നെന്മണിക്കര: ശ്രീമഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച അഗ്രശാല സമർപ്പിച്ചു. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ അഗ്രശാല സമർപ്പണം നിർവഹിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ പീതാംബരൻ തെനഞ്ചേരി അദ്ധ്യക്ഷനായിരുന്നു. ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ക്ഷേത്രം തന്ത്രി വടക്കേടത്ത് ഹരി നമ്പൂതിരി, നിർമ്മാണ കമ്മിറ്റി വൈസ് ചെയർമാൻ വി.ആർ. സുരേഷ്, കൺവീനർ സുരേഷ്ബാബു ചീനപ്പിള്ളി, നെന്മണിക്കര ദേവസ്വം പ്രസിഡന്റ് കുണ്ടായിൽ ഗോപാലൻ, സെക്രട്ടറി മോഹനകൃഷ്ണൻ തയ്യിൽ, ഗ്രാമപഞ്ചായത്തംഗം ബിന്ദു ശശീന്ദ്രൻ, കുണ്ടുകാവ് ദേവസ്വം പ്രസിഡന്റ് സി. മുരളി, ക്ഷേത്രം മേൽശാന്തി മനോഹരൻ, നന്ദഗോപൻ മാനസ, ഉണ്ണിക്കൃഷ്ണൻ പള്ളിപ്പാമഠം എന്നിവർ പ്രസംഗിച്ചു. ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിനും ഇന്നലെ തുടക്കമായി. മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ജൂലായ് 10 ന് പ്രതിഷ്ഠാദിന ആഘോഷവും നടക്കും.
കെ. കരുണാകരൻ ജന്മദിനം: സെമിനാർ 5 ന്
തൃശൂർ: മുൻമുഖ്യമന്ത്രി കെ.കരുണാകരന്റെ ജന്മദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ സെമിനാർ ഡോ.എം.പി.അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അറിയിച്ചു. 5 ന് വൈകിട്ട് 3 ന് കെ കരുണാകരൻ സപ്തതി മന്ദിരം ഓഡിറ്റോറിയത്തിൽ 'മതേതര ജനാധിപത്യം സമകാലിക ഇന്ത്യയിൽ' എന്ന വിഷയത്തെക്കുറിച്ച് നടക്കുന്ന സെമിനാറിന് ടി.എൻ പ്രതാപൻ എം.പി, രമ്യ ഹരിദാസ് എം.പി, സനീഷ് കുമാർ ജോസഫ് എം.എൽ.എ, ഡോ.പി.വി കൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം കൊടുക്കും.
തെരുവുനായ അക്രമം: ഇന്ന് സമരം
തൃശൂർ: തെരുവുനായ്ക്കളുടെ ശല്യം കൂടി വരുമ്പോൾ ഭരണസമിതി അനാസ്ഥ പുലർത്തുകയാണെന്ന് ആരോപിച്ച് ഇന്ന് രാവിലെ 10ന് കോർപറേഷന്റെ മുന്നിൽ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാരുടെ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |