തൃശൂർ: കാലുഷ്യം നിറഞ്ഞ കാലത്ത് സമൂഹത്തിൽ പരസ്പര സ്നേഹവും സഹകരണവും വളർത്താൻ ആത്മീയ നേതൃത്വങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള. തൃശൂർ അതിരൂപത സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ബോൺനത്താലെയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയവും ഭൗതികവുമായ നേട്ടം മാത്രമല്ല സമൂഹത്തിനെ മുന്നോട്ടു നയിക്കുന്നത്. അതിന് ധാർമ്മികവും ആത്മീയവുമായ പുരോഗതി കൂടി വേണം. കേരളത്തിന്റെ പുരോഗതിക്ക് ക്രൈസ്തവ സഭയും മിഷണറിമാരും നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു. അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. ബോൺ നത്താലെയുടെ ഭാഗമായി പണിതു നൽകുന്ന വീടിന്റെ താക്കോൽദാനം റവന്യൂമന്ത്രി കെ.രാജൻ നിർവഹിച്ചു. മേയർ എം.കെ.വർഗീസ് , എം.എൽ.എമാരായ പി.ബാലചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, സ്വാമി നന്ദാത്മജാനന്ദ, മാർ അപ്രേം മെത്രാപ്പോലീത്ത തുടങ്ങിയവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |