കയ്പമംഗലം : പാർപ്പിട പ്രശ്നം കഴിയാവുന്നത്ര പരിഹരിക്കേണ്ടത് സമൂഹത്തിന്റെയാകെ ചുമതലയാണെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. മതിലകം ബ്ലോക്ക് പഞ്ചായത്ത് 14ാം ഡിവിഷൻ മെമ്പർ ആർ.കെ. ബേബിയുടെ നേതൃത്വത്തിൽ ഭവന രഹിതരായ പത്ത് കുടുംബങ്ങൾക്ക് വീടൊരുക്കുന്ന സ്നേഹവീട് പദ്ധതി പെരിഞ്ഞനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രി. സർക്കാരും പാർട്ടി സംവിധാനങ്ങളും , ജനപ്രതിനിധികളും ,പൊതുജനങ്ങളും അതിൽ വലിയ പങ്ക് വഹിക്കുന്നു. സ്നേഹവീട് പദ്ധതിക്ക് നേതൃത്വം കൊടുത്തവരെയും സഹകരിച്ചവരെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബേബിയുടെ നേതൃത്വത്തിൽ 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് ആസ്റ്റർ ഡി.എം. ഫൗണ്ടേഷൻ പദ്ധതിയിൽ വീട് നിർമ്മിച്ച് കൈമാറുന്നത് ആസ്റ്റർ ഫൗണ്ടേഷനാണ്. സി.പി.എമ്മിന്റെ നേരിട്ടുള്ള മാർഗ്ഗ നിർദ്ദേശത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 14ാം വാർഡിലെ തറയിൽ ബിന്ദുവിന്റെ വീടിന് തറക്കല്ലിട്ട മന്ത്രി പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയവരെ ആദരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ അദ്ധ്യക്ഷത വഹിച്ചു. ആർ.കെ. ബേബി പദ്ധതി വിശദീകരണം നടത്തി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് , പി.കെ. ചന്ദ്രശേഖരൻ , ഹാരിസ് ബാബു, ടി.വി. സുരേഷ്, ടി.കെ. രാജു , കെ.കെ. മുരളി , പി.എ. സുധീർ എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |