SignIn
Kerala Kaumudi Online
Thursday, 25 April 2024 1.04 PM IST

കൊടും ചൂട്; വരൾച്ചയിൽ വലഞ്ഞ് വയനാട്

pepper
കടുത്ത വേനലിൽ കരിഞ്ഞുണങ്ങിയ പുൽപ്പളളിയിലെ കുരുമുളക് വളളികൾ

പുൽപ്പള്ളി: വേനൽച്ചൂട് കടുത്തതോടെ കറുത്ത പൊന്നിന്റെ നാടായ വയനാട്ടിൽ വരൾച്ച രൂക്ഷം. കിഴക്കോട്ടൊഴുകുന്ന കബനി നദി പോലും വറ്റി വരണ്ടു. പുൽപ്പള്ളി, മുളളൻകൊല്ലി പഞ്ചായത്തുകളിലെ ഹെക്ടർ കണക്കിന് കൃഷിയിടം കരിഞ്ഞു. കബനി നദിയിലും കന്നാരം പുഴയിലും മുദ്ദള്ളി തോട്ടിലും ജലനിരപ്പ് വൻതോതിൽ താഴ്ന്നത് ജില്ലയെ ഞെട്ടിച്ചിരിക്കുകയാണ്. കർണാടക ബീച്ചനഹള്ളി ഡാം തുറന്ന് വെള്ളം കൂടുതലായി ഒഴുക്കിയതും കബനിയിലെ ജലനിരപ്പ് താഴാൻ ഇടയാക്കി. വേനൽമഴ ഇതേവരെ പെയ്തിട്ടില്ല. കർണാടക അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കർണാടകയിലേതുപോലെ ചൂട് കാറ്റാണ് വീശുന്നത്. പുൽപ്പളളി, മുളളൻകൊല്ലി പ്രദേശങ്ങളിലെ വളക്കൂറുളള മണ്ണ് വിണ്ട് കീറി തുടങ്ങി.

കുടിവെള്ളത്തിനും ജനം നെട്ടോട്ടമോടുകയാണ്. ദിവസവും 40 ലക്ഷം ലിറ്റർ വെള്ളമാണ് പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കുടിവെള്ളത്തിനായി എടുക്കുന്നത്. ഇരു പഞ്ചായത്തുകളിലുമായി 8000 കുടിവെള്ള കണക്ഷനുകളാണുള്ളത്. മുൻവർഷങ്ങളിൽ താത്ക്കാലിക തടയണകൾ നിർമിച്ചായിരുന്നു പമ്പിംഗ് നടത്തിയിരുന്നത്. കാടുകളിലെ സ്ഥിതിയും ഭയനാകമാണ്. വന്യമൃഗങ്ങൾ കുടിവെള്ളം തേടി നാട്ടിലേക്ക് ഇറങ്ങുകയാണ്. കൂട്ടംകൂട്ടമായാണ് കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. കർണാടക വനത്തെ അപേക്ഷിച്ച് കുറച്ചെങ്കിലും പച്ചപ്പ് അതിർത്തി പങ്കിടുന്ന കേരളത്തിലെ വന മേഖലയിലാണ്.

വരൾച്ചയുണ്ടാകുന്ന കുടിയേറ്റ മേഖലയ്ക്കായി പ്രഖ്യാപിച്ച വരൾച്ചാ ലഘൂകരണ പദ്ധതി ഇനിയും എങ്ങുമെത്തിയിട്ടില്ല. തോടുകളുടെ പുനർനിർമാണമടക്കം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയെങ്കിലും ഗുണം ജനങ്ങൾക്ക് ലഭിച്ചിട്ടില്ല. കുടിയേറ്റ മേഖലയിലെ കൊളവള്ളിയിലും മരക്കടവിലും പാടങ്ങൾ വിണ്ടുകീറിയ അവസ്ഥയിലാണ്. ഏത് പ്രതിസന്ധിയിലും വയനാട്ടിലെ കർഷകരെ രക്ഷിച്ചത് ക്ഷീര മേഖലയാണ്. വരൾച്ച രൂക്ഷമായതോടെ ക്ഷീര കർഷകരും പ്രതിസന്ധിയിലായി. വയനാടിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കുന്ന ചേകാടിപ്പാടത്ത് പുഞ്ചകൃഷി നടത്തുന്നവരുടെ എണ്ണം നന്നേ കുറഞ്ഞു. മതിയായ ജലസേചന സംവിധാനമില്ലാത്തതാണ് കൃഷിയെ ഉപേക്ഷിക്കാൻ കാരണമായത്.

#

''മഴയെ ആശ്രയിച്ചാണ് കുടിയേറ്റ മേഖലയിലെ കൃഷി രീതി. വേനൽ കടുക്കുന്നതോടെ കൃഷി താളംതെറ്റും. കടമാൻതോട് ജലസേചന പദ്ധതി ഉൾപ്പെടെ ചെറുകിട ജലസേചന പദ്ധതികൾ ആവശ്യമാണ്. വരൾച്ചാ ലഘൂകരണ പദ്ധതിക്കായി 82 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് നാമമാത്രമായാണ് നടക്കുന്നത്. ജലസേചന സൗകര്യം ഒരുക്കാതെ കൃഷിയുമായി മുന്നോട്ട് പോകാൻ പറ്റില്ല. വന്യമൃഗശല്യത്തിനും പരിഹാരം കാണണം. ''

ടി. എസ്. ദിലീപ്കുമാർ

പ്രസിഡന്റ് ,പുൽപ്പളളി ഗ്രാമപഞ്ചായത്ത്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, WAYANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.