വിജയകരമായ ശസ്ത്രക്രിയയിലൂടെ 13 കാരന് ആശ്വാസം
തൃശൂർ: ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായി നട്ടെല്ല് നിവർത്തുന്ന സ്കോളിയോസിസ് ശസ്ത്രക്രിയ നടത്തി. 13 കാരനായ പാലക്കാട് കമ്മാന്ത്ര കിഴക്കേവീട്ടിൽ ഷൺമുഖത്തിന്റെ മകൻ ജിത്തുവിനാണ് സൗജന്യമായി സ്കോളിയോസിസ് എന്ന അതിസങ്കീർണ ശസ്ത്രക്രിയ ചെയ്ത് നൽകിയത്. ശസ്ത്രക്രിയ ഒമ്പത് മണിക്കൂർ നീണ്ടു. നാലര അടി ഉയരമുള്ള കുട്ടിയായ ജിത്തുവിന് ജന്മനാ ഉണ്ടായതാണ് സ്കോളിയോസിസ്. സ്വകാര്യ ആശുപത്രികളിൽ ശരാശരി പത്ത് ലക്ഷം ചെലവ് വരുന്ന ശസ്ത്രക്രിയ ദേശീയ ആരോഗ്യ മിഷന് കീഴിലുള്ള ആർ.എസ്.ബി.കെ പദ്ധതി വഴിയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യമായി ചെയ്തത്. ന്യൂറോ സർജറി വിഭാഗം മേധാവി ഡോ.ആർ. ബിജു കൃഷ്ണന്റെയും അനസ്തീഷ്യ വിഭാഗം മേധാവി ഡോ. ഷംസാദ് ബീഗത്തിന്റെയും നേതൃത്വത്തിൽ ഡോ. ജിതിൻ, ഡോ. ജിയോ സെനിൽ, ഡോ. ഷാജി, ഡോ. ലിജോ കൊള്ളന്നൂർ, ഡോ.എം. സുനിൽ, ഡോ. വിജയകുമാർ, നഴ്സുമാരായ സരിത, രമ്യ, സുമികോ എന്നിവരടങ്ങിയ സംഘമാണ് വിജയകരമായി ശസ്ത്രക്രിയ പൂർത്തീകരിച്ചത്.
ഗുരുവായൂര് ഏകാദശി ; നാളെ ഗുരുവായൂർ മർച്ചന്റ്സ്
അസോസിയേഷൻ വക വിളക്ക്
ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ വക വിളക്കാഘോഷം നടക്കും. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് പറമ്പന്തളി വിജീഷ് മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും ഉച്ചകഴിഞ്ഞ് കാഴ്ച്ചശീവേലിക്ക് പരക്കാട് മഹേശ്വരന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും അകമ്പടിയാകും. രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷാൽ ഇടയ്ക്കാ നാദസ്വരം അകമ്പടിയാകും. വിളക്കാഘോഷത്തിന്റെ ഭാഗമായി മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 9.30ന് ഭക്തി പ്രഭാഷണം, വൈകീട്ട് 4.30 മുതൽ മർച്ചന്റ്സ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടാകും. ക്ഷേത്രത്തിൽ ഇന്ന് കനറാ ബാങ്ക് ജീവനക്കാരുടെ വകയാണ് വിളക്കാഘോഷം. സമ്പൂർണ്ണ നെയ്വിളക്കായാണ് ആഘോഷം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |