പാവറട്ടി: ഇന്ത്യൻ ഭരണഘടനാ ശിൽപ്പി ഡോ.ബി.ആർ.അംബേദ്കറെ നിയമസഭയിൽ അവഹേളിച്ച മുരളി പെരുനെല്ലി എം.എൽ.എ പരസ്യമായി മാപ്പ് പറഞ്ഞ് സ്ഥാനം രാജിവയ്ക്കണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി.ശ്രീകുമാർ ആവശ്യപ്പെട്ടു. ഭരണഘടനയോട് നിർവ്യാജമായ കൂറും വിശ്വസ്തതയും പുലർത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത നിയമസഭാംഗം തന്നെ നിയമസഭയിലെ ചർച്ചാവേളയിൽ ഭരണഘടനാ ശിൽപ്പിയെ തകർന്ന ബീമിനോട് ഉപമിച്ച് അപമാനിച്ചെന്നും അതിനാൽ എം.എൽ.എ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും ശ്രീകുമാർ പറഞ്ഞു. മണലൂർ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂവത്തൂരിലുള്ള മുരളി പെരുനെല്ലി എം.എൽ.എയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാർ. പൂവത്തൂർ ബസ് സ്റ്റാൻഡിന് സമീപം പൊലീസ് മാർച്ച് തടഞ്ഞു. പ്രകടനക്കാർ മുരളി പെരുനെല്ലിയുടെ കോലം കത്തിച്ചു. പാവറട്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ടി.സ്റ്റീഫൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.കെ.രാജൻ, വി.ജി.അശോകൻ, ഹാഷിം, വിമൽ, സി.ജെ.സ്റ്റാൻലി, എൻ.എ.നൗഷാദ്, ഒ.ജെ.ഷാജൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
പി.എ.ബാലൻ മാസ്റ്റർ അനുസ്മരണം 10 ന്
തൃശൂർ: കേരള പ്രദേശ് കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മിൽമയുടെ ചെയർമാനുമായിരുന്ന പി.എ.ബാലൻ മാസ്റ്റർ ഒന്നാം ചരമവാർഷികമായ 10 ന് രാവിലെ പത്തിന് തൃശൂർ ഡി.സി.സി ഹാളിൽ അനുസ്മരണ സമ്മേളനം നടത്തും. മുൻ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി അദ്ധ്യക്ഷത വഹിക്കും. മികച്ച കർഷകരെ ആദരിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.പി.വിശ്വനാഥൻ, ജോസ് കാട്ടൂക്കാരൻ, എൻ.എം.ബാലകൃഷ്ണൻ, കെ.സി.വിജയൻ, ജോർജ്ജ് കൊട്ടാരം, അഡ്വ.എം.എ.കൃഷ്ണനുണ്ണി, ടി.കെ.ദേവസി എന്നിവരെ ആദരിക്കും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് രവി പോലുവളപ്പിൽ, ജില്ലാ സെക്രട്ടറിമാരായ റാഫേൽ പൊന്നാരി, കെ.എൻ.ഗോവിന്ദൻകുട്ടി, മനോജ് ഭാസ്ക്കരൻ, ജ്യോതിബാസു എന്നിവർ പങ്കെടുത്തു.
ഡോ.ബി.ഷീല മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
തൃശൂർ : തൃശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ.ബി.ഷീലയെ നിയമിച്ചു. ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്നു. നിലവിൽ പ്രിൻസിപ്പലായിരുന്ന ഡോ.പ്രതാപ് സോംനാഥ് കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് ഡോ.ഷീലയെ നിയമിച്ചത്. മെഡിക്കൽ കോളേജിലെ മുൻ അനാട്ടമി വിഭാഗം മേധാവിയായിരുന്നു. തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |