തൃശൂർ: ശ്രീനാരായണഗുരുദേവൻ ഉന്നയിച്ച എല്ലാ വിഷയങ്ങളും വചനങ്ങളും ഇക്കാലത്ത് മാത്രമല്ല, ലോകം ഉളളിടത്തോളം പ്രസക്തമാണെന്ന് റവന്യൂമന്ത്രി കെ. രാജൻ. കൂർക്കഞ്ചേരി എസ്.എൻ.ബി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീ മാഹേശ്വരക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവ മഹാസമാധി ദിനത്തിന്റെ ഭാഗമായി സമൂഹസദ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പിള്ളി അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ, പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ, ഗുരുവായൂർ ദേവസ്വം മുൻ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് എന്നിവർ വിശിഷ്ടാതിഥികളായി. യോഗം കൗൺസിലർ രാജൻ മഞ്ചേരി പ്രഭാഷണം നടത്തി. ഡോ. കെ.സി. പ്രകാശൻ, കൗൺസിലർ മുകേഷ് കുളപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറി മുകുന്ദൻ കുരുമ്പേപ്പറമ്പിൽ സ്വാഗതവും ട്രഷറർ പ്രസാദ് പരാരത്ത് നന്ദിയും പറഞ്ഞു. ഭരണസമിതി അംഗങ്ങളായ വിനേഷ് തയ്യിൽ, കെ.കെ. ജയൻ, ഉൻമേഷ് പാറയിൽ, കെ.ആർ. മോഹനൻ, പി.ബി. അനൂപ് കുമാർ, സുനിൽകുമാർ പയ്യപ്പാടൻ, കെ.വി. ജിനേഷ്, കെ.പി. പ്രസന്നൻ, സന്തോഷ് കിളവൻപറമ്പിൽ, കെ.കെ. പ്രകാശൻ, ടി.ആർ. രഞ്ജു, ശ്രീനാരായണസേവാ സമാജം അംഗങ്ങൾ, മാതൃസമിതി അംഗങ്ങൾ, യോഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. 10.30 മുതൽ തുടങ്ങിയ സമൂഹസദ്യയിൽ പന്ത്രണ്ടായിരത്തിലേറെപ്പേർ പങ്കെടുത്തു. ഗുരുദേവന്റെ സമാധി സമയമായ വൈകിട്ട് 3.30ന് പർണശാലയിൽ പീതപതാക ഇറക്കി സമൂഹ പ്രാർത്ഥന നടത്തി.
'സ്നേഹം കൊണ്ട് കീഴടക്കണമെന്ന അറിവ് നൽകിയത് ഗുരുദേവൻ"
തൃശൂർ: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച വലിയ ഗുണം അറിവിന്റെ പ്രാധാന്യമാണെന്നും ജീവിതവിജയത്തിന് അതാണ് കാരണമായതെന്നും ബോബി ചെമ്മണ്ണൂർ. എസ്.എൻ.ബി.പി യോഗം ശ്രീമാഹേശ്വര ക്ഷേത്രത്തിൽ മഹാസമാധി ദിനത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹം കൊണ്ട് ലോകം കീഴടക്കൂവെന്ന എന്ന തന്റെ മുദ്രാവാക്യത്തിനുള്ള അറിവ് പകർന്നുതന്നത് ഗുരുദേവദർശനങ്ങളാണ്. അറിവിലൂടെയാണ് എല്ലാം സാദ്ധ്യമാകുക. വ്യക്തിയും രാജ്യവും പ്രസ്ഥാനവുമെല്ലാം വളരണമെങ്കിൽ അറിവാണ് പ്രധാനം. ജാതിമത ഭേദങ്ങൾക്ക് അതീതമായി ചിന്തിക്കാനും അറിവ് വേണം. സേവനവും കാരുണ്യവുമാണ് ശരിയായ സന്തോഷം കണ്ടെത്താൻ സഹായിക്കുന്നതെന്നും വലിയവനും ചെറിയവനുമെന്ന് ചിന്തിക്കാതെ സ്നേഹിക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സമൂഹസദ്യയിൽ നിരവധി പേർക്ക് ചോറു വിളമ്പിയ ശേഷം സദ്യയുണ്ടാണ് ബോബി മടങ്ങിയത്. മന്ത്രി കെ. രാജനും സമൂഹസദ്യയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |