SignIn
Kerala Kaumudi Online
Thursday, 18 April 2024 7.12 PM IST

പൂരത്തിന് റെക്കാഡ് ജനമുണ്ടായെങ്കിലും കുറ്റകൃത്യം പൂജ്യമെന്ന് പൊലീസ്

1

തൃശൂർ: തൃശൂർ പൂരത്തിന് റെക്കാഡ് ജനക്കൂട്ടമുണ്ടായെങ്കിലും വലിയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് പൊലീസ്. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഘടിപ്പിച്ചിരുന്ന സി.സി.ടി.വി സംവിധാനം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാൻ സഹായിച്ചുവെന്ന് പൊലീസ് പറയുന്നു.

സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവരുടെ സുരക്ഷിതത്വത്തിന് പ്രാധാന്യം നൽകിയുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്. ഡ്യൂട്ടികൾക്കു വേണ്ടി പത്ത് വീഡിയോകളാണ് തയ്യാറാക്കിയത്. സാമ്പിൾ വെടിക്കെട്ട്, ആനച്ചമയം പ്രദർശനം, ഘടകപൂരങ്ങൾ, തിരുവമ്പാടി വിഭാഗവും മഠത്തിൽ വരവും, പാറമേക്കാവ് വിഭാഗം, ഇലഞ്ഞിത്തറമേളം, കുടമാറ്റം, വെടിക്കെട്ട്, ഉപചാരം ചൊല്ലി പിരിയൽ എന്നിങ്ങനെയായിരുന്നു പത്ത് വീഡിയോകൾ.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഡ്യൂട്ടിക്കായി എത്തിയ പൊലീസുദ്യോഗസ്ഥരുടെ ഔദ്യോഗിക മൊബൈൽ ഫോണുകളിലേക്ക് ഈ വീഡിയോകളുടെ ലിങ്ക് അയച്ചു നൽകി. ഡ്യൂട്ടി നിർവഹിക്കുന്നതിന് മുന്നോടിയായി ഈ വീഡിയോകൾ കണ്ട് കാര്യങ്ങൾ മനസിലാക്കുന്നതിന് പൊലീസിന് സാധിച്ചു. റെക്കാഡ് ജനക്കൂട്ടം എത്തിയിരുന്നുവെങ്കിലും തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ പൊലീസ് ക്രമീകരണങ്ങൾ വിജയിച്ചു. തിക്കിലും തിരക്കിലും പെട്ട് ആർക്കും കാര്യമായ പരിക്കുണ്ടായില്ല. തലകറക്കം അനുഭവപ്പെട്ടവർക്കും ശാരീരിക അവശതകൾ പ്രകടിപ്പിച്ചവർക്കും ഉടൻ തന്നെ വൈദ്യസഹായം എത്തിക്കാൻ കഴിഞ്ഞു.

തേക്കിൻകാട് മൈതാനിയിലും സ്വരാജ് റൗണ്ടിൽ മുഴുവനായും കേൾക്കാവുന്ന മൈക്ക് അനൗൺസ്‌മെന്റ് സിസ്റ്റം പൊലീസിന്റെ ആശയമായിരുന്നു. സാമ്പിൾ വെടിക്കെട്ട് മുതൽ, പ്രധാന വെടിക്കെട്ട് മാറ്റിവച്ചത് ഉൾപ്പെടെയുള്ള തത്സമയ അറിയിപ്പുകളും, വിവരങ്ങളും ജനങ്ങളിലേക്ക് എത്തിച്ചത് കൺട്രോൾ റൂമിനകത്ത് സജ്ജീകരിച്ച പബ്ലിക് അഡ്രസ് സിസ്റ്റം വഴിയായിരുന്നു. അഭ്യൂഹങ്ങൾ പ്രചരിക്കാതിരിക്കുന്നതിനും, കൃത്യമായ വിവരം പൊതുജനങ്ങളിൽ എത്തിക്കാനും സാധിച്ചു. കൂട്ടം തെറ്റിയവരെ കണ്ടെത്തുന്നതിനും ഇതുവഴി സാധിച്ചു.

പിടിയിലായത് മൂന്ന് പോക്കറ്റടിക്കാർ

ജനക്കൂട്ടത്തിനിടയിൽ നിന്നും ഷാഡോ പൊലീസ് പിടികൂടിയത് മൂന്ന് പോക്കറ്റടിക്കാരെ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് പോക്കറ്റടിയും മോഷണവും പതിവാക്കിയ തിരുവനന്തപുരം പാളയം പടിഞ്ഞാറെ കോണിൽ വീട്ടിൽ മുഹമ്മദ് ഹാഷിം (47), കോട്ടയം കുറുവിലങ്ങാട് കളരിക്കൽ ജയൻ (47, ഒല്ലൂർ മടപ്പട്ടുപറമ്പിൽ വേണുഗോപാൽ (52) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 20 മൊബൈൽ ഫോണുകളും, പവർബാങ്കും പിടിച്ചെടുത്തു. ബസുകളിലും മറ്റും യാത്രചെയ്യുന്നവരിൽ നിന്നും, തിരക്കുകൾക്കിടയിലും മോഷണം നടത്തിയതാണ് ഈ മൊബൈൽ ഫോണുകളെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പൂരത്തിന് എത്തിയപ്പോഴേക്കും ഇവർ ഷാഡോ പൊലീസിന്റെ പിടിയിലായിരുന്നു.

പൊലീസ് നിയന്ത്രിച്ചത് ഇങ്ങനെ:

  • ആദ്യം പൊലീസുദ്യോഗസ്ഥർക്ക് ഡ്യൂട്ടി വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി.
  • ഉദ്യോഗസ്ഥർക്കുവേണ്ടി മാത്രമായി പത്ത് വീഡിയോകൾ പ്രദർശിപ്പിച്ചു.
  • നാല് കിലോമീറ്റർ വരെ അകലെയുള്ള ട്രാഫിക് പോയിന്റുകളിലും പിക്കറ്റ് പോസ്റ്റുകളിലുംവിന്യാസം
  • ഇന്റർനെറ്റ് സഹായത്തോടെ എസ്.എം.എസ് സന്ദേശങ്ങളും, ഓട്ടോമാറ്റിക് വാട്‌സ് ആപ്പ് സന്ദേശങ്ങളും
  • രണ്ട് ദിവസം പൊലീസുകാരിലെത്തിയത് 5000 സന്ദേശങ്ങളും പതിനായിരത്തിലേറെ വാട്‌സ് ആപ്പ് സന്ദേശങ്ങളും

റെക്കാഡ് ജനക്കൂട്ടം എത്തിയിട്ടും പൊലീസുദ്യോഗസ്ഥർ കൃത്യമായി ഡ്യൂട്ടി നിർവ്വഹിച്ചതുവഴി തൃശൂർ പൂരത്തിനിടെ യാതൊരു തരത്തിലുള്ള അത്യാഹിതങ്ങളോ കുറ്റകൃത്യങ്ങളോ റിപ്പോർട്ടു ചെയ്യുകയുണ്ടായില്ല. പൂരം ചടങ്ങുകൾ കൃത്യമായി നടത്താൻ സാധിച്ചു. ഉദ്യോഗസ്ഥരുടെ ആത്മാർത്ഥസേവനത്തിന് നന്ദി.

- ആർ. ആദിത്യ, കമ്മിഷണർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.