തൃശൂർ: വൈകി പൂക്കുന്ന ചുവന്ന ചീര, കുള്ളൻ കശുമാവ് ഇനം കെ.എ.യു നിഹാര, അത്യുത്പാദന ശേഷിയുള്ള പന്നിയൂർ 9, 10 എന്നീ കുരുമുളക് ഇനം തുടങ്ങി 40 വിളയിനങ്ങൾക്ക് കാർഷിക സർവകലാശാലയിൽ നടന്ന ശിൽപ്പശാല അംഗീകാരം നൽകി. കർഷകർക്കായുള്ള സാങ്കേതിക മൊബൈൽ ആപ്ലിക്കേഷൻ, പഴങ്ങളും പച്ചക്കറികളും വാക്വം ഫ്രൈ ചെയ്യാനുള്ള യന്ത്രം, വിളകളിലെ സൂക്ഷ്മ മൂലകക്കുറവ് പരിഹരിക്കാനുള്ള 'സമ്പൂർണ്ണ' എന്ന മിശ്രിതം, ജൈവകൃഷിക്ക് അനുയോജ്യമായ ട്രൈക്കോഡർമയുടെ ക്യാപ്സൂൾ രൂപം എന്നിവയ്ക്കും അംഗീകാരമായി.
ഇവയെക്കുറിച്ചുള്ള വിവരം വിളപരിപാലന ശുപാർശ എന്ന പുസ്തകത്തിലും ചേർക്കും. കേരളത്തിലെ ശാസ്ത്രീയ കൃഷിയുടെ ബൈബിൾ എന്നറിയപ്പെടുന്ന ആധികാരിക കൃഷി ശാസ്ത്ര പ്രസിദ്ധീകരണമാണ് 'വിള പരിപാലന ശുപാർശകൾ'. സംസ്ഥാനത്ത് കൃഷിചെയ്യുന്ന 150 ൽ അധികം വിളകളുടെ ശാസ്ത്രീയ പരിപാലന മുറകളുടെ വിശദാംശം പുസ്തകത്തിലുണ്ടാകും. അഞ്ച് വർഷം കൂടുമ്പോൾ നവീന സാങ്കേതിക വിദ്യകളും പുതിയ വിളയിനങ്ങളും കൂട്ടിച്ചേർത്ത് ഈ പുസ്തകത്തെ കാലോചിതമായി പരിഷ്കരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |