SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.19 AM IST

അറിവിൻ്റെ ആനന്ദദീപം കൊളുത്തി അക്ഷരമുറ്റത്ത് ആയിരങ്ങൾ...

bindu
ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിൽ ഉപജില്ലാ തല പ്രവേശനോത്സവത്തിൽ മന്ത്രി ആർ. ബിന്ദുവിനെ പനിനീർപുഷ്പം നൽകി സ്വീകരിക്കുന്ന വിദ്യാർത്ഥിനി

തൃശൂർ: കൊവിഡ് മഹാമാരിയിൽ നിന്ന് ആർജിച്ചെടുത്ത അതിജീവനത്തിന്റെ പാഠങ്ങളുമായി അദ്ധ്യയന വർഷത്തിന്റെ പുത്തൻ പുലരിയിലേക്ക് പ്രവേശിച്ച് കുരുന്നുകൾ. ജില്ലയിൽ ഒന്നാം ക്‌ളാസുകളിലേക്ക് പടികടന്നെത്തിയത്, 23549 പേർ. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന്റെയും വിവിധ വിദ്യാഭ്യാസ ഏജൻസികളുടെയും പങ്കാളിത്തത്തോടെ നാടിന്റെ ഉത്സവമായാണ് ഈ അദ്ധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം പട്ടിക്കാട് ജി.എൽ.പി സ്‌കൂളിൽ നടത്തിയത്.

പ്രശസ്ത വാദ്യകലാകാരൻ പെരുവനം കുട്ടൻമാരാരുടെ മേളം സദസിനെ ചടുലമാക്കി. സിനി ആർട്ടിസ്റ്റ് കാർത്തിക വെള്ളത്തേരി തന്റെ വിദ്യാലയ അനുഭവങ്ങൾ പങ്കുവെച്ചു. ഗവ. എൽ.പി.എസ് കലാവിഭാഗത്തിലെ കുഞ്ഞുങ്ങൾ അവതരിപ്പിച്ച സ്വാഗത നൃത്തത്തോടെയാണ് ജില്ലാതല പ്രവേശനോത്സവ ചടങ്ങുകൾക്ക് തുടക്കമായത്. പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച എയറോബിക്‌സ് നൃത്തവും ചടങ്ങിന് മാറ്റുകൂട്ടി.

ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും 86 ഗ്രാമപഞ്ചായത്ത്, 7 നഗരസഭകൾ, കോർപറേഷൻ, ആയിരത്തോളം വിദ്യാലയങ്ങളിലും വിപുലമായി പ്രവേശനോത്സവങ്ങൾ നടന്നു. പ്രീപ്രൈറി, എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 1500 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും അദ്ധ്യാപകരും നാട്ടുകാരുമാണ് ജില്ലാ പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.

ആനയില്ലാതെന്ത് ഉത്സവം

കൊക്കാല സെന്റ് ആഗസ്റ്റിൻ കോൺവെന്റ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം കൊഴുപ്പിക്കാനായി ഫൈബർ ആനയെയും എത്തിച്ചു. ഫൈബർ ആന മാത്രമല്ല, ചെണ്ട മേളവും ഉണ്ടായിരുന്നു. നൂറാം വയസിലേക്ക് കടക്കുന്ന കൊക്കാല സെന്റ് ആഗസ്റ്റീൻ കോൺവെന്റ് എൽ.പി സ്കൂളിൽ 34 വർഷം പഠിപ്പിച്ച് വിരമിച്ച അദ്ധ്യാപിക നസീം ബായിയും എത്തിയിരുന്നു. വാർഡ് കൗൺസിലർ മുകേഷ് കൂളപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്‌കൂൾ കെട്ടിടത്തിന് 2 കോടി; ഓർമ്മകളുമായി മന്ത്രിയും

ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്‌കൂളിന് പ്രവേശനോത്സവ സമ്മാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു. സ്‌കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഗവ. ഗേൾസ് ഹൈസ്‌കൂളിൽ നടന്ന ഇരിങ്ങാലക്കുട ഉപജില്ലാതല പ്രവേശനോത്സവ വേദിയിലാണ് മന്ത്രി തുക പ്രഖ്യാപിച്ചത്. സ്‌കൂളിലെ നിലവിലുള്ള നാലുകെട്ടിന്റെ പുരാവസ്തുമൂല്യം പരമാവധി സംരക്ഷിച്ചു കൊണ്ടാകും നിർമ്മാണമെന്നും മന്ത്രി അറിയിച്ചു.

വിദ്യാലയ ഓർമ്മകൾ ചടങ്ങിൽ പങ്കുവെയ്ക്കാനും മന്ത്രി മറന്നില്ല. താൻ പഠിച്ച വിദ്യാലയം സ്‌നേഹം നിലനിറുത്തുന്ന അന്തരീക്ഷമുള്ളതായിരുന്നുവെന്ന് പറഞ്ഞ മന്ത്രി മനുഷ്യത്വം ഉള്ളവരായി വളരാൻ പഠിപ്പിച്ചതും വിദ്യാലയമായിരുന്നെന്ന് കൂട്ടിച്ചേർത്തു. പ്രവേശനോത്സവം അക്ഷരത്തിരി കൊളുത്തി മന്ത്രി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായുള്ള പ്രതിജ്ഞയും സ്‌കൂളിലെ കുട്ടികൾ തയ്യാറാക്കിയ പത്രമായ ധ്വനിയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്‌സൺ സോണിയ ഗിരി അദ്ധ്യക്ഷയായി.

മുൻ എം.പിയും നടനുമായ ഇന്നസെന്റ് മുഖ്യാതിഥിയായിരുന്നു. മുൻസിപ്പൽ വൈസ് ചെയർമാൻ ടി.വി. ചാർലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.ഡി. സുരേഷ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.സി. നിഷ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി. ജോൺ , വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.ആർ. ഹേന , ബി.പി.സി ഇരിങ്ങാലക്കുട വി.ബി. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.