തൃശൂർ: രാവും പകലുമെന്നില്ലാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗരൂകരാണ് ജില്ലയിലെ വാർ റൂമുകൾ. കൂട്ടായ ശ്രമങ്ങളിലൂടെ കൊവിഡ് സ്ഥിരീകരണ നിരക്ക് കുറയ്ക്കാൻ സാധിച്ചു എന്നതാണ് വാർ റൂമുകൾ ഭംഗിയായി നിർവഹിച്ച ചുമതല. ജില്ലയിലെ 87 പഞ്ചായത്തുകളിലും വാർ റൂമുകൾ സജീവമാണ്. രോഗപ്രതിരോധ പ്രവർത്തനം, ചികിത്സ, തുടർ സേവനം, എന്നിവ വാർഡ് തലത്തിൽ തന്നെ ഏകോപിപ്പിച്ച് പ്രവർത്തനം വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാർ റൂമുകളുടെ പ്രവർത്തനം.
പ്രവർത്തനങ്ങൾ
വാക്സിനേഷൻ പ്രവർത്തനങ്ങൾ, ഹോം ഐസൊലേഷൻ പരിശോധന, രോഗികൾക്കും നിരീക്ഷണത്തിലിരിക്കുന്നവർക്കും മരുന്നും ഭക്ഷണവും എത്തിച്ച് നൽകൽ, അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ, വിവരാന്വേഷണം, ഡി.സി.സിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കൽ, ഓൺലൈനായി രജിസ്ട്രേഷൻ എന്നിവയാണ് പഞ്ചായത്ത് തല വാർറൂമുകളിലൂടെ നടക്കുന്നത്. ഓരോ പ്രവർത്തനങ്ങൾക്കും ഓരോ ഉദ്യോഗസ്ഥർക്ക് അതത് പഞ്ചായത്ത് തലത്തിൽ ചുമതല നൽകിയിട്ടുണ്ട്. നിലവിൽ കൊാവിഡ് ബാധയുള്ള മേഖലകളുടെ സ്കെച്ചുകൾ ഉണ്ടാക്കി ദൈനംദിന വിവരം ശേഖരിച്ചാണ് പ്രവർത്തനം.
ഹെൽപ്പ് ഡെസ്ക്
കൊവിഡ് രോഗബാധിതർക്കും സമ്പർക്കത്തിലുള്ള ബന്ധുക്കൾക്കും മറ്റും എല്ലാത്തരം സേവനങ്ങളും വാർ റൂമിൽ ലഭ്യമാണ്. കൊവിഡുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും വാർ റൂം ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെട്ടാൽ പരിഹാരം ലഭിക്കും. കൊവിഡ് ടെസ്റ്റ് സംബന്ധിച്ച ആവശ്യങ്ങൾ, വാക്സിനുമായി ബന്ധപ്പെട്ട വിവരം, കൗൺസലിംഗ്, സാമൂഹിക മാനസികാരോഗ്യം, വൈദ്യ സഹായം എന്നിങ്ങനെയുള്ള സംശയങ്ങൾക്കും വാർ റൂമിൽ ബന്ധപ്പെടാം.
വാർഡ് തല വാർ റൂമുകൾ
ഒരു പഞ്ചായത്തിന് ഒരു വാർ റൂം എന്ന ഔദ്യോഗിക കണക്കിന് പുറമെ ചില പഞ്ചായത്തുകളിൽ വാർഡ് തലത്തിൽ വാർഡ് തല റൂമുകളും സജീവമാണ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി മൂന്നാം തരംഗ ഭീഷണിയെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം വാർഡുതലങ്ങളിലേക്ക് ഒട്ടുമിക്ക പഞ്ചായത്തുകളും വികേന്ദ്രീകരിച്ചത്. അതത് വാർഡ് അംഗങ്ങൾക്കാണ് ഇതിന്റെ ചുമതല. പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഇതുവഴി സാധിച്ചു. ആരോഗ്യവിഭാഗത്തിന്റെയും പഞ്ചായത്തിലെയും ജീവനക്കാർ, ആർ.ആർ.ടി അംഗങ്ങൾ, സന്നദ്ധസേന അംഗങ്ങൾ എന്നിവർ സജീവമായി രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |