SignIn
Kerala Kaumudi Online
Friday, 29 March 2024 4.03 PM IST

രണ്ടരമാസം തീപിടിത്തങ്ങൾ 300 ഓളം; അഗ്നിപരീക്ഷയിൽ സേന

fire

തൃശൂർ: ഫയർ ഹൈഡ്രന്റിന്റെയും ആധുനിക ഉപകരണങ്ങളുടെയും കുറവ്, വേണ്ടത്ര വെള്ളം കിട്ടാനില്ല, പാടത്ത് പുല്ലിന് തീപിടിച്ചാൽ പോലും നിലയ്ക്കാത്ത വിളികൾ... വേനൽ കൊടുമ്പിരി കൊള്ളുമ്പോൾ അഗ്‌നിശമനസേന അഗ്‌നിപരീക്ഷയിലാണ്. തൃശൂർ ഫയര്‍‌സ്റ്റേഷനിൽ ഈ വർഷം രണ്ടരമാസത്തിനിടെ മുന്നൂറോളം തീപിടിത്തമാണുണ്ടായത്.
പാലക്കാട് പാതയിൽ കുതിരാൻ വരെയും എറണാകുളം പാതയിൽ തലോർ വരെയും പടിഞ്ഞാറൻ മേഖലയിൽ മുല്ലശ്ശേരി, കേച്ചേരി, വാടാനപ്പള്ളി വരെയും തെക്ക് ഊരകം വരെയുമുണ്ട് സ്റ്റേഷന്റെ സേവനപരിധി. സേനയുടെ ടോൾ ഫ്രീ നമ്പറായ 101ലേക്ക് ഈ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല, വിളികൾ അതിനപ്പുറവുമുണ്ടാകും. നാട്ടുകാർക്ക് കെടുത്താവുന്ന, പാടത്തും പറമ്പിലും ഉണ്ടാവുന്ന ചെറിയ തീപിടിത്തത്തിന് വരെ സേനയെ വിളിക്കും. ദിവസം പത്തും പതിനഞ്ചും സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടാകാറുള്ളതായി അധികൃതർ പറയുന്നു. ജനുവരിയിൽ ഇത് നാലോ അഞ്ചോ മാത്രമായിരുന്നു.
വാട്ടർ അതോറിറ്റിയുടെ ശക്തൻ നഗറിലെ പൈപ്പിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ഇവിടെ നിന്ന് തന്നെയാണ് നഗരത്തിലേക്കുള്ള കുടിവെള്ളവും എടുക്കുന്നത്. സേനയ്ക്ക് മാത്രമായി വെള്ളം നൽകുന്നതിന് ഫയർ ഹൈഡ്രന്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. പീച്ചിയിൽ നിന്ന് സേനയ്ക്കായി പ്രത്യേകം വെള്ളം ലഭിക്കുന്നതിന് ഈ സംവിധാനം ഉപകരിക്കും. എന്നാൽ അപേക്ഷകൾ ഉന്നത അധികൃതർ ചെവികൊണ്ടില്ല.

ആശ്വാസമഴ

കനത്ത ചൂടിൽ പുനലൂരിനും പാലക്കാടിനും ഒപ്പമായ തൃശൂർ 38.6 ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു. അതുകൊണ്ട് തീ പടരാനുള്ള സാഹചര്യവുമേറെ. അരണാട്ടുകര സ്‌കൂൾ ഒഫ് ഡ്രാമയിലും മുളയത്തെ മറ്റൊരു ഇൻസ്റ്റിറ്റ്യൂട്ടിലും വ്യാപകതീപിടിത്തമായിരുന്നു. സ്‌കൂൾ ഒഫ് ഡ്രാമയിൽ രാവിലെ മുതൽ വൈകിട്ട് വരെയും മുളയത്ത് രാത്രിവരെയും രക്ഷാപ്രവർത്തനം നടത്തി. ഒടുവിൽ ഇന്നലെ പുലർച്ചെയോടെ വേനൽമഴ പെയ്തത് ഏറെ ആശ്വാസം പകർന്നു.

തീയിടരുതേ

ഉണക്കപ്പുല്ലും കരിയിലകളും ജൈവാവരണങ്ങളാണ്. അതുകത്തിച്ചാൽ മണ്ണിന്റെ വളക്കൂറ് നശിക്കും. വേനലിൽ മണ്ണ് ഉണങ്ങും. നനവില്ലാതാകും. അന്തരീക്ഷത്തിൽ പൊടി പടരും. വേനൽമഴയിൽ ജലം ഭൂമിയിൽ ശേഖരിക്കാനാവില്ല. ബോധവത്കരവും മുൻകരുതലും സ്വീകരിക്കാറുണ്ടെങ്കിലും വേനൽക്കാലമായാൽ വനമേഖലകളിൽ കാട്ടുതീ പടരുന്നതിന് പ്രധാന കാരണം തീയിടുന്നതാണ്. ഉൾക്കാടുകളിലേക്ക് തീ വ്യാപിക്കുന്നതോടെ ജൈവ വൈവിദ്ധ്യമാണ് നശിക്കുന്നത്.

നഗരങ്ങളിലും ഫയർലൈൻ വേണം

കാടുകളിൽ മാത്രമല്ല, ആൾത്തിരക്കുള്ള മാർക്കറ്റുകളിലും നഗരപാതകൾക്ക് സമീപവും മറ്റും ഉണങ്ങിയ പുല്ലുകളും കാടുകളും വെട്ടിയൊതുക്കി തീപിടിത്തം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണം. ഫയർ ഹൈഡ്രന്റുകൾ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ഉണ്ടായാൽ പെട്ടെന്ന് വെള്ളമെടുക്കാനും തീ ഉടനെ നിയന്ത്രണവിധേയമാക്കാനും കഴിയും.

അരുൺ ഭാസ്‌കർ
ജില്ലാ ഫയർ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, FIRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.