SignIn
Kerala Kaumudi Online
Saturday, 20 April 2024 10.52 AM IST

ഇനി തേനീച്ചകളുടെ കാലം, ആശങ്ക വേണം, മുൻകരുതലും

1

ചാലക്കുടി: ശിശിരം വരവായി, തേനീച്ചകളുടെ പ്രജനനകാലവും. വൃക്ഷങ്ങളും തൊടികളുമെല്ലാം ഇനി തേനീച്ചകളുടെ ആവാസ കേന്ദ്രമാകും. നാട്ടുകാർക്ക് ഇനി അങ്കലാപ്പിന്റെ ദിനങ്ങൾ. തേനീച്ചകളുടെ കുത്തേറ്റ് ഇതിനകം അത്യാസന്ന നിലയിലായത് നിരവധി പേർ. തേനീച്ചക്കൂട് പരുന്ത് കൊത്തിയിളക്കിയതിനെ തുടർന്ന് തേനീച്ചകളുടെ കുത്തേറ്റ് വെട്ടുകാട് വർക്ക് ഷോപ്പിന് സമീപം ഇന്നലെ ഗൃഹനാഥൻ മരിക്കാനിടയായതാണ് ഏറ്റവും ഒടുവിലത്തെ ദാരുണസംഭവം.

രണ്ടാഴ്ച മുമ്പ് തെക്കുംകരയിലും തെങ്ങിൻ മുകളിലെ തേനീച്ചക്കൂട് പരുന്ത് കുത്തിയതിനെത്തുടർന്ന് തേനീച്ചകൾ കൂടിളകി പറന്ന് ഭീതിയിലാക്കിയിരുന്നു. മച്ചാട് കുമരും കിണറ്റുംകര ക്ഷേത്രത്തിലെ കോമരം കരുമത്ര കുളങ്ങര വീട്ടിൽ ശ്രീകൃഷ്ണന് അന്ന് ഗുരുതര പരിക്കേറ്റു. മെഡിക്കൽ കോളേജിൽ ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് സുഖം പ്രാപിച്ചത്.

മേലൂർ, കൊരട്ടി പഞ്ചായത്തുകളിലും തേനീച്ച ആക്രമണം രൂക്ഷമായിരുന്നു. മേലൂർ കലവറക്കടവിൽ പനമ്പിള്ളി രാഘവന് കുത്തേറ്റിരുന്നു. തേനീച്ചക്കുത്തേറ്റ് ഇവരുടെ വളർത്തുനായ ചത്തു. പുഴയ്ക്കക്കരെ പരിയാരത്തു നിന്നും കൂട്ടത്തോടെ പറന്നെത്തിയ തേനീച്ചകളാണ് ആക്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ മൂന്നു ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടിവന്നെന്ന് രാഘവൻ പറയുന്നു.

കഴിഞ്ഞയാഴ്ച മാത്രം 27 പേർക്ക് ജില്ലയിൽ കടന്നൽ കുത്തേറ്റു. തൂവാന്നൂർ ചോട്ടിലപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ 25 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. കടിക്കാട് ദുബായ് റോഡിന് സമീപമാണ് ബാക്കി രണ്ടുപേർക്ക് കുത്തേറ്റത്. കഴിഞ്ഞ നാലിന് പുനർജനി നൂഴാനെത്തിയ ഒമ്പതുപേർക്കും പ്രാർത്ഥനയ്ക്കെത്തിയ വൃദ്ധയ്ക്കും കുത്തേറ്റിരുന്നു. തിരുവില്വാമല, ചേലക്കര, കുത്താംപുള്ളി മേഖലകളിലും കടന്നൽ ആക്രമണം ഉണ്ടായിരുന്നു.

ഇക്കുറി ആദ്യം

ജനുവരി പകുതി മുതൽ ഏപ്രിൽ വരെയാണ് തേനീച്ചകൾ കൂടുകൂട്ടുന്നതും പ്രത്യുൽപാദനം നടത്തുന്നതും. ഇക്കുറി സെപ്തംബറിൽ തന്നെ പലയിടത്തും കൂടുകൾ പ്രത്യക്ഷപ്പെട്ടു. തേനീച്ചക്കൂടുകളിൽ പരുന്തുകളും പുറത്തുനിന്നുള്ള ആക്രമണവും നേരിടുമ്പോഴാണ് തേനീച്ചകൾ കൂടിളകിയെത്തി മനുഷ്യരെ ശല്യപ്പെടുത്തുന്നത്.

വൻ തേനീച്ചകൾ മറ്റൊന്നിനേയും സാധാരണ ആക്രമിക്കാറില്ല. കൂടുകൂട്ടി തേൻ സംഭരണവും പ്രജനനവും നടക്കുന്ന കാലത്ത് പരുന്തുകൾ പോലുള്ള പക്ഷികളാണ് ആക്രമണം അഴിച്ചുവിടുന്നത്. തേൻ നുകരാൻ ശ്രമിക്കുന്നതിടെ കൂടിളകുകയും തേനീച്ചകൾ വെപ്രാളത്തിൽ പറക്കുകയും ചെയ്യും. ഇതിനിടെ കാണുന്ന സകലജീവികൾക്കും കുത്തേൽക്കും. എന്നാൽ നിശ്ചലമായി നിന്നാൽ തേനീച്ചകൾ ആകമിക്കില്ലെന്നാണ് അനുഭവമെന്ന് തേനീച്ച വളർത്തൽ പദ്ധതിയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

രോഗങ്ങളുള്ളവർ ശ്രദ്ധിക്കണം

വൻതേനീച്ചകൾ ആക്രമണ കാരികളല്ലെന്ന് വന്യജീവിവിഭാഗം പറയുന്നു. ആക്രമണത്തിന് തുനിയുമ്പോൾ തേനീച്ചകളുടെ ഊർജ്ജം നഷ്ടപ്പെടും. മറ്റുജീവികളെ കുത്തുമ്പോൾ കൊമ്പൊടിയുന്നതോടെ ചത്തുപോകും. തേനീച്ചകൾ കുത്തേൽക്കുന്നത് മരണകാരണമാകില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അലർജി തുടങ്ങിയ രോഗങ്ങളുള്ളവരുടെ ആരോഗ്യ സ്ഥിതിയാണ് മോശമാകുന്നത്. കൂടുതൽ കുത്തേൽക്കുമ്പോൾ ശരീരത്തിൽ അമിതമായി നീർക്കെട്ടും രക്തക്കുഴലുകളുടെ വികാസവും സംഭവിക്കും. ഇതോടെ ചെറിയ തോതിലുള്ള വിഷാംശം രക്തത്തിൽ കലരാം. ഈ ഘട്ടത്തിലാണ് ഗുരുതര രോഗങ്ങളുള്ളവരും വൃദ്ധരും ഗർഭിണികളും കുട്ടികളുമെല്ലാം അപകടാവസ്ഥയിലാകുന്നത്.

ചെയ്യാൻ പാടില്ലാത്തത്
അശാസ്ത്രീയമായ മരുന്നുകൾ ഉപയോഗിക്കരുത്.

മദ്യം, പുകവലി എന്നിവ പാടില്ല. സ്പിരിറ്റും, നിക്കോട്ടിനും രക്തകുഴലുകൾ വികസിക്കുന്നതിന് ഇടവരുത്തും.


ചെയ്യേണ്ടത്
കൂടുതൽ കുത്തേൽക്കാതെ സുരക്ഷിത സ്ഥാനം തേടണം.

മുഖത്തും തലയിലും കുത്തേൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം.
എത്രയുംവേഗം ആശുപത്രിയിലെത്തിക്കുക.

ശ്വാസോച്ഛോസം നിലച്ചവർക്ക് കൃത്രിമമായി നൽകുക.

ഹൃദയമിടിപ്പു ഉറപ്പുവരുത്തുക.

കുത്തേറ്റ ഭാഗത്ത് ഐസ് വയ്ക്കുന്നത് ഉചിതം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.