കേരളത്തിൽ ബി.ജെ.പിക്ക് മൂന്നു സീറ്റെന്ന് സർവേഫലം,​ ഞെട്ടി ഇടതുവലതു മുന്നണികൾ

Sunday 14 April 2019 11:41 PM IST
bjp

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പി മൂന്ന് സീറ്റിൽ വിജയം നേടുമെന്ന് സർവേ ഫലം. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിലാണ് സ്വകാര്യ ചാനൽ നടത്തിയ സർവേയിൽ സാദ്ധ്യത പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വ്യക്തമായ ആധിപത്യമാണ് സർവേ പ്രവചിക്കുന്നത്. പത്തനംതിട്ടയിൽ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസവുമാണ് സുരേന്ദ്രന്‍ സിറ്റിംഗ് എം.പി ആന്റോ ആന്റണിയുമായി ഉള്ളത്. തൃശൂരിൽ വൈകി വന്നിട്ടും വലിയ മുന്നേറ്റം സുരേഷ് ഗോപി ഉണ്ടാക്കിയതായും സർവേ പറയുന്നു.

ബി.ജെ.പി കേന്ദ്രങ്ങളെ പോലും അത്ഭുതപ്പെടുത്തുകയും ഇടത് – വലത് മുന്നണികളെ ഞെട്ടിക്കുകയും ചെയ്യുന്ന സര്‍വേ റിപ്പോർട്ടാണ് പുറത്ത് വന്നത്. ഇടതു പക്ഷത്തിന് മേൽ വ്യക്തമായ ആധിപത്യം ഉറപ്പിച്ച് 13 – 14 വരെ സീറ്റ് യു.ഡി.എഫ് നേടുമെന്നാണ് പ്രവചനം.

വയനാട്ടിൽ രാഹുല്‍ ഗാന്ധിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് സർവേ പറയുന്നു. രാഹുല്‍ ജയിക്കുമെന്ന് 45 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. ഇടത് സ്ഥാനാര്‍ത്ഥി സുനീറിന് 39 ശതമാനം പേരാണ് വിജയം പ്രവചിച്ചിരിക്കുന്നത്. തുഷാറിന് വെറും 16 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്. അതേസമയം വടകര സീറ്റിൽ യു.ഡി.എഫിന് കൂറ്റൻ ലീഡാണ് സർവേ പ്രവചിക്കുന്നത്. 45 ശതമാനം പേർ കെ മുരളീധരൻ ജയിക്കുമെന്ന് അഭിപ്രായപ്പെട്ടു. സി.പി.എമ്മിന്റെ പി. ജയരാജനെ 39 ശതമാനം പേരാണ് പിന്തുണച്ചത്.

കോഴിക്കോട് എംകെ രാഘവൻ തന്നെ മൂന്നാം തവണയും വിജയിക്കുമെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൽ.ഡി.എഫിന്റെ എ. പ്രദീപ്കുമാറിനെ 36 ശതമാനം പേരാണ് പിന്തുണച്ചത്. കണ്ണൂർ സീറ്റിൽ യു.ഡി.എഫിന്റെ കെ.സുധാകരൻ വിജയിക്കുമെന്ന് 39 ശതമാനം പേർ അഭിപ്രായപ്പെട്ടു. പി.കെ. ശ്രീമതി വിജയിക്കുമെന്ന് 38 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.

കാസർകോട് മണ്ഡലം സി.പി.എം തന്നെ നിലനിറുത്തുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. സി.പി.എം സ്ഥാനാർത്ഥിയെ 34 ശതമാനം പേർ പിന്തുണച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥിയെ 33 ശതമാനം പേരാണ് പിന്തുണച്ചത്. അതേസമയം രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് തരംഗമുണ്ടാക്കില്ലെന്നാണ് നിലപാടാണ് സർവേയിൽ പങ്കെടുത്തവർക്ക് ഉള്ളത്. 64 ശതമാനം പേരും രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഗതിമാറ്റില്ലെന്നാണ് അഭിപ്രായപ്പെട്ടത്.

മലപ്പുറവും പൊന്നാനിയും യു.ഡി.എഫ് തന്നെ പിടിക്കുമെന്നാണ് സർവേ പറയുന്നത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് പാതിയിലേറെ ജനപിന്തുണയാണ് ലഭിച്ചത്. 52 ശതമാനം അദ്ദേഹം വിജയിക്കുമെന്ന് പറഞ്ഞു. വിപി സാനുവിനെ 29 ശതമാനമാണ് പിന്തുണച്ചത്. അതേസമയം പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീർ പി.വി. അൻവറിനെ തോല്‍പ്പിക്കുമെന്ന് സർവേ പറയുന്നു. ഇ.ടി. മുഹമ്മദ് ബഷീർ വിജയിക്കുമെന്ന് 46 ശതമാനമാണ് അഭിപ്രായപ്പെട്ടത്. പാലക്കാട് എൽ.ഡി,​എഫ് നിലനിറുത്തുമെന്നാണ് സർവേയിൽ പങ്കെടുത്ത 37 ശതമാനം അഭിപ്രായപ്പെട്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
YOU MAY LIKE IN LOKSABHA POLL 2019