ഗുരുവായൂർ: ഭക്തപ്രിയ ഓൺലൈൻ പതിപ്പ് അഭിനന്ദനാർഹമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ഗുരുവായൂർ ദേവസ്വം ആദ്ധ്യാത്മിക മാസികയായ ഭക്തപ്രിയയുടെ ഇംഗ്ലീഷ്, മലയാളം ഓൺലൈൻ പതിപ്പ് പ്രകാശനം, നെല്ല് ഗോഡൗൺ, വെങ്ങാട് ഗോകുലത്തിലെ വെയ്ബ്രിഡ്ജ് എന്നിവയുടെ ഉദ്ഘാടനം മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
അയൽസംസ്ഥാനങ്ങളിലെ ഗുരുവായൂരപ്പഭക്തർക്ക് കൂടി സൗകര്യപ്രദമായി ഭക്തപ്രിയ ആദ്ധ്യാത്മിക മാസിക ഇതരഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്ന കാര്യം ദേവസ്വം പരിശോധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഭക്തപ്രിയ ഇംഗ്ലീഷ് ഓൺലൈൻ പതിപ്പിന്റെ കോപ്പി മന്ത്രിയിൽ നിന്ന് പത്രാധിപസമിതി അംഗം രാധാകൃഷ്ണൻ കാക്കാശേരി ഏറ്റുവാങ്ങി.
ഗുരുവായൂർ ക്ഷേത്രപ്രവേശന സമരത്തിൽ പങ്കെടുത്ത വടേക്കര ബാലകൃഷ്ണൻ നായർ, പുതുശേരി കുട്ടപ്പ മാസ്റ്റർ എന്നിവരുടെ കുടുംബാംഗങ്ങളെ മന്ത്രി ആദരിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. എൻ.കെ. അക്ബർ എം.എൽ.എ, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ വിശിഷ്ടാതിഥികളായി. നഗരസഭാ കൗൺസിലർമാരായ ശോഭാ ഹരിനാരായണൻ, ജ്യോതി ഹരീന്ദ്രനാഥ്, ഭക്തപ്രിയ പത്രാധിപസമിതിയെ പ്രതിനിധീകരിച്ച് വി. മുരളി എന്നിവർ സംസാരിച്ചു.
ദേവസ്വം ഭരണസമിതി അംഗം കെ.വി. ഷാജി, ഭക്തപ്രിയ പത്രാധിപസമിതി അംഗങ്ങളായ ടി. ബാലകൃഷ്ണൻ, ഷാജി പുതൂർ എന്നിവർ യോഗത്തിൽ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗങ്ങളായ കെ. അജിത്ത് സ്വാഗതവും ഇ.പി.ആർ വേശാല നന്ദിയും രേഖപ്പെടുത്തി.
ഗുരുവായൂർ ക്ഷേത്രത്തിൽ ആനകൾക്ക് വളരെ പ്രാധാന്യമുണ്ട്. ആനകളുടെ കുറവ് പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കും. ഇക്കാര്യം കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കും.- മന്ത്രി കെ. രാധാകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |