SignIn
Kerala Kaumudi Online
Saturday, 20 April 2024 5.04 AM IST

ഔഷധസസ്യങ്ങൾ, ശലഭോദ്യാനം, നക്ഷത്രവനം... നാട്ടിൻപുറങ്ങളിൽ വേരുറപ്പിച്ച് ആയുഷ് ഗ്രാമം

ayush

തൃശൂർ: ആയുർവേദം ഉൾപ്പെടെയുള്ള ജീവിത ശൈലികളും ആരോഗ്യകരമായ ആഹാരശീലങ്ങളും ഔഷധസസ്യ പരിപാലനവും പ്രചരിപ്പിക്കാനായി തുടങ്ങിയ ആയുഷ് ഗ്രാമം പദ്ധതിക്ക് സ്വീകാര്യതയേറുന്നു. ശലഭങ്ങളെ ആകർഷിക്കുകയും അവയ്ക്ക് ആവാസമൊരുക്കുകയും ചെയ്യുന്ന ഔഷധ സസ്യങ്ങളെ നട്ടുപിടിപ്പിച്ച് വ്യത്യസ്തമായ പ്രവർത്തനശൈലികളിലൂടെയും ആയുഷ്ഗ്രാമം സജീവം. നാഷണൽ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തിലുള്ള ആയുഷ്ഗ്രാമം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം വെള്ളാനി എ.എൽ.പി സ്‌കൂളിൽ ശലഭസൗഹൃദ ഔഷധ ഉദ്യാനത്തിന് തുടക്കമിട്ടിരുന്നു. വിദ്യാർത്ഥികളിൽ ഔഷധസസ്യങ്ങളെയും ശലഭങ്ങളെയും ആവാസവ്യവസ്ഥയെയും കുറിച്ച് അവബോധം ഉണ്ടാക്കി സംരക്ഷിക്കാനും പ്രകൃതിസൗഹൃദ വിദ്യാഭ്യാസരീതി നടപ്പാക്കാനുമുള്ള പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു.

പദ്ധതിപ്രദേശത്തെ കാട്ടൂർ, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളുടെ സഹകരണത്തോടെ എല്ലാ ലോവർ പ്രൈമറി സ്‌കൂളുകൾ കേന്ദ്രീകരിച്ചും മാതൃകാശലഭ സൗഹൃദ ഔഷധഉദ്യാനങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യം. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഔഷധസസ്യങ്ങളെയും ശലഭങ്ങളെയും കുറിച്ച് കൂടുതൽ ക്ലാസ് നടത്താനും സന്ദർശകരെ ആകർഷിക്കുന്ന വിവിധ പരിപാടികളുമുണ്ടാകും.

വ്യാപകമാക്കി കുറുന്തോട്ടിക്കൃഷി

ആയുർവേദ ഔഷധനിർമ്മാണ മേഖലയിൽ സവിശേഷപ്രാധാന്യമുള്ള ഔഷധസസ്യമായ കുറുന്തോട്ടിക്കൃഷിയും നടത്തുന്നുണ്ട്. മുരിയാട് പഞ്ചായത്തിൽ കർഷക കൂട്ടായ്മയിലൂടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു. ശാസ്ത്രീയമായി കുറുന്തോട്ടി കൃഷി ചെയ്യാനുളള ക്ലാസും, ഔഷധസസ്യക്കൃഷിയിൽ കർഷകർക്ക് ലഭിക്കുന്ന സബ്‌സിഡികളെ കുറിച്ചുള്ള ക്ലാസും നടത്തി. പറപ്പൂക്കര പഞ്ചായത്തിലും ഇത്തരം പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പറപ്പൂക്കരയും, മുരിയാടും കുറുന്തോട്ടി കൃഷിക്ക് അനുയോജ്യമായ പ്രദേശങ്ങളാണ്. കുറുന്തോട്ടി കൃഷി ലളിതമാണ്. അധികം പരിപാലനച്ചെലവില്ല. പുതുതായി കൃഷിയിലേക്ക് വരുന്നവർക്കും ചെയ്യാം.

നക്ഷത്രവനങ്ങളും...

ചാവക്കാട് ബ്ലോക്കിൽ പുന്നയൂർക്കുളം രാമരാജ യു.പി സ്‌കൂളിൽ ജൈവവൈവിദ്ധ്യ പാർക്കിന്റെ ഭാഗമായി ഔഷധോദ്യാനം, നക്ഷത്രവനം, ശലഭ പാർക്ക് എന്നിവ നിർമ്മിക്കുന്നുണ്ട്. കൃഷിവകുപ്പുമായി ചേർന്ന് പുന്നയൂർക്കുളം പഞ്ചായത്തിൽ ഔഷധസസ്യകൃഷിയും നടത്തും. സ്ത്രീ ശാക്തീകരണത്തിനായി കുടുംബശ്രീ ജെ.എൽ.ജി അംഗങ്ങൾക്കായി പച്ചക്കറി വിത്ത് വിതരണം, കൗമാരപ്രായക്കാർക്കായി മാനസികാരോഗ്യം, ലൈംഗികാരോഗ്യം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസും നടത്തും. ക്ഷയരോഗ നിർമാർജനത്തിന്റെ ഭാഗമായി മാർച്ച് 24 ന് ബോധവത്കരണ പരിപാടികളുമുണ്ടാകും.

ശലഭസൗഹൃദ ഔഷധ സസ്യങ്ങൾ:

അശോകം
കുറുന്തോട്ടി
വയൽച്ചുള്ളി
പ്ലാശ്
കരളകം
ചെത്തി
പൂവാംകുരുന്നില

ഗ്രാമങ്ങളിൽ ഇറങ്ങിച്ചെന്ന് പ്രകൃതിയോടിണങ്ങിയുളള പ്രവർത്തനങ്ങളിലാണ് ആയുഷ്ഗ്രാമം ഊന്നൽ നൽകുന്നത്. ആയുർവേദത്തിന്റെ സാദ്ധ്യതകൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ഔഷധവിജ്ഞാനവും വിദ്യാർത്ഥികൾ അടക്കമുള്ളവരിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ നല്ല സഹകരണമാണ് പദ്ധതിക്ക് ലഭിക്കുന്നത്.

ഡോ.പി.ആർ.സലജകുമാരി
ജില്ലാ മെഡിക്കൽ ഓഫീസർ
ഭാരതീയ ചികിത്സാവകുപ്പ്

ജീവിതശൈലി മാറുകയാണ്. കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ നിയന്ത്രണം, പകർച്ചവ്യാധി പ്രതിരോധം എന്നിവ അനിവാര്യമാകുമ്പോൾ ആയുഷ് ഗ്രാമം പ്രസക്തമാകുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാന്നിദ്ധ്യമുള്ള പദ്ധതി ജില്ലയിൽ ഇരിങ്ങാലക്കുട, ചാവക്കാട് ബ്ലോക്കുകളിലായാണ് പ്രവർത്തനം തുടരുന്നത്.

ഡോ.എം.എസ്. നൗഷാദ്
ജില്ലാ പ്രോഗ്രാം ഓഫീസർ
നാഷണൽ ആയുഷ് മിഷൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, BUTTERFLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.