തൃശൂർ : ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പീച്ചിയിലെ ജനതാദൾ (എസ്) ജില്ലാ നേതൃക്യാമ്പിൽ നിന്ന് ഒരു വിഭാഗം വിട്ടു നിന്നു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ്, നേതാക്കളായ സി.കെ നാണു എം.എൽ.എ, ജോസ് തെറ്റയിൽ എന്നിവർ പങ്കെടുത്ത ക്യാമ്പിൽ നിന്നാണ് ഒരു വിഭാഗം വിട്ടുനിന്നത്. 13 നിയോജക മണ്ഡലം പ്രസിഡന്റുമാരിൽ നിന്നും ഒമ്പത് പേരും 13 സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ നിന്ന് 9 പേരും ദേശീയ കൗൺസിൽ അംഗമായ ജോസ് ജെ.പൈനാടത്തും വിട്ടുനിന്നുവെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. 50 ജില്ലാ കമ്മിറ്റി അംഗങ്ങളിൽ 33 പേരും പങ്കെടുത്തില്ലെന്നാണ് വിവരം.
ജില്ലാ പ്രസിഡന്റിനെ നീക്കം ചെയ്യാതെ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് ഐ.എ റപ്പായി, ജോസ് പൈനാടത്ത്, പി.ടി അഷറഫ്, ജോസ് സി.ജേക്കബ് തുടങ്ങിയ നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. സംഘടനാ പ്രശ്നം തീർക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയില്ലായെങ്കിൽ കടുത്ത നിലപാടെടുത്ത് ജില്ലയിലെ പാർട്ടിയെ സംരക്ഷിക്കാൻ തയ്യാറാകുമെന്ന മുന്നറിയിപ്പും വിമത വിഭാഗം നൽകി. ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.സി.ടി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.കെ.നാണു, ജോസ് തെറ്റയിൽ എന്നിവർ സംസാരിച്ചു. ഇന്ന് സമാപന സമ്മേളനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യമ്പിൽ പങ്കെടുക്കാതിരിക്കുന്നത് നേതാക്കൾക്ക് യോജിച്ചതല്ല. തിരഞ്ഞെടുപ്പിലൂടെയാണ് അഡ്വ.ജോഫി ജില്ലാ പ്രസിഡന്റായത്. പാർട്ടി നേതൃത്വവുമായി യോജിച്ച് പോകാൻ തയ്യാറാകണം. പങ്കെടുക്കാതെ അവരുടേതായ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ പോകാം.
മാത്യു ടി.തോമസ്
സംസ്ഥാന പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |