SignIn
Kerala Kaumudi Online
Saturday, 20 April 2024 9.15 AM IST

വികസന കടാക്ഷത്തിന് കാത്ത് കുറുമാലിക്കാവ്

hall

പുതുക്കാട്: വിപണി വില പ്രകാരം കോടികളുടെ വിലമതിക്കുന്ന ആറ് ഏക്കറോളം ഭൂമിയാണ് കുറുമാലിക്കാവ് ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തുള്ളത്. 50 വർഷം മുമ്പ് പുഴയ്ക്ക് കുറുകെ പുതിയ പാലവും പുതിയ റോഡും വന്നതോടെ ക്ഷേത്ര ഭൂമി രണ്ടായി. പാതയുടെ പടിഞ്ഞാറ് വശത്തെ ഭൂമി അനാഥവുമായി. ശബരിമല തീർത്ഥാടകരെ കൂടാതെ ഒട്ടേറെ ടൂറിസ്റ്റ് വാഹനങ്ങളും പാർക്ക് ചെയ്യാനെത്തും. ദേവസ്വം പാർക്കിംഗ് ഫീസും ഈടാക്കും. പലരും മദ്യപാനം ഉൾപ്പെടെ ഇവിടെ നടത്തും. മാസത്തിൽ 25 മുതൽ 30 വരെ വിവാഹം ക്ഷേത്രത്തിൽ നടന്നിരുന്നു. വൃത്തിയും സൗകര്യവുമുള്ള ഒരു ഹാൾ ഉണ്ടായാൽ ഇനിയും വിവാഹങ്ങൾ നടക്കും. പുതിയ ഹാൾ നാട്ടുകാരുടെ ആവശ്യമാണ്. നിലവിലുള്ള ഹാളിനോട് ചേർന്നുള്ള വരാന്തയിലാണ് അയ്യപ്പഭക്തരും വിശ്രമിക്കുന്നതും. എന്താവശ്യപെട്ടാലും ഉപദേശകസമിതിയോട് നിർമ്മിക്കാനാണ് ബോർഡ് പറയുന്നത്. എന്നാൽ സമിതിയുടെ കാലാവധി തീർന്നെങ്കിലും പുതിയത് രൂപീകരിക്കാൻ താൽപര്യമില്ല. കിഴക്കും, പടിഞ്ഞാറും നടകളിൽ നടപ്പുര നിർമ്മിക്കൽ, പടിഞ്ഞാറെ നടയിലെ ചെളി ഒഴിവാക്കാൻ ടൈല് വിരിക്കൽ, നാലമ്പലത്തിനുള്ളിൽ കരിങ്കൽ വിരിക്കൽ എല്ലാം ചെയ്തത് ഉപദേശക സമിതിയാണ്. കുംഭ ഭരണിക്കും ചെലവഴിക്കുന്നത് ഉപദേശക സമിതിയാണ്. അതും നാട്ടുകാരിൽ നിന്നും സംഭാവന പിരിച്ച്. പൂരങ്ങളും വേലകളികളും ഇരുപത്തിഅഞ്ചോളം ഗജവീരന്മാർ പങ്കെടുക്കുന്ന കൂട്ടി എഴുന്നള്ളിപ്പും, മേളവും ക്ഷേത്ര ശുചീകരണം, പെയിന്റിംഗ് എന്നിവയെല്ലാമായും ഏറെ ചെലവുമുണ്ട്. ഇതും സംഭാവന പിരിച്ചാണ് ചെലവഴിക്കുക. ബോർഡ് ഒരു തുക സംഭാവനയായി നൽകുമെന്നേയുള്ളൂ. ദേവസ്വം ഓഫീസർ , ഒരു ക്ലാർക്ക്, വനിതകളായ രണ്ട് താത്കാലിക ജീവനക്കാർ, മേൽശാന്തി, രണ്ട് കീഴ്ശാന്തിമാർ ഉൾപ്പെടെ ജീവനക്കാരുണ്ട്. ഭരണിക്ക് ദേവസ്വം ഓഫീസിൽ നിന്നും, മറ്റുമായി ഒട്ടേറെ ജീവനക്കാരെ നിയോഗിക്കാറുമുണ്ട്. ഭരണിക്ക് നടവരവും വിവിധ വഴിപാടുകളിൽ നിന്നുമായി ലഭിക്കുന്നത് കോടികളാണ്. പക്ഷേ ഇതെല്ലാം കൊണ്ടുപോകുമ്പോഴും ക്ഷേത്ര പുരോഗതിക്ക് നിശ്ചിത ശതമാനമെങ്കിലും ചെലവഴിക്കണമെന്നാണ് ഭക്തരുടെ ആവശ്യം.

ക്ഷേത്ര ചരിത്രം

കൊച്ചിരാജാവിന്റെ ഭരണകാലത്ത് ജ്യോതിഷി കാക്കനാട്ടെ രാമൻ നായർ അമ്പലപ്പുഴയിൽ നിന്നും ഉപാസിച്ചു കൊണ്ടുവന്നതാണ് ദേവിയെന്നാണ് സങ്കൽപ്പം. അന്ന് വയ്‌ക്കോൽ മേഞ്ഞ ഒരു കൊട്ടിലായിരുന്നിടത്ത് ഈഴവരാദി പിന്നാക്കക്കാർക്ക് പ്രവേശനമുണ്ടായിരുന്നു. ഭക്തരുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചതോടെ, അബ്രാഹ്മണൻ ദേവി ഉപാസകനായെന്നും തീണ്ടിക്കൂടാത്തവർ ക്ഷേത്രത്തിലെത്തുന്നുവെന്നും പറഞ്ഞ് ഒരു കൂട്ടം ബ്രാഹ്മണർ രാജാവിനെ ശരണം പ്രാപിച്ചു. ഒടുവിൽ രാജശാസന പ്രകാരം അംശം അധികാരികളായ പീച്ചിരിക്ക കർത്താക്കൾ ക്ഷേത്രം പിടിച്ചെടുത്തു. പിച്ചിരിക്ക കർത്താക്കൾ ഇന്നത്തെ രൂപത്തിലുള്ള ക്ഷേത്രം നിർമിച്ചു. പൂജാദി കർമ്മങ്ങൾക്ക് ബ്രാഹ്മണരെ നിയോഗിച്ചു. അണിമംഗലം മനക്കാരെ തന്ത്രം ഏൽപ്പിച്ചു. ഇതോടെ ഈഴവരാദി പിന്നാക്കക്കാർ പുറത്തായി. രാജഭരണം അവസാനിച്ചപ്പോൾ ക്ഷേത്രം പീച്ചിരിക്ക കർത്താക്കളുടേതായി. ഭൂപരിഷ്‌കരണ നിയമം വന്നതോടെ നടത്തിപ്പിനാവാതായി. കുറെ ഭൂമി വിറ്റു. പിന്നാലെ ദേവസ്വം ബോർഡിനെ സമീപിച്ചു. ദേവസ്വം ബോർഡ് മുൻകൈയെടുത്ത് വ്യവസായി തങ്കപ്പ മേനോനെ ട്രസ്റ്റിയായി ഏൽപ്പിച്ച് അദ്ദേഹമാണ് വിപുലമായ സമിതി രൂപീകരിച്ച് ഇന്നത്തെ നിലയിലേക്ക് ക്ഷേത്രത്തെ എത്തിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KURUMALIKKAVU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.