മതിലകം : കായകൽപ്പം സംസ്ഥാന പുരസ്കാരം നേടിയ പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയും ജില്ലാതലത്തിൽ ഒന്നാമതെത്തിയ മാടവന കുടുംബാരോഗ്യകേന്ദ്രത്തിലേയും ആരോഗ്യപ്രവർത്തകരെ ഇന്ന് ഉച്ചയ്ക്ക് 2.30ന് ശ്രീനാരായണപുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ ആദരിക്കും. മന്ത്രി കെ.രാധാകൃഷ്ണൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ എന്നിവർ പങ്കെടുക്കും. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ളതാണ് പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം. മാടവന കുടുംബാരോഗ്യ കേന്ദ്രത്തിന് ജില്ലയിൽ ഒന്നാം സ്ഥാനമാണ് ലഭിച്ചത്. ആശുപത്രി പരിപാലനം, ശുചിത്വം, മാലിന്യസംസ്കരണം, അണുബാധ നിയന്ത്രണം, പരിസ്ഥിതി സൗഹൃദം, ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന് സമൂഹത്തിൽ നടത്തുന്ന പ്രവർത്തനം തുടങ്ങി ഘടകങ്ങളെ വിലയിരുത്തിയാണ് അവാർഡ്. 91.29 മാർക്ക് നേടിയാണ് സാമൂഹികാരോഗ്യകേന്ദ്രം പെരിഞ്ഞനം സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയത്. കുടുംബാരോഗ്യകേന്ദ്രം മാടവന 96.75 മാർക്ക് നേടി. ആദ്യമായി ഐ.എസ്.ഒ 9001 - 2015 നേടിയ ആദ്യത്തെ സാമൂഹിക ആരോഗ്യകേന്ദ്രം പെരിഞ്ഞനവും ആദ്യത്തെ കുടുംബാരോഗ്യകേന്ദ്രം മാടവനയുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |