പത്തനംതിട്ടയിൽ സുരേന്ദ്രന്റെ പേര് പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടത് കോൺഗ്രസ് വിട്ടുവരാൻ പോകുന്ന നേതാവിന് വേണ്ടി​ ​

Thursday 21 March 2019 10:29 PM IST
bjp

തിരുവനന്തപുരം : ബി.ജെ.പിക്ക് വിജയസാദ്ധ്യത കല്പിക്കപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ മാത്രം പ്രഖ്യാപിക്കാതെയാണ് ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചത്. പത്തനംതിട്ട മണ്ഡലം ഒഴിച്ചിട്ടത് കോൺഗ്രസ് വിട്ടുവരാൻ പോകുന്ന പ്രമുഖ നേതാവിന് വേണ്ടിയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ബി.ജെ.പിയുടെ കേന്ദ്രനേതൃത്വമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും സൂചനയുണ്ട്.

കോൺഗ്രസിൽ നിന്ന് പ്രമുഖ നേതാക്കൾ ബി.ജെ.പിയിലേക്ക് വരുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയും പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വം ആണെന്നും എല്ലാ ചർച്ചകളും കഴിഞ്ഞതാണെന്നും പി.എസ്. ശ്രീധരൻ പിള്ള ഇന്ന് പറഞ്ഞിരുന്നു. പത്തനംതിട്ടയില്‍ സംസ്ഥാനം നിർദ്ദേശിച്ചത് ഒറ്റപ്പേര് മാത്രമാണെന്നും കേന്ദ്രം ആ പേര് പ്രഖ്യാപിക്കാത്തതെന്തെന്ന് അറിയില്ലെന്നും എം.ടി.രമേശ് പറഞ്ഞു.താൻ ഉൾപ്പെടെയുള്ള നേതാക്കൾ മാറിനിന്നത് പാർട്ടി നിർദേശപ്രകാരമെന്നും എം.ടി.രമേശ് വ്യക്തമാക്കി.

ആദ്യമൊക്കെ പി എസ് ശ്രീധരൻ പിള്ളയുടെ പേര് പറഞ്ഞുകേട്ട പത്തനംതിട്ടയിൽ ആർ.എസ്.എസ് അപ്രതീക്ഷിതമായി കെ സുരേന്ദ്രന് വേണ്ടി ഇടപെട്ടതാണ് വഴിത്തിരിവായത്. തൃശൂരും പത്തനംതിട്ടയും മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രനും നിലപാടെടുത്തിരുന്നു. ചർച്ചകൾക്കൊടുവിൽ കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കുമെന്ന് ധാരണയായിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് പി.എസ്.ശ്രീധരൻ പിള്ള അതൃപ്തി അറിയിച്ചിരുന്നു.

ബി.ജെ.പി സംസ്ഥാനാധ്യക്ഷന് സീറ്റില്ലെന്നുറപ്പായതോടെ പാർട്ടിയിൽ തന്നെ ഉടലെടുത്ത ഭിന്നതകൾ പരിഹരിക്കാൻ ശ്രമിക്കുകയാണ് ദേശീയ നേതൃത്വമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് പത്തനംതിട്ട സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തതെന്നാണ് റിപ്പോർട്ട്.

എന്നാൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് കേവലം സാങ്കേതികത്വം മാത്രമാണെന്നാണ് ബി.ജെ.പി സംസ്ഥാന ഘടകം നൽകുന്ന വിശദീകരണം. കെ.സുരേന്ദ്രൻ തന്നെ സ്ഥഖാനാർത്ഥിയാകുമെന്നും ഇന്നലെ ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുത്തുവെന്നും അവർ അറിയിച്ചു. പ്രഖ്യാപനം നാളെയുണ്ടാകുമെന്നും ബി.ജെ.പി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
YOU MAY LIKE IN LOKSABHA POLL 2019