SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.01 AM IST

കൃഷിയിൽ ഇനി ഡ്രോണുകളുടെ കാലം; ഹരിതസംരംഭ ദൗത്യവുമായി കാർഷികസർവകലാശാല

drone-

തൃശൂർ: കാർഷിക മേഖലയെ ആധുനികമാക്കി ഡ്രോൺ ഉപയോഗം വ്യാപകമാക്കാൻ ലക്ഷ്യമിട്ട് ഈ മേഖലയിൽ കൂടുതൽ സംരംഭകരെ വാർത്തെടുക്കാൻ കാർഷിക സർവകലാശാല. ഇതിന്റെ ഭാഗമായി കാർഷിക സർവകലാശാലയും കേരള സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂഷനും സംയുക്തമായി ഡ്രോൺ പരിശീലനം സർവകലാശാലയിലെ അഗ്രിബിസിനസ് ഇൻക്യുബേറ്ററിൽ നടത്തി.

ഡ്രോണുകളുടെ അറ്റകുറ്റപ്പണിയും പറപ്പിക്കലും മുതൽ ലൈസൻസ് നേടുന്നതും നിയമനടപടി സ്വീകരിക്കുന്നതും വരെയുള്ള സമഗ്രമായ പ്രായോഗിക പരിശീലനമാണ് ലക്ഷ്യം. ഡ്രോണുകളുടെ പ്രായോഗിക പരിശീലനത്തിലുപരി ഈ മേഖലയിൽ കൂടുതൽ സംരംഭകരെ സൃഷ്ടിക്കാനാണ് ശ്രമം. സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്കും സാങ്കേതിക പരിജ്ഞാനമുള്ളവർക്കുമാണ് പരിശീലനം.
കാർഷികമേഖലയിൽ മാത്രമല്ല, പ്രകൃതിദുരന്തങ്ങളിലും ഭൗമശാസ്ത്രപരമായ നിരീക്ഷണങ്ങൾക്കുമെല്ലാം വ്യാപകമായി ഡ്രോൺ ഉപയോഗിക്കുന്നുണ്ട്. കർഷകർക്കും കർഷകസംഘങ്ങൾക്കും സബ്‌സിഡിയും നൽകുന്നുണ്ട്. നിരവധി പേരാണ് ഡ്രോൺ ഉപയോഗം പഠിക്കാനും പരിശീലിക്കാനുമായി വരുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് പരിശീലനം നൽകുന്നതും സംഘാടകർ പറഞ്ഞു. കേരള കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.മധു സുബ്രഹ്മണ്യൻ, അഗ്രിബിസിനസ് ഇൻക്യുബേറ്റർ മേധാവി ഡോ.കെ.പി സുധീർ, കാർഷിക സർവകലാശാല പ്രൊഫസറും ജനറൽ കൗൺസിൽ അംഗവുമായ ഡോ.പി.കെ സുരേഷ്‌കുമാർ, കേരള സംരംഭകത്വ വികസന ഇൻസ്റ്റിറ്റിയൂഷൻ ജൂനിയർ മാനേജർ പി.വി.ദൃശ്യ എന്നിവരാണ് നേതൃത്വം നൽകുന്നത്.

ഡ്രോൺ ഉപയോഗം

കീടനാശിനിയും വളവും തളിക്കൽ, വിളയുടെ വളർച്ച നിരീക്ഷിക്കൽ, ഭൂമിയൊരുക്കലിനും മറ്റും സഹായിക്കൽ...
വിളകൾക്കുള്ള നാശം കൃത്യമായി നിരീക്ഷിക്കാനും നഷ്ടപരിഹാരം നേടിയെടുക്കാനും സഹായകം
കുറഞ്ഞ അളവിൽ കൂടുതൽ വിസ്തൃതിയിൽ നിമിഷങ്ങൾക്കുള്ളിൽ വളവും കീടനാശിനിയും പ്രയോഗിക്കാം
തൊഴിലാളികളുടെ ആവശ്യകതയും ജലസേചനത്തിന്റെ അളവും കുറയ്ക്കുക വഴി സാമ്പത്തികലാഭം
കൃഷിയിടങ്ങളുടെ അളവ് തിട്ടപ്പെടുത്തുന്നതോടൊപ്പം കാമറ ഘടിപ്പിച്ച് വിളകളിലെ കീടങ്ങളെ തിരിച്ചറിയാം

ഇനി സംരംഭകരുടെ കാലം

എല്ലാക്കാലത്തും സമൂഹത്തിന് ഗുണകരമായ മാറ്റങ്ങൾക്ക് ചാലകശക്തിയായി പ്രവർത്തിക്കുന്നത് സാങ്കേതിക വിദ്യകളാണ്. കേരളത്തെ പോലെ ചെറുകിട നാമമാത്ര കർഷകർ കൂടുതലുള്ള സംസ്ഥാനത്ത് കാർഷിക മേഖലയുടെ ഉന്നമനം പുതിയ സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിലൂടെയേ സാദ്ധ്യമാകുകയുള്ളൂ. ഇനി വരുന്ന കാലഘട്ടം തൊഴിലാളികളുടേതായിരിക്കില്ല. സംരംഭകരുടേയും തൊഴിൽദാതാക്കളുടേയുമായിരിക്കും.

ഡോ.മധു സുബ്രഹ്മണ്യൻ.
കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മേധാവി

20% സംരംഭം കാർഷികഭക്ഷ്യസംസ്‌കരണത്തിൽ

കേരളത്തിലെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം സംരംഭങ്ങൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ സാധിച്ചു. ഇതിൽ 20% സംരംഭങ്ങൾ കാർഷിക ഭക്ഷ്യസംസ്‌കരണ മേഖലയിൽ നിന്നാണ്. അതിൽ വലിയയൊരു ഭാഗം അഗ്രിബിസിനസ് ഇൻക്യുബേറ്ററിന്റേതാണ്.

ഡോ.കെ.പി സുധീർ
അഗ്രിബിസിനസ് ഇൻക്യുബേറ്റർ മേധാവി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AGRICULTURE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.