തൃശൂർ: പ്രായം എഴുപത്തിയഞ്ച് പിന്നിട്ടെങ്കിലും കടവല്ലൂർ കൊട്ടാപ്പുറത്ത് വീട്ടിൽ ദേവയാനി, തൊഴിലുറപ്പിന് ഇറങ്ങിയാൽ ക്ഷീണമേ മറക്കും. 2011ൽ അദ്യമായി തൊഴിലുറപ്പിന് ഇറങ്ങിയ അതേ ആവേശത്തോടെ ഇന്നും തൊഴിലെടുക്കുന്നു. 11 കൊല്ലം തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച് മുന്നേറുകയാണ് ദേവയാനി. അങ്ങനെ എല്ലാ വർഷവും നൂറ് ദിനം പൂർത്തീകരിച്ചു. വൃക്ഷത്തൈ വച്ചുപിടിപ്പിക്കൽ, റോഡ് കോൺക്രീറ്റ്, തോട് നവീകരണം, ഭൂവികസന, മണ്ണ് സംരക്ഷണ പ്രവർത്തനം തുടങ്ങി എല്ലാ പ്രവൃത്തികളിലും മികവ് തെളിയിച്ചു. പ്രായത്തിന്റെ അവശത തൊഴിലിൽ പ്രകടമാക്കാത്ത ദേവയാനി മറ്റുള്ളവർക്കും മാതൃകയാണ്. 30 വർഷം മുൻപ് ഭർത്താവ് പറങ്ങു മരിച്ച ശേഷം കരിങ്കല്ലേറ്റിയും വീട്ടുപണി ചെയ്തുമാണ് ഇവർ കുടുംബം പുലർത്തിയത്. പിന്നീട് തൊഴിലുറപ്പ് പദ്ധതിയിൽ അംഗമായി. വേലായുധൻ, ഹരിദാസൻ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |