SignIn
Kerala Kaumudi Online
Thursday, 25 April 2024 9.51 PM IST

മോട്ടോർ വാഹന നിയമ ഭേദഗതി ജൂലായ് 1 മുതൽ: ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ ആശങ്കയിൽ

driving

തൃശൂർ: ജൂലായ് ഒന്ന് മുതൽ നടപ്പിലാക്കുന്ന മോട്ടോർ വാഹന നിയമ ഭേദഗതിയെക്കുറിച്ച് ആശങ്കയൊഴിയാതെ ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ. മാർച്ച് മാസത്തിൽ പുറത്തിറക്കിയ കരട് ഭേദഗതിയെക്കുറിച്ച് പരാതികളും നിർദേശങ്ങളും നൽകാൻ സമയം അനുവദിച്ചിരുന്നു. എന്നാൽ ഹെവി വാഹനങ്ങളുടെ കാര്യം കരടിൽ പ്രത്യേകം പരാമർശിക്കാത്തത് ആശങ്കയ്ക്ക് വഴിവയ്ക്കുന്നുണ്ട്.

ആർ.ടി ഓഫീസിൽ നൽകേണ്ട രേഖകളിൽ ഡ്രൈവിംഗ് കോഴ്‌സ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന രീതിയിലുള്ള ഭേദഗതികളാണ് വരിക. പ്ലസ്ടു യോഗ്യതയുള്ള 5 വർഷം ഡ്രൈവിംഗ് പരിചയമുള്ളവർക്ക് പരിശീലന കേന്ദ്രം തുടങ്ങാം. തുടങ്ങുന്ന വ്യക്തിക്കോ ജീവനക്കാരനോ മോട്ടോർ മെക്കാനിക്‌സിൽ മികവ് തെളിയിച്ച രേഖകൾ വേണം.

സമതല പ്രദേശത്ത് രണ്ടേക്കർ, മലയോരത്ത് ഒരേക്കർ ഭൂമി നിർബന്ധം. രണ്ട് ക്ലാസ് മുറി, കമ്പ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ് ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് ഹാജർ എന്നിവ നിർബന്ധം. കയറ്റിറക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിംഗ് ട്രാക്ക്, വർക്ക് ഷോപ്പ് നിർബന്ധം. സെന്ററിന്റെ അനുമതി 5 വർഷം കൂടുമ്പോൾ പുതുക്കണം.

10 വർഷത്തിലേറെയായി ഇത്തരത്തിൽ നിയമ ഭേദഗതിക്ക് നീക്കമുണ്ടായിരുന്നു. ഈ സൗകര്യങ്ങൾ ഒരുക്കിയാൽ ഡ്രൈവിംഗ് പഠനഫീസ് കുത്തനെ ഉയരും. നിലവിലെ ലേണേഴ്‌സ് സംവിധാനം പിൻവലിക്കാത്തതിനാൽ തത്കാലം ബാധിക്കില്ല എന്നതു മാത്രമാണ് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾക്ക് ആശ്വാസം.

അപ്രായോഗിക നിർദേശങ്ങളെന്ന് ആക്ഷേപം

നിയമ ഭേദഗതിയിൽ അപ്രായോഗികമായ നിരവധി നിർദേശങ്ങളുണ്ടെന്ന് ഡ്രൈവിംഗ് സ്‌കൂളുടമകൾ പറയുന്നു. വിജ്ഞാപനത്തിൽ പറയുന്ന സംവിധാനം ഒരുക്കണമെങ്കിൽ ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരും. ഡ്രൈവിംഗ് പഠിപ്പിക്കാനായി സ്വന്തമായി രണ്ട് ഏക്കറോളം ഭൂമി വേണമെന്ന നിർദേശം പ്രായോഗികമല്ല. മിക്ക സ്ഥാപനങ്ങളും വാടകക്കെട്ടിടങ്ങളിൽ ഓഫിസ് മുറി മാത്രമാണുള്ളത്.

ഡ്രൈവിംഗ് സ്‌കൂളുകൾ അക്രഡിറ്റഡ് സ്‌കൂളുകൾ തുടങ്ങേണ്ടി വരും

നിർദ്ദേശങ്ങൾ നടപ്പായാൽ ഡ്രൈവിംഗ് സ്‌കൂളുകൾ സൊസൈറ്റികൾ രൂപീകരിച്ച് അക്രഡിറ്റഡ് സ്‌കൂളുകൾ തുടങ്ങേണ്ട സ്ഥിതിയിലാകും. അങ്ങനെ ചെയ്താലും എത്ര പേർക്ക് അതിലേക്ക് കടന്നു വരാനാകുമെന്നതിൽ ആശങ്കയുണ്ട്. അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്‌സ് പൂർത്തിയായവർക്കു മാത്രം ലൈസൻസ് നൽകുന്ന രീതിക്ക് തുടക്കമായാൽ നിലവിലെ ഡ്രൈവിംഗ് സ്‌കൂളുകൾ പൂട്ടേണ്ടിവരും.

ജില്ലയിൽ 350 ലേറെ ഡ്രൈവിംഗ് സ്‌കൂളുകൾ

ജില്ലയിൽ 350ലേറെ ഡ്രൈവിംഗ് സ്‌കൂളുകളുണ്ട്. നിയമ ഭേദഗതിയിൽ പറയുന്ന സംവിധാനം ഒരുക്കിയാൽ സാമ്പത്തിക ബാദ്ധ്യത മൂലം മിക്ക പരിശീലന കേന്ദ്രങ്ങളും അടച്ചുപൂട്ടേണ്ടി വരും. ആയിരക്കണക്കിനാളുകൾ തൊഴിൽരഹിതരാകും.

2019 മുതൽ കേന്ദ്രം കൊണ്ടുവരുന്ന നിയമഭേദഗതികളിൽ പലതും അപ്രോയോഗികമാണ്. നിലവിൽ ഡ്രൈവിംഗ് സ്‌കൂളുകൾ നടത്തുന്നവരെ ഇപ്പോഴത്തെ മോട്ടോർ വാഹന നിയമ ഭേദഗതികൾ ബാധിക്കില്ല. എന്നാൽ രജിസ്‌ട്രേഷൻ പുതുക്കുകയോ പുതിയൊരു സ്ഥാപനം തുടങ്ങുകയോ ചെയ്യുമ്പോൾ അതെല്ലാം പാലിക്കേണ്ടിവരും. അതിനെ പലരും നിയമപരമായി നേരിടുകയാണ് ചെയ്യാറുള്ളത്. സംസ്ഥാന സർക്കാരിന് വിഷയത്തിൽ ഇടപെടുന്നതിന് പരിമിതികളുണ്ട്.

-ബിജു ജെയിംസ് (ആർ.ടി.ഒ, തൃശൂർ).

മോട്ടോർ വാഹന നിയമ ഭേദഗതി നടപ്പാകുന്നതോടെ ഡ്രൈവിംഗ് സ്‌കൂൾ മേഖല തകരും. നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനത്തെ സ്വകാര്യ കുത്തകകൾക്ക് നൽകാനുള്ള ശ്രമമാണിത്. വൻകിട കമ്പനികൾ ഡ്രൈവിംഗ് പരിശീലനത്തിലേക്കു കടന്നത് ഇതിന്റെ ഭാഗമാണ്. അടിയന്തരമായി സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെടണം.
- കെ.എം.ലെനിൻ ( സംസ്ഥാന പ്രസിഡന്റ്, ഡ്രൈവിംഗ് സ്‌കൂൾ ഓണേഴ്‌സ് സമിതി)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.