SignIn
Kerala Kaumudi Online
Friday, 19 April 2024 4.52 AM IST

പരിസ്ഥിതിദിനം പ്ലാസ്റ്റിക്ക് മുക്തമാക്കാം, സഞ്ചി ചലഞ്ചിന് റെഡിയാണോ?

plant

തൃശൂർ: പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് മുൻകാലങ്ങളിൽ സംസ്ഥാനത്ത് പ്രതിവർഷം വിതരണം ചെയ്യാറുള്ളത് ചുരുങ്ങിയത് 54 ലക്ഷത്തോളം വൃക്ഷത്തൈകളാണെന്നാണ് കണക്ക്. എങ്കിൽ, പരിസ്ഥിതിദിനത്തിൽ മാത്രം, മണ്ണിലേക്ക് എത്തിചേരുന്ന പ്ലാസ്റ്റിക്ക് മാലിന്യം എത്രയുണ്ടാകും?

നഴ്‌സറികളിൽ നിന്നും മറ്റുമായി ദിനംപ്രതിയെത്തുന്ന വൃക്ഷത്തൈകളും ചെടികളും വേറെയും. വർഷം 23 കോടി വൃക്ഷത്തൈകളുടെ വിതരണത്തിലൂടെ 13,300 ക്വിന്റൽ പ്ലാസ്റ്റിക്ക് കവറുകൾ മണ്ണിലെത്തുന്നുണ്ടെന്നാണ് നിഗമനം. അതിനാൽ പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് പ്ളാസ്റ്റിക് വിമുക്തമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി, സ്കൂളുകളിലേക്ക് ചെടികൾ പ്ളാസ്റ്റിക് കവറിൽ കൊണ്ടുവരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ്. വിവിധ സംഘടനകളും ഇതിനുള്ള ഒരുക്കങ്ങളിലാണ്. തുണിസഞ്ചി അല്ലെങ്കിൽ പേപ്പർ ബാഗ് സ്വയം നിർമ്മിക്കുകയും വിതരണം ചെയ്യുകയും വേണമെന്ന സന്ദേശത്തോടൊപ്പം ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് ഓട് കൂടി പോസ്റ്റ്‌ ചെയ്യാനുളള നിർദ്ദേശവുമായാണ് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതിദിനാചരണം.

പ്ലാസ്റ്റിക് ഒഴിവാക്കാം ഹാഷ് ടാഗ് !

വിത്തുകൾ മുളപ്പിക്കുന്നതിനും ചെടികൾ കൊണ്ടുപോകുന്നതിനും തുണിസഞ്ചിയോ പേപ്പർ ബാഗോ തന്നെ വേണമെന്ന സന്ദേശം നൽകിയാണ് അസോസിയേഷന്റെ 'സഞ്ചിചലഞ്ച്'. പൊതുജനങ്ങൾക്ക് ചിത്രം സഹിതം സോഷ്യൽ മീഡിയയിൽ #sanjichallenge #amaithrissur എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യാം. ചെടികൾ നട്ടാൽ മാത്രം പോരാ, സംരക്ഷിക്കണമെന്നതും പ്രധാനമാണെന്നതിനാൽ, അത്തരത്തിലുള്ള ഇടപെടലുകളുടെ ചിത്രങ്ങളും #amaithrissur എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്യാം. പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും സംബന്ധിച്ച് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഔഷധോദ്യാനം, ക്ലാസുകൾ, തുടങ്ങിയ പ്രവർത്തനങ്ങളും അത് സംബന്ധിച്ച ഫോട്ടോകളും #കളിമുറ്റംആരോഗ്യമുറ്റം #amaithrissur എന്ന ഹാഷ്ടാഗോടു കൂടി പ്രചരിപ്പിക്കാം.

പാഴ്‌ചെടിയും വിഭവം

തൊടികളിലെ പാഴ്‌ചെടികളെ പരിസ്ഥിതിദിനങ്ങളിൽ നീക്കം ചെയ്യാതെ അതുകൊണ്ടുള്ള ആഹാരവിഭവങ്ങൾ തയ്യാറാക്കുന്ന പാചകമത്സരവുമുണ്ട്. 3 മിനുറ്റിൽ താഴെയുളള വീഡിയോ ജൂൺ 10 നകം thrissuramai@gmail.com എന്ന വിലാസത്തിൽ അയക്കണം. ആയുർവേദ ഡോക്ടർമാർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. പകർച്ചവ്യാധി പ്രതിരോധ അവബോധം സൃഷ്ടിക്കുന്ന ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയവയുമുണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. നേത്രദാസ്, സെക്രട്ടറി കെ.ആർ. ഹേമമാലിനി എന്നിവർ അറിയിച്ചു.

അഗ്രോ സഞ്ചികൾ പരീക്ഷിക്കാം

പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം ഖാദിയുടെ പ്രത്യേകതരം ഡിറ്റി കോറ തുണികൊണ്ടുള്ള അഗ്രോ സഞ്ചികൾ എന്ന ബദൽ കണ്ണൂരിലും മറ്റും അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടപ്പാക്കിയിരുന്നു. ഇത്തരം സഞ്ചികളിലാക്കി വിതരണം ചെയ്യുന്ന ചെടികൾ മണ്ണിൽ തൽസ്ഥിതിയിൽതന്നെ നടാം. ഈ കവറുകൾ മണ്ണുമായി ലയിച്ച് ജൈവ വളമാകും. ഇങ്ങനെ പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള സാദ്ധ്യതകളാണ് ഡിറ്റി കോറ ബാഗുകൾ തുറന്നു വയ്ക്കുന്നത്. ഒരു വർഷം മുതൽ ഒന്നര വർഷം വരെ ഇവ മണ്ണുമായും ജലവുമായും സമ്പർക്കം പുലർത്തും. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം ഖാദി തൊഴിലാളികൾക്ക് വരുമാനവുമാകും.

പരിസ്ഥിതിദിനാചരണം പ്‌ളാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി കൃഷിവകുപ്പുമായി ഇടപെടൽ നടത്തുന്നുണ്ട്.
- ടി.വി. മദനമോഹനൻ, ഡി.ഡി.ഇ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.