ഗുരുവായൂർ : ലേലത്തെ തുടർന്ന് വിവാദത്തിലായ ഗുരുവായൂർ ക്ഷേത്രത്തിന്റെ മഹീന്ദ്ര ഥാർ പുനർലേലം ചെയ്യുന്നു. ഈ മാസം ആറിന് രാവിലെ 11 ന് തെക്കുഭാഗത്തെ പന്തലിലാണ് ലേലം നടക്കുക. കഴിഞ്ഞ ഡിസംബർ നാലിന് മഹീന്ദ്ര ഗ്രൂപ്പ് വഴിപാടായി നൽകിയ ഥാർ ഡിസംബർ 18 ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ലേലം ചെയ്തിരുന്നു. കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലി 15.10 ലക്ഷത്തിന് കാർ ലേലത്തിൽ പിടിച്ചിരുന്നു.
ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചായിരുന്നു ലേലം. അമൽ മുഹമ്മദിനായി ലേലത്തിൽ പങ്കെടുത്ത സുഭാഷ് പണിക്കർ 10,000 രൂപ ഉയർത്തി ലേലം വിളിക്കുകയായിരുന്നു. ഇതിനിടെ ലേലം ശരിയായ രീതിയിലല്ല നടന്നതെന്ന് ആരോപിച്ച് പരാതികൾ ഉയരുകയും ഹിന്ദു സേവാ സമിതി ഹൈക്കോടതിയിൽ പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്ന് ഇരുകക്ഷികളുമായി കൂടിക്കാഴ്ച നടത്തി തീരുമാനമെടുക്കാൻ ദേവസ്വം കമ്മിഷണറോട് കോടതി നിർദേശിച്ചു. തുടർന്ന് ദേവസ്വം കമ്മിഷണർ വീണ്ടും ലേലം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇത്തവണ ലേലം വിളിക്കുന്നതിന് മുന്നോടിയായി കൂടുതൽ പ്രചാരണം നൽകിയിട്ടുണ്ട്. ലേലത്തിന് പുറമെ ടെൻഡറുമുണ്ട്. ഗുരുവായൂർ ദേവസ്വം ജീവനക്കാരൊഴികെ നിരതദ്രവ്യം അടവാക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാനാകൂ. നാൽപതിനായിരം രൂപയാണ് നിരതദ്രവ്യം. തിങ്കളാഴ്ച രാവിലെ പത്തര മണി വരെ ദേവസ്വം ഓഫീസ് തപാൽ വിഭാഗം ടെൻഡർ സ്വീകരിക്കും. 11 ന് തെക്കേ നടപന്തലിൽ വെച്ച് ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ ആദ്യ ലേലം നടത്തും. വിശദ വിവരങ്ങൾക്ക് ഫോൺ : 0487 2556335.
ചിട്ടി ഫോർമെൻസ് അസോ. രജത ജൂബിലി 4 ന്
തൃശൂർ: ഓൾ കേരള ചിട്ടി ഫോർമെൻസ് അസോസിയേഷന്റെ ഒരു വർഷം നീണ്ട രജത ജൂബിലി ആഘോഷങ്ങൾക്ക് 4 ന് സാഹിത്യ അക്കാഡമി ഓഡിറ്റോറിയത്തിൽ തിരിതെളിയും. 'ചിട്ടി വ്യവസായത്തിൽ തുല്ല്യ നീതി' എന്നതിലൂന്നിയാണ് പരിപാടികൾ രൂപകൽപന ചെയ്തിരിക്കുന്നത്. മന്ത്രി അഡ്വ.കെ.രാജൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സ്ഥാപക അംഗങ്ങളെ പി.ബാലചന്ദ്രൻ എം.എൽ.എ ആദരിക്കും.
ഹെൽപ്പ് ഡെസ്ക് കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചിട്ടി നടത്തിപ്പിന്റെ കൈപ്പുസ്തകം സനീഷ് കുമാർ ജോസഫ് എം.എൽ.എ. പ്രകാശനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സപ്ലിമെന്റ് ആൾ കേരള അസോസിയേഷൻ ഒഫ് ചിറ്റ് ഫണ്ട്സ് ചെയർമാൻ ഗീവർഗീസ് ബാബു പ്രകാശിപ്പിക്കുമെന്നും ചെയർമാൻ ഡേവിഡ് കണ്ണനായ്ക്കൽ, ജനറൽ സെക്രട്ടറി വി.ടി.ജോർജ്ജ്, വൈസ് ചെയർമാൻ ബേബി മൂക്കൻ, സി.എൽ.ഇഗ്നേഷ്യസ്, കെ.വി.ശിവകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |