഐ നൽകും. എന്നിരുന്നാലും മറ്റു കാര്യങ്ങൾക്കുള്ള ചെലവുകൾ സ്വന്തമായി എടുക്കേണ്ടി വരും.
സന്തോഷ്.
1582 പേർക്ക് കൂടി കൊവിഡ്: 1537 രോഗമുക്തർ
തൃശൂർ: 1582 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ജില്ലയിൽ 1537 പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,142 ആണ്. തൃശൂർ സ്വദേശികളായ 71 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.52% ആണ്. 11,698 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കം വഴി 1,572 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഒരാൾക്കും, 08 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 01 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ചികിത്സയിൽ കഴിയുന്നവർ
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ 270
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 741
സർക്കാർ ആശുപത്രികളിൽ 317
സ്വകാര്യ ആശുപത്രികളിൽ 565
ഡോമിസിലിയറി കെയർ സെന്ററുകളിൽ 1225
വീടുകളിൽ 5,442
വാക്സിൻ സ്വീകരിച്ചത് 7,10,833 പേർ
തൃശൂർ: കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് 7,10,833 പേരും രണ്ടാം ഡോസ് 1,72,558 സ്വീകരിച്ചു. വാക്സിൻ സ്വീകരിച്ചവരുടെ വിശദവിവരങ്ങൾ ഇങ്ങനെ. വിഭാഗം- ഫസ്റ്റ് ഡോസ് , സെക്കൻഡ് ഡോസ് എന്ന ക്രമത്തിൽ. ആരോഗ്യപ്രവർത്തകർ 46,303 - 38,823. മുന്നണി പോരാളികൾ 37,448 - 23,868. 45 വയസിന് മുകളിലുള്ളവർ 5,85,127 - 1,09,697. 18 - 44 വയസിന് ഇടയിലുള്ളവർ 41,955 - 170.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |