SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.25 PM IST

മുഖം മിനുക്കി ബീച്ച് ടൂറിസം: വിനോദസഞ്ചാരത്തിന് വഴിതുറന്ന് ചാവക്കാട്

chavakkad-beach-
ചാവക്കാട് ബീച്ച്

തൃശൂർ: പ്രകൃതി സൗഹൃദമാക്കിയും വിനോദസഞ്ചാര സാദ്ധ്യത വർദ്ധിപ്പിച്ചും തൊഴിൽ അവസരങ്ങൾക്ക് വഴി തുറന്നും ബീച്ച് ടൂറിസം മുഖം മിനുക്കുന്നു. കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന കടൽത്തീരം കൂടിയായ ചാവക്കാട് ബീച്ചിൽ, രണ്ടാം ഘട്ട വികസന പദ്ധതികൾ നടപ്പിലാക്കി. കുട്ടികൾക്കായുള്ള വിശാലമായ ചിൽഡ്രൻസ് പാർക്കാണ് മുഖ്യആകർഷണം.

ബീച്ചിൽ എത്തുന്ന കുരുന്നുകൾക്ക് ഏറെ കൗതുകമുണർത്തുന്ന ചിൽഡ്രൻസ് പാർക്കിൽ ഊഞ്ഞാൽ, സ്ലൈഡ് തുടങ്ങിയവയും ഇരിപ്പിടത്തിനായി വിശാലമായ ഗ്യാലറിയും സജ്ജീകരിച്ചു. ആധുനികരീതിയിലുള്ള ടോയ്‌ലെറ്റ് ബ്ലോക്കും നിലവിലെ ടോയ്‌ലറ്റിന്റെ അറ്റകുറ്റപ്പണികളും പൂർത്തീകരിച്ചു.

വാണിജ്യവിപണനത്തിനും ലഘു ഭക്ഷണശാലയ്ക്കുമായി ഒരു ബ്ലോക്കിൽ അഞ്ച് ഷോപ്പുകൾ ഒരുക്കി. വിനോദ സഞ്ചാരികൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഒട്ടേറെ തൊഴിൽ സാദ്ധ്യതകൾക്കും ബീച്ച് ടൂറിസം വഴിയൊരുക്കുന്നുണ്ട്.

ജൈവമാലിന്യത്തെ വളമാക്കാനായി തുമ്പൂർമുഴി മാതൃകയിൽ വേസ്റ്റ് കമ്പോസ്റ്റ് യൂണിറ്റും അജൈവ മാലിന്യം നിക്ഷേപിക്കാൻ വേസ്റ്റ് കളക്‌ഷൻ സെന്ററുമുണ്ട്. ജലം പാഴാക്കാതിരിക്കാൻ മഴവെള്ള സംഭരണ ടാങ്കും കുടിവെള്ള ലഭ്യതയ്ക്കായി വാട്ടർ കിയോക്‌സും തയ്യാറാക്കിയിട്ടുണ്ട്.

കുടുംബത്തോടൊപ്പം സായാഹ്നം ചെലവഴിക്കാൻ എത്തുന്നവർക്ക് മഴയും വെയിലും ഏൽക്കാതെ കടൽ തീരം ആസ്വദിക്കാൻ കഴിയുന്ന ഇരിപ്പിടങ്ങൾ, വിളക്കുകൾ എന്നിവയെല്ലാം ടൂറിസത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. നിർമ്മിതി കേന്ദ്രത്തിനായിരുന്നു രണ്ടാം ഘട്ട നിർമ്മാണച്ചുമതല.

ഗുരുവായൂർ തീർത്ഥാടകരും...

ഭക്തലക്ഷങ്ങളെത്തുന്ന വിശ്വപ്രസിദ്ധമായ ഗുരുവായൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ മാത്രം അകലെയാണ് ചാവക്കാട് ബീച്ച്. തീർത്ഥാടകർക്കും ഏറെ പ്രിയപ്പെട്ട സഞ്ചാര മേഖല കൂടിയാണിത്. ചാവക്കാട് കടപ്പുറത്ത് നിന്നും ഒന്നരക്കിലോമീറ്റർ അകലെയുള്ള കടലിന്റെയും നദിയുടെയും സംഗമമായ അഴിമുഖവും ഇവിടുത്തെ സവിശേഷതയാണ്.

പ്രകൃതിസൗഹൃദം

തീരം കടലെടുത്തുപോകാതെ കാക്കാൻ 'കരിമ്പന പ്രതിരോധം' പരീക്ഷിക്കുന്നതും ചാവക്കാട് കടപ്പുറത്താണ്. കഴിഞ്ഞദിവസം കേരളകൗമുദി ഇത് റിപ്പോർട്ട് ചെയ്തിരുന്നു. വനം വന്യജീവി വകുപ്പും സോഷ്യൽ ഫോറസ്ട്രി വിഭാഗവും പഞ്ചവടി കടപ്പുറത്ത് 300 വിത്തുകൾ പാകിയാണ് തുടക്കമിട്ടത്. ആഴത്തിലുള്ള നാരുവേര് പടലമുള്ളതിനാൽ കരിമ്പനയ്ക്ക് മണ്ണൊലിച്ചുപോകാതെ നിറുത്താനാകും. ജൂലായിൽ വനമഹോത്സവവുമായി ബന്ധപ്പെട്ട് ബ്ലാങ്ങാട്, കടപ്പുറം ഭാഗങ്ങളിൽ കൂടുതൽ കരിമ്പനവിത്തുകൾ നടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.