SignIn
Kerala Kaumudi Online
Friday, 29 March 2024 7.20 AM IST

കടപ്പുറം മീനും മറുനാടൻ ? വിഷമയം, മറിമായം...

fish

തൃശൂർ: ഇതരസംസ്ഥാനങ്ങളിൽ നിന്ന് കണ്ടെയ്‌നറിലെത്തുന്ന പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മീൻ തെക്കൻ ജില്ലകളിലേക്കെന്ന പോലെ ജില്ലയിലെ മാർക്കറ്റുകളിലേക്കും എത്തുന്നുവെന്ന് ആക്ഷേപം.
കർണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിൻ, അമോണിയ പോലുള്ള രാസവസ്തുക്കൾ ചേർത്ത മീനെത്തുന്നുവെന്നാണ് പരാതി. കഴിഞ്ഞദിവസം ചാവക്കാട് കടപ്പുറത്ത് നിന്ന് മീൻ വാങ്ങി കഴിച്ച എഴുത്തുകാരൻ മനോഹരൻ വി. പേരകത്തിന് സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിൽ കിടക്കേണ്ടി വന്നത് അഞ്ച് മണിക്കൂറാണ്. ശരീരമാസകലം ചൊറിച്ചിലും തടിപ്പുമുണ്ടായി. ഹൃദയാഘാതസാദ്ധ്യത മുന്നിൽകണ്ട് ആശുപത്രി അധികൃതർ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. കുടുംബാംഗങ്ങൾക്കും അസ്വസ്ഥതയുണ്ടായി. ചാവക്കാട് നഗരസഭയിൽ ഇത് സംബന്ധിച്ച് പരാതി നൽകി. എന്നാൽ പരിശോധിക്കാൻ പരിമിതിയുണ്ടെന്നും ഭക്ഷ്യസുരക്ഷാവകുപ്പിന് കൈമാറിയിട്ടുണ്ടെന്നുമായിരുന്നു മറുപടി. അയൽസംസ്ഥാനങ്ങളിൽ നിന്ന് രാത്രിയോടെയെത്തിക്കുന്ന മായം കലർത്തിയ മത്സ്യം ലേലം വിളിച്ചാണ് വിൽക്കുന്നത്. ഇടനിലക്കാരായ മത്സ്യക്കച്ചവടക്കാർ ചെറുവാഹനങ്ങളിൽ ചെറുകിട കച്ചവടക്കാർക്ക് ഇത് കൈമാറും. കടപ്പുറത്ത് നിന്നാണെന്ന വ്യാജേനയാണ് കടപ്പുറത്തും മറ്റ് ലോക്കൽ മാർക്കറ്റുകളിലുമെത്തിക്കുന്നത്. വിശ്വസിക്കാനായി മീനിൽ കടൽ മണ്ണ് വിതറും. ഈ മീൻ കഴിക്കുന്നവർക്ക് തൊണ്ട ചൊറിച്ചിൽ പോലുള്ള അസ്വസ്ഥത ഉണ്ടാകും.

അറവുശാലകളിലെ രക്തം ?.

അറവുശാലകളിൽ നിന്നുള്ള രക്തം മീനിന്റെ ചെകിളയിൽ തേച്ചു പിടിപ്പിച്ച് നിറം മാറ്റമുണ്ടാകാതെ വിൽപ്പനയ്‌ക്കെത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. മീനിന്റെ ചെകിളയുടെ നിറം മാറ്റം നോക്കി പഴക്കം കണ്ടെത്താൻ കഴിഞ്ഞിരുന്നു. എന്നാൽ അതിനെ മറികടക്കാനാണ് രക്തം പുരട്ടുന്നതെന്ന് പറയുന്നു. മീനിന്റെ തിളക്കം കൂട്ടാനും പാറ്റയെ തുരത്തുന്ന ഹിറ്റ് പ്രയോഗവും ചില വില്പനക്കാർ നടത്തുന്നതായി പരാതിയുണ്ട്.

തദ്ദേശസ്ഥാപനങ്ങളിൽ പരിശോധനയില്ല

തദ്ദേശസ്ഥാപനങ്ങളിൽ പരിശോധിക്കാൻ സൗകര്യം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പരിശോധനാകിറ്റുകൾ വഴി അമോണിയ, ഫോർമാലിൻ എന്നിവയുടെ സാന്നിദ്ധ്യം അറിയാം. ഇത്തരം മീൻ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരേ തദ്ദേശസ്ഥാപനങ്ങൾക്ക് നടപടിയെടുക്കാം.

തിരിച്ചറിയാം

മീനിൽ ബലമായി സ്പർശിച്ച ശേഷം കൈ എടുത്താൽ പെട്ടെന്ന് പഴയ രൂപത്തിലായാൽ പഴക്കമില്ല.
രാസവസ്തു ഉണ്ടെങ്കിൽ പതുക്കെ മാത്രമാകും പൂർവ സ്ഥിതിയിലെത്തുക.
മായമുണ്ടെങ്കിൽ സ്വാഭാവിക മണം നഷ്ടപ്പെട്ട് രൂക്ഷമായ ഗന്ധമുണ്ടാകും
മീനിന്റെ കണ്ണിന് നിറവ്യത്യാസം വരും, തിളക്കം കുറയും

മാരകരോഗകാരി

ഫോർമാലിൻ ചേർത്ത മീൻ കഴിച്ചാൽ ദഹനേന്ദ്രിയ വ്യവസ്ഥ, കരൾ, വൃക്ക, ശ്വാസകോശം, ഹൃദയം, കേന്ദ്രനാഡീവ്യൂഹം എന്നിവയ്ക്ക് തകരാറുണ്ടാകും.

ചാവക്കാട് ബീച്ചിൽ നിന്ന് 400 രൂപയുടെ മീൻ വാങ്ങിയതിന് 8700 രൂപ ആശുപത്രിയിൽ കൊടുക്കേണ്ടി വന്നു. മായം കലർന്ന ഭക്ഷണം കഴിക്കാൻ നിർബന്ധിക്കപ്പെട്ട ലോകത്താണ് നമ്മുടെ ജീവിതം. കുറെക്കാലം സൂക്ഷിക്കാനായി ഭക്ഷണപദാർത്ഥങ്ങളിലും എല്ലാത്തരം പൊടികളിലും ഇറച്ചിയിലും മീനിലും സർവ്വത്ര മായം കലർത്തിയ ശേഷമാണ് നമ്മുടെ കൈയിലെത്തുന്നത്.

മനോഹരൻ വി.പേരകം

മാസത്തിൽ രണ്ടോ മൂന്നോ പരിശോധനകൾ മാർക്കറ്റുകളിൽ കൃത്യമായി നടക്കാറുണ്ട്. ഫിഷറീസ് വകുപ്പുമായി ചേർന്നും പരിശോധനകളുണ്ടാവാറുണ്ട്.

ഉദയശങ്കർ
അസി. ഫുഡ് സേഫ്റ്റി കമ്മിഷണർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, FISH
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.