SignIn
Kerala Kaumudi Online
Friday, 19 April 2024 10.25 AM IST

കൃഷിയിടങ്ങളിൽ ഒച്ചും പുഴുവും; ഭീഷണിയായി പുള്ളിപ്പുൽച്ചാടിയും

pulchadi

തൃശൂർ: ലോക്ക് ഡൗണും അപ്രതീക്ഷിത വേനൽമഴയുമെല്ലാം കൃഷിയിടങ്ങളിൽ കണ്ണീരുവീഴ്ത്തുമ്പോൾ, ആഫ്രിക്കൻ ഒച്ചുകൾക്ക് പിന്നാലെ തൃശൂരിൽ ആദ്യമായി പുള്ളിപ്പുൽച്ചാടിയുടെ ശല്യവും. ഇവയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മാർഗ്ഗ നിർദ്ദേശം സ്വീകരിക്കാൻ കാർഷിക സർവകലാശാലയുടെ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിൽ മൾട്ടി ഡിസിപ്ലിനറി ഡയഗ്‌നോസ്റ്റിക് ഓൺലൈൻ യോഗം ചേർന്നു.

വെട്ടുകിളി പോലെ വ്യാപകമായി വിളകൾ നശിപ്പിക്കില്ലെങ്കിലും നിയന്ത്രിച്ചില്ലെങ്കിൽ പുള്ളിപ്പുൽച്ചാടി അപകടകാരിയാകും. തെങ്ങിന്റെ കൂമ്പും വാഴയുടേയും കവുങ്ങിന്റേയും ഇലകളും നശിപ്പിക്കും. പുള്ളിപ്പുൽച്ചാടി കാരണം മറ്റത്തൂരിൽ ഒരു കർഷകന് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറയുന്നു. ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇവ മണ്ണിൽ മുട്ടയിടും. പ്രജനനം തടഞ്ഞാൽ പ്രതിരോധം എളുപ്പമാകും. ഓരോ പ്രദേശത്തു മാത്രം ഒതുങ്ങി നിൽക്കുന്ന ആക്രമണമാണ് പുള്ളി പുൽച്ചാടിയുടേത്. കേരള കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞരായ ഡോ. ഹസീന ഭാസ്‌കർ, ഡോ. ഗവാസ് രഗേഷ്, ഡോ. ബെറിൻ പത്രോസ്, ഡോ. കെ.ബി. ദീപ്തി, ഡോ. ദീപ ജെയിംസ് തുടങ്ങിയവരും രോഗബാധയുള്ള ബ്ലോക്കുകളിലെ കൃഷി വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.

പുള്ളിപ്പുൽച്ചാടിയെ പ്രതിരോധിക്കാം

വിളകളിൽ വേപ്പ് അധിഷ്ഠിത കീടനാശിനിയോ വേപ്പെണ്ണ എമൾഷനോ തളിക്കുക.
മണ്ണ് നന്നായി കിളച്ച് മണ്ണിലുണ്ടാകുന്ന മുട്ടക്കൂട്ടങ്ങളെയും സമാധിദശകളെയും തുടക്കത്തിലേ നശിപ്പിക്കുക

ചൊറിയൻ പുഴുവിനെ തടയാം

മഴ തുടങ്ങിയതോടെ ചൊറിയൻ പുഴുവിന്റെ ആക്രമണവുമുണ്ട്. സിന്തറ്റിക് പൈറത്രോയിഡ് ഗണത്തിലുള്ള കീടനാശിനികളിലൊന്നായ കരാട്ടെ 3 മി.ലി 5 ലിറ്റർ വെള്ളത്തിൽ കലക്കി സ്‌പ്രേ ചെയ്യാം. കൂട്ടമായി തീപ്പന്തം ഉപയോഗിച്ചു കത്തിക്കാം. മുറ്റത്തും, വീടിനും ചുറ്റുമുള്ളവയെ നശിപ്പിക്കാൻ മണ്ണെണ്ണ എമൽഷൻ 20 മി.ലി. 1 ലിറ്റർ വെള്ളത്തിൽ കലക്കി സ്‌പ്രേ ചെയ്തു കൊടുക്കുക. 1 ലിറ്റർ വെള്ളത്തിൽ 5 മുതൽ 10 മി.ലി വേപ്പെണ്ണയും 6 ഗ്രാം സോപ്പും ചേർത്ത് കലക്കി സ്‌പ്രേ ചെയ്തു കൊടുക്കാം.

ആഫ്രിക്കൻ ഒച്ചിനെ തുരത്താം

ജനപങ്കാളിത്തത്തോടെ കൂട്ടമായി നിയന്ത്രിക്കണം. ഒച്ചിന് 5 മുതൽ 8 വർഷം വരെ ജീവിത ദൈർഘ്യമുള്ളതിനാൽ വീണ്ടും ഉണ്ടാകാവുന്ന ഒച്ചിന്റെ ആക്രമണം തടയാനായി കാമ്പയിൻ വാർഡ് അടിസ്ഥാനത്തിലോ, പഞ്ചായത്തുകളിലോ നടത്തണം. കാബേജ്, കോളിഫ്‌ളവർ, പപ്പായ ഇവയിൽ ഏതെങ്കിലും ഒന്നിന്റെ ഇലകൾ നനഞ്ഞ ചണച്ചാക്കുകളിൽ ഇട്ട് വീടിനു ചുറ്റും വെയ്ക്കുന്നത് വഴി അവയെ ആകർഷിക്കാൻ സാധിക്കും. എന്നിട്ടും ഇവ ശേഖരിച്ച് 10 മുതൽ 20 ശതമാനം വരെ ഉപ്പു വെള്ളത്തിലിട്ട് ( 200 ഗ്രാം ഉപ്പ് 1 ലിറ്റർ വെള്ളത്തിൽ കലക്കിയത്) നശിപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, GRASS HOPPER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.