തൃശൂർ: കൊവിഡ് നെഗറ്റീവ് ആയാലും ക്ഷീണം, കിതപ്പ്, വിശപ്പില്ലായ്മ, തുടങ്ങിയവയും ഉറക്കമില്ലായ്മ, ഭയം, ആശങ്ക തുടങ്ങിയ മാനസിക പ്രശ്നങ്ങളും തുടരുന്ന സാഹചര്യത്തിൽ ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുനർജനി പദ്ധതിയുടെ ഭാഗമായി കിടത്തി ചികിത്സ തുടങ്ങി.
ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും ആയുർരക്ഷ ക്ലിനികുകളായ സർക്കാർ ആയുർവേദ സ്ഥാപനങ്ങൾ വഴി പദ്ധതി നടപ്പാക്കുന്നുണ്ടെന്നും രോഗികളുടെ ആവശ്യം കണക്കിലെടുത്താണ് കിടത്തിചികിത്സ തുടങ്ങുന്നതെന്നും പുനർജനി വാർഡിന്റെ ഉദ്ഘാടനം നിർവഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് പറഞ്ഞു. ജില്ലയിൽ ഇതുവരെ 45,000 ഓളം പേർ പുനർജനി പദ്ധതി വഴി ചികിത്സ തേടിയതായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ സലജ കുമാരി അറിയിച്ചു.
കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഭേഷജം എന്ന പദ്ധതിയിൽ ആയുർവേദ ചികിത്സ ലഭ്യമാക്കുന്നുണ്ട്. വളണ്ടിയർമാർ, സന്നദ്ധപ്രവർത്തകർ, വാർഡ് കൗൺസിലർമാർ എന്നിവരാണ് മരുന്ന് ലഭ്യമാക്കുന്നത്. മെഡിക്കൽ ഓഫീസർ രോഗിയെ ഫോണിൽ വിളിച്ച് വിശദവിവരം അന്വേഷിച്ചാണ് മരുന്നുകൾ കൊടുക്കുന്നത്. ജില്ലയിൽ ഇതുവരെ 45000 ലേറെ പേർ ഭേഷജം പദ്ധതിയിൽ നിന്ന് മരുന്നുകൾ ഉപയോഗിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നടത്തുന്ന ഡോമിസിലിയർ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും ആയുർവേദ മരുന്നാണ് ഉപയോഗിക്കുന്നത്. ആയുർവേദ മരുന്ന് ഉപയോഗിക്കുന്നവരിൽ കൊവിഡ് തീവ്രത കുറവായാണ് കാണുന്നതെന്നും അമൃതം, സുഖായുഷ്യം, സ്വാസ്ഥ്യം പദ്ധതികൾ വഴി ജില്ലയിൽ രണ്ടു ലക്ഷത്തിലേറെപ്പേർ മരുന്നുകൾ സ്വീകരിച്ചുവെന്നും അധികൃതർ അറിയിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി വല്ലഭൻ, നാഷണൽ ആയുഷ് മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. എം.എസ് നൗഷാദ്, ഡോ. എം.ജി ശ്യാമള, ഡോ. പി. കെ നേത്രദാസ് എന്നിവർ പ്രസംഗിച്ചു.
1319 പേർക്ക് കൂടി കൊവിഡ്
തൃശൂർ: 1263 പേർ രോഗമുക്തരായപ്പോൾ 1319 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,196 ആണ്. തൃശൂർ സ്വദേശികളായ 85 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.92% ആണ്. 9,477 സാമ്പിളുകളാണ് പരിശോധിച്ചത്. സമ്പർക്കം വഴി 1305 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 07 ആൾക്കും, 06 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 01 ആൾക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
പോസിറ്റിവിറ്റി നിരക്ക് 13.92%ചികിത്സയിൽ കഴിയുന്നവർ
ഗവ. മെഡിക്കൽ കോളേജിൽ 193
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 707
സർക്കാർ ആശുപത്രികളിൽ 295
സ്വകാര്യ ആശുപത്രികളിൽ 354
ഡോമിസിലിയറി കെയർ സെന്ററുകളിൽ 1185
വീടുകളിൽ 6,143
വാക്സിൻ സ്വീകരിച്ചവർ 7,78,690
തൃശൂർ: കൊവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് 7,78,690 പേരും രണ്ടാം ഡോസ് 1,83,291 പേരും സ്വീകരിച്ചു. വാക്സിൻ സ്വീകരിച്ചവരുടെ വിശദവിവരങ്ങൾ ഇപ്രകാരം. ആരോഗ്യപ്രവർത്തകരിൽ 46,552 പേർ ഫസ്റ്റ് ഡോസും 38,952 പേർ സെക്കൻഡ് ഡോസും മുന്നണി പോരാളികൾ 37,581 പേർ ഫസ്റ്റ് ഡോസും 24,268 പേർ സെക്കൻഡ് ഡോസും 45 വയസിന് മുകളിലുളളവർ 6,15,502 പേർ ഫസ്റ്റ് ഡോസും 1,19,736 പേർ സെക്കൻഡ് ഡോസും എടുത്തിട്ടുണ്ട്. 18 - 44 വയസ്സിന് ഇടയിലുളളവരിൽ അത് 79,055ഉം 335ഉം ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |