തൃശൂർ: 52 ദിവസത്തിന് ശേഷം ആദ്യമായി ആയിരത്തിൽ താഴെ കൊവിഡ് പോസിറ്റീവ്. ഏപ്രിൽ 16 നായിരുന്നു ഇതിന് മുമ്പ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെയെത്തിയത്. പിന്നീട് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു. ഇത് പിന്നീട് 4,250 ലേറെയെത്തി. മരണവും കുതിച്ചുയർന്നു. ഒന്നര മാസത്തിനുള്ളിൽ മാത്രം 1500 ഓളം പേരാണ് മരിച്ചത്.
രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ ലോക് ഡൗൺ, ട്രിപ്പിൾ ലോക് ഡൗൺ എന്നിവ പ്രഖ്യാപിച്ചാണ് രോഗികളുടെ എണ്ണം നിയന്ത്രിച്ചു കൊണ്ടുവന്നിരുന്നത്. രോഗികളും രോഗമുക്തരും തമ്മിലുള്ള വ്യത്യാസവും കുറഞ്ഞു. 11,120 പേരാണ് ഇനി രോഗമുക്തരാകുന്നത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,46,239 ആണ്. 2,35,119 പേരാണ് രോഗമുക്തരായത്. പോസിറ്റിവിറ്റി നിരക്കും താഴോട്ട് വരുന്നതും ആശ്വാസകരമാണ്.
925 പേർക്ക് കൊവിഡ്
925 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 1325 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9671 ആണ്. തൃശൂർ സ്വദേശികളായ 77 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. സമ്പർക്കം വഴി 919 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ഒരാൾക്കും, 02 ആരോഗ്യ പ്രവർത്തകർക്കും, കൂടാതെ ഉറവിടം അറിയാത്ത 03 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
ചികിത്സയിൽ കഴിയുന്നവർ
ഗവ. മെഡിക്കൽ കോളേജിൽ 246
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 711
സർക്കാർ ആശുപത്രികളിൽ 315
സ്വകാര്യ ആശുപത്രികളിൽ 506
വിവിധ ഡോമിസിലിയറി കെയർ സെന്ററുകളിൽ 1192
വീടുകളിൽ 5,776.
കുട്ടികളുടെ കരുതലിനായി
'ചിറകുകൾ' പദ്ധതി
തൃശൂർ: കൊവിഡ് കാലത്ത് കുട്ടികൾക്കുണ്ടാകാനിടയുള്ള മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ചിറകുകൾ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഒല്ലൂർ വൈദ്യരത്നം, ചെറുതുരുത്തി പി.എൻ.എൻ.എം ആയുർവേദ കോളേജുകളുടെയും സഹകരണത്തോടെയാണ് പരിശീലന പരിപാടി.
സ്കൂളിലെ പഠനം വീട്ടിലേയ്ക്ക് മാറിയപ്പോൾ കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യ മാനസിക പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങളും, നന്നായി പഠിക്കാനുള്ള പൊടിക്കൈകളുമാണ് പദ്ധതിയുടെ ഭാഗമായുണ്ടാകുക. കൂട്ടുകാരെ കാണാത്ത വിഷമം മാറ്റാൻ ഫോൺ അമിത ഉപയോഗം ഇല്ലാതെ പുതിയ രസകരമായ കളികൾക്കുള്ള മാർഗങ്ങളുമൊക്കെയായി രണ്ടാഴ്ച നീളുന്ന പരിശീലനമാണ് നൽകുക. അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളെ വിദഗ്ദ്ധ ആയുർവേദ ഡോക്ടർമാർ നേരിട്ട് ഫോണിൽ വിളിച്ച് നിർദ്ദേശങ്ങൾ നൽകും. വിവരങ്ങൾക്ക് 9744570055. റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സലജകുമാരി, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ് നൗഷാദ്, വൈദ്യരത്നം ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ഷീബ സുനിൽ, പി.എൻ.എൻ.എം ആയുർവേദ കോളേജ് ഡയറക്ടർ സന്ധ്യ മണ്ണത്ത്, വകുപ്പ് നോഡൽ ഓഫീസർമാരായ ഡോ. പി. എഡിസൺ, ഡോ. കെ. അനിത സുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |