സ്ഥാനാർത്ഥിയുടെ ഓഫീസിൽ നിന്ന് കണക്കിൽപെടാത്ത പണം പിടിച്ചു, വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കും

Monday 15 April 2019 11:56 PM IST
electionelection

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ത്ഥിയുടെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തി. ഇതിനെത്തുട‌ർന്ന് വെല്ലൂര്‍ മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചതായി പി..ടി..ഐ റിപ്പോർ‌ട്ടു ചെയ്തു.

വെല്ലൂരിലെ ഡിഎംകെ സ്ഥാനാര്‍ഥിയായ കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി വൻ തോതില്‍ പണം പിടികൂടിയത്. ആദായ നികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് കതിര്‍ ആനന്ദിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇതേതുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കാൻ കമ്മിഷൻ തീരുമാനിച്ചത് എന്നാണ് വിവരം. തിരഞ്ഞെടുപ്പ് റദ്ദാക്കാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയച്ചിട്ടുണ്ടെന്നും പി.ടി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയതിന് കതിര്‍ ആനന്ദിനെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം നേരത്തെ കേസെടുത്തിട്ടുണ്ട്. ഡി.എം.കെയിലെ പ്രമുഖ നേതാവായ ദുരൈ മുരുഗന്റെ മകനാണ് കതിര്‍ ആനന്ദ്.

മാര്‍ച്ച് 30 ന് ദുരൈ മുരുഗന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കണക്കില്‍ പെടാത്ത 10.5 ലക്ഷം രൂപ കണ്ടുകെട്ടിയ ആദായ നികുതി വകുപ്പ് രണ്ട് ദിവസത്തിന് ശേഷം ദുരൈ മുരുഗന്റെ സഹായിയുടെ സിമന്റ് ഗോഡൗണില്‍ നിന്ന് 11.53 കോടിയോളം രൂപയും പിടികൂടിയിരുന്നു. എന്നാല്‍ പണം പിടികൂടിയതിനെപ്പറ്റി ദുരൈ മുരുഗന്‍ വ്യക്തമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
YOU MAY LIKE IN LOKSABHA POLL 2019