SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.40 PM IST

ആനവിളയാട്ടത്തിൽ വിറച്ച്...

elephant-attack
എലിക്കോട് പ്രദേശത്ത് കാണപ്പെടുന്ന ഒറ്റക്കൊമ്പൻ.

പാലപ്പിള്ളി: പുതിയത് നടാൻ വെട്ടിമാറ്റിയ റബ്ബർ മരങ്ങൾക്ക് പകരം മുളച്ചു പൊന്തിയ അടിക്കാടുകൾ. കുളിക്കാനും കുടിക്കാനും ജലസമൃദ്ധമായ പുഴ അരികെ. ആദ്യം തീറ്റ തേടിയെത്തി, ചിമ്മിനി ഡാം റോഡിലെ വലിയകുളം പ്രദേശം പതിയെ ആനകളുടെ വിഹാര കേന്ദ്രവും സ്ഥിരം താവളവുമായി മാറിയത് ഈ അനുകൂല സാഹചര്യങ്ങൾ കൊണ്ടാണ്. ഇപ്പോൾ തോട്ടം മേഖലയായ പരിസര പ്രദേശങ്ങളെയെല്ലാം ഭീതിയിലാഴ്ത്തി വിളയാടുകയാണ് കരിവീരന്മാർ. ഇതിനിടെ ഏതാനും ആനകൾ ഇവിടെ പ്രസവിച്ചു. അടിക്കാടുകൾ നശിപ്പിക്കാൻ ഉപയോഗിച്ചിരുന്ന കളനാശിനി പ്രയോഗം പ്രതിഷേധം ഉയർന്നതോടെ നിറുത്തിയതും സൗകര്യം കൂട്ടി. ഈ മേഖലയോട് ചേർന്നുള്ള എലിക്കോട് ഒരു വർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് സൈനുദ്ദീൻ.

എലിക്കോട് ഗണപതി ക്ഷേത്രത്തിനടുത്ത് വച്ച് കൊല്ലപ്പെടുന്ന രണ്ടാമനുമാണ്. ഈ പ്രദേശത്ത് സ്ഥിരമായി ഒരു ഒറ്റക്കൊമ്പന്റെ ശല്യമുള്ളതായി സമീപവാസികൾ പറയുന്നു. ആദിവാസികോളനിയിലെ ഉണ്ണിച്ചെക്കൻ, അയ്യപ്പൻ, സുബ്രൻ എന്നിവരാണ് ഇതിന് മുമ്പ് കൊല്ലപ്പെട്ടത്.

വനവിഭവങ്ങൾ ശേഖരിച്ചിരുന്ന ആദിവാസി കോളനിയിലെ ഊരുമൂപ്പൻ ഉണ്ണിച്ചെക്കനാണ് കാട്ടാന ആക്രമണത്തിൽ ആദ്യം കൊല്ലപ്പെട്ടത്. രണ്ടാഴ്ച മുമ്പ് വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിലെ കാടർ സുബ്രനെയും കാട്ടാന കൊലപ്പെടുത്തി. എലിക്കോട് ഗണപതി ക്ഷേത്രത്തിനടുത്ത് വച്ചായിരുന്നു ആ ആക്രമണം.
വനവിഭവം ശേഖരിച്ചിരുന്ന സുബ്രൻ ശേഖരിച്ച വസ്തുക്കൾ തലച്ചുമടായി കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണം. ബൈക്ക് കണ്ട് ഓടിയെത്തിയ കൊമ്പനാണ് സൈനുദ്ദീനെ വകവരുത്തിയതെന്നാണ് അനുമാനം. ചെരിഞ്ഞ ഭൂപ്രകൃതിയുള്ള സ്ഥലത്ത് കൂടി ഓടിയെത്തിയ ആനയുടെ കാൽ വഴുതിയ അടയാളം സൈനുദ്ദീന്റെ ബൈക്ക് കിടന്നതിന് അടുത്ത് കണ്ടിരുന്നു. കുണ്ടായിയിൽ നിന്ന് എലിക്കോടേക്ക് റോഡ് മാർഗ്ഗമല്ലെങ്കിൽ അഞ്ച് കിലോമീറ്ററിൽ താഴെ അകലമേയുള്ളൂ. എലിക്കോട് ആദിവാസി മേഖലയാണെങ്കിൽ കുണ്ടായി ജനവാസ മേഖലയാണ്. തോട്ടം തൊഴിലാളികളോ ആദിവാസികളോ ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്നത്.

പലരും പുലർച്ചെയോ രാത്രിയോയാണ് ആക്രണത്തിന് ഇരയാകുന്നത്. അതേസമയം സിംഹം ഒഴികെയുള്ള വന്യമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന ചിമ്മിനി വന്യമൃഗ സംരക്ഷണ കേന്ദ്രത്തോട് ചേർന്ന് കിടക്കുന്ന തോട്ടം മേഖലയിൽ രാത്രിയുള്ള ടാപ്പിംഗ് അവസാനിപ്പിക്കാൻ തൊഴിലാളികൾ തയ്യാറാകാത്തത് ഗുരുതരമായ വിഷയമാണെന്ന് വനപാലകർ പറയുന്നു.

പുലർച്ചെയുള്ള ടാപ്പിംഗ് പലപ്പോഴും തലയിൽ ലൈറ്റൊക്കെ ഘടിപ്പിച്ചാകും. കൊമ്പനെയൊക്കെ പ്രകോപിപ്പിക്കുന്നത് ഇത്തരം ലൈറ്റുകളാണ്. പുലർച്ചെ മൂന്ന് മുതൽ സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ടാപ്പിംഗിനിറങ്ങും. ടാപ്പിംഗിന് ശേഷം തൊഴിലാളികൾക്ക് മറ്റ് ജോലികൾക്ക് പോകാമെന്ന സൗകര്യമുണ്ട്. പുലർച്ചെയുള്ള ടാപ്പിംഗ് കൂടുതൽ പാൽ ലഭിക്കുന്നതിനാൽ കമ്പനികളും പ്രോത്സാഹിപ്പിക്കും. നേരത്തെ ടാപ്പിംഗ് നടത്തി തൊഴിലാളികൾ മടങ്ങും. വീണ്ടും ഊർന്ന് വരുന്ന പാൽ ശേഖരിക്കാൻ കമ്പനികൾ കരാർ അടിസ്ഥാനത്തിൽ തൊഴിലാളികളെ നിയോഗിക്കും. കമ്പനികൾക്ക് വരവും കൂടും ചെലവും കുറയും.

മൊഴി കമ്പനികൾക്ക് അനുകൂലം

രാത്രി ടാപ്പിംഗ് നിരോധിക്കണമെന്നാവശ്യപെട്ട് ടി.യു.സി.ഐ യൂണിയൻ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നു. പക്ഷേ പരാതി പരിശോധിക്കാനെത്തിയ പ്ലാന്റേഷൻ ഇൻസ്‌പെപെക്ടർക്ക് മുന്നിൽ തൊഴിലാളികൾ നൽകിയ മൊഴി തങ്ങളുടെ ഇഷ്ടപ്രകാരമാണ് രാത്രി ടാപ്പിംഗ് എന്നായിരുന്നു.

വഴിവിളക്ക് കത്തുന്നില്ല

മൈസൂർ ഗേറ്റ് മുതൽ എലിക്കോട് കോളനി വരെ വഴിവിളക്കുകൾ കത്തുന്നില്ല. ആദിവാസി കോളനിയിലേക്കുള്ളവരും തോട്ടം തൊഴിലാളികളും സഞ്ചരിക്കുന്ന റോഡിൽ മാസങ്ങളായി വഴി വിളക്കില്ല.

തോട്ടം മേഖലയിൽ ഇന്ന് സമരം

കാട്ടുമൃഗങ്ങളിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപെട്ട് കൊച്ചിൻ മലമ്പാർ കമ്പനി, ഹാരിസൺ മലയാളം കമ്പനി എന്നിവരുടെ പാലപ്പിള്ളി മേഖലയിലെ തോട്ടങ്ങളിലെ മുഴുവൻ തൊഴിലാളികളും ഇന്ന് പണിമുടക്കും

ആദിവാസികളെയും തൊഴിലാളികളെയും വന്യമൃഗങ്ങളിൽ നിന്നും രക്ഷിക്കാൻ വനം വകുപ്പ് നടപടികൾ സ്വീകരിക്കണം. വനമേഖലയോട് ചേർന്ന തോട്ടങ്ങളിൽ ട്രഞ്ച് നിർമ്മിക്കണം. വൈദ്യുത വേലി സ്ഥാപിക്കണം.

ടി.കെ. മുകുന്ദൻ
ആദിവാസി ബഹുജന ഐക്യ വേദി മേഖല കൺവീനർ


കൊലയാളി ആനകളെ വനം വകുപ്പ് വകവരുത്തി ജനങ്ങളെ രക്ഷിക്കണം

കെ.എം.ഹൈദർ
എസ്‌സ്റ്റേറ്റ് ആൻഡ് പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണി.

ടി.യു.സി.ഐ. ജില്ലാ സെക്രട്ടറി


വനപാലകരുടെ ക്വാർട്ടേഴ്‌സുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളെ ആന ശല്യത്തിൽ നിന്നും രക്ഷിക്കാൻ ചുറ്റും ട്രഞ്ച് നിർമ്മിക്കുന്നവർ തോട്ടങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കാൻ ട്രഞ്ച് നിർമ്മിക്കാൻ അനുവദിക്കാത്തത് അനീതിയാണ്.

ആന്റണി കൂറ്റൂക്കാരൻ

ജനൽ സെക്രട്ടറി പാലപ്പിള്ളി റബർ

എസ്റ്റേറ്റ് ലേബർ കോൺഗ്രസ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.