SignIn
Kerala Kaumudi Online
Friday, 29 March 2024 1.42 AM IST

ജാതിവേരുകൾ ആഴ്ന്നിറങ്ങിയ മുതലമട കോളനി

muthalamada

പ്രാകൃതകാലത്തെ ഇന്ത്യയെയാണ് പരിഷ്‌കൃതകാലത്തെ ഗോവിന്ദാപുരം അംബേദ്‌കർ കോളനി ഓർമ്മിപ്പിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിവരെയും വളരെ സജീവമായി കേരളത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥിതിയുടെയും തൊട്ടുകൂടായ്മയുടെയും അടിവേരുകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇളകാതെ ഗോവിന്ദാപുരത്ത് നിലനില്‌ക്കുന്നുവെന്നതിൽ നാം ഓരോരുത്തരും ലജ്ജിച്ച് തലതാഴ്ത്തണം. വർഷങ്ങൾക്കു മുമ്പ് പട്ടികജാതിക്കാരായ ചക്ലിയർ വിഭാഗത്തോട് അയിത്തമുണ്ടായിരുന്നതിന്റെ പേരിൽ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയ സ്ഥലമാണ് മുതലമടയിലെ അംബേദ്കർ കോളനി. കോളനി നിവാസികൾ കഴിഞ്ഞ നൂറ് ദിവസത്തിലധികമായി മുതലമട പഞ്ചായത്ത്‌ ഓഫീസിനു മുന്നിൽ സന്ധിയില്ലാ സമരത്തിലാണ്.

എന്തിനാണ് സമരം?

എന്തുകൊണ്ട് വീണ്ടും മുതലമടയിൽ ഒരു സമരപ്പന്തൽ ഉയർന്നു..? തലചായ്ക്കാനൊരിടം, സ്ഥലമുള്ളവർക്ക് വീട് ലഭിക്കണം സ്ഥലവും വീടും ഇല്ലാത്തവർക്ക് അവ രണ്ടും ലഭ്യമാക്കാൻ തദ്ദേശഭരണകൂടം തയ്യാറാകണം. മറ്റൊന്ന് അരി വാങ്ങാൻ അവർക്ക് റേഷൻ കാർഡ് വേണം. ഈ ദളിത് കോളനിവാസികൾ എങ്ങനെ എ.പി.എൽ വിഭാഗത്തിലായി. കിടപ്പാടം പോലുമില്ലാത്ത കോളനി നിവാസികളിലെ നല്ലൊരു ശതമാനം കുടുംബങ്ങളും നിലവിൽ എ.പി.എൽ ലിസ്റ്റിലാണെന്നത് ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. അർഹരായ എല്ലാവർക്കും റേഷൻ കാർഡ് ബി.പി.എൽ ആക്കി നൽകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സമരവുമായി മുന്നോട്ടുവന്ന ചെറുപ്പക്കാർക്ക് നേരെ ഇതിനോടകം ചാർജ് ചെയ്ത വ്യാജകേസുകളെല്ലാം പിൻവലിക്കണം. പത്തിനും പതിനാറിനും ഇടയിൽ കേസുകൾ ചാർജ് ചെയ്യപ്പെട്ട യുവതീയുവാക്കൾ വരെയുണ്ട് ഇവിടെ. ഇവർക്ക് കേസുകൾ മൂലം പി.എസ്.സി പരീക്ഷ എഴുതാൻ പറ്റാത്ത സാഹചര്യമാണ്. ഇതിനും പരിഹാരമുണ്ടാകണം. സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തങ്ങളുടെ ദുരഭിമാനം വെടിഞ്ഞ് അടിയന്തരമായി ഇതിൽ ഇടപെടണം. കാലതാമസമില്ലാതെ മുതലമട അംബേദ്ക്കർ കോളനി നിവാസികൾക്കു നീതി ലഭിക്കണം.

വീടിനായി 2014 ന് മുമ്പ് നല്കിയ അപേക്ഷകൾ പഞ്ചായത്തും പട്ടികജാതി വകുപ്പും യഥാസമയത്ത് പരിഗണിക്കാത്തതാണ് ഇവർക്ക് റോഡരികിൽ കുഞ്ഞുങ്ങൾക്കൊപ്പം സമരമിരിക്കേണ്ട അവസ്ഥ ഉണ്ടാക്കിയത്. പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിയുടെ അനുഭാവികൾക്ക് മാനദണ്ഡം നോക്കാതെ ഭവന പദ്ധതികൾ അനുവദിക്കുകയും പ്രതിപക്ഷ പാർട്ടിയുടെ അനുഭാവികളെ അവഗണിക്കുകയും ചെയ്യുന്നുവെന്ന ആക്ഷേപവും ശക്തമാണ്. 39 കുടുംബങ്ങളുടെയും എല്ലാ അപേക്ഷകളും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മുൻഗണനാക്രമം അനുസരിച്ചാവും വീട് അനുവദിക്കുക. നേരത്തെ അപേക്ഷ നല്‌കിയവരെ തഴഞ്ഞ് ഒരു വർഷത്തിനകം അപേക്ഷ നല്‌കിയവരെ മാത്രം ഇപ്പോൾ പരിഗണിക്കാമെന്നാണ് അധികൃതർ പറയുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നാണ് സമരക്കാരുടെ പക്ഷം.

എട്ടടി മാറി നടക്കണം

ഗോവിന്ദാപുരത്തെ പട്ടികജാതിക്കാരായ 39 കുടുംബങ്ങൾ ജാതീയമായി വേർതിരിക്കപ്പെട്ടിരിക്കുകയാണ്. തൊട്ടുകൂടായ്മയും വേർതിരിവും രൂക്ഷമാണ്. പട്ടികജാതി വിഭാഗത്തിലെ ചക്ലിയർ വർഷങ്ങളായി സവർണ ജാതീയതയുടെ അധിക്ഷേപത്തിനും തൊട്ടുകൂടായ്മക്കും ഇരയായിക്കൊണ്ടിരിക്കുന്നു. സവർണർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ, ജാതിവ്യവസ്ഥക്കും അപ്പുറമെന്ന് വിധി കല്‌പ്പിക്കപ്പെട്ട ചക്ലിയർ വിഭാഗത്തെ ഒരു നിലയ്ക്കും അംഗീകരിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അവർ ദൂരെ എട്ടടി മാറിപ്പോകണം. ചെരിപ്പിട്ട് നടക്കാൻ പാടില്ല. കൺവെട്ടത്ത് യാദൃച്ഛികമായിപ്പോലും വരാൻ പാടില്ല. സവർണരുടെ കൃഷിസ്ഥലങ്ങളിൽ ഇവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കില്ല. കൂലിപ്പണിയും കൊടുക്കില്ല. ഒട്ടും ദൂരെയല്ലാത്ത ഗോവിന്ദാപുരത്താണ് ഇതൊക്കെയും സംഭവിക്കുന്നത്.

ഗോവിന്ദാപുരത്തെ പട്ടികജാതിക്കാരായ 39 കുടുംബങ്ങൾ കയറിക്കിടക്കാൻ നാല് സെന്റ് ഭൂമിക്കും വീടിനുമായാണ് കഴിഞ്ഞ 100 ദിവസത്തിലധികമായി സമരം നടത്തുന്നത്. സി.പി.എം ഭരിക്കുന്ന മുതലമട പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് കുടുംബസമേതം ഇവർ കുടിൽകെട്ടി സമരം ചെയ്യുന്നത്. സമരം 100 ദിവസം പിന്നിട്ടിട്ടും അയിത്തോച്ചാടനത്തിന് വീറോടെ സംസാരിച്ചവർ ഭരണത്തിൽ വന്നിട്ടും അഭിമാനത്തോടെ ജീവിക്കാനുള്ള ഇവരുടെ അവകാശം വകവച്ചു കൊടുക്കാൻ ചെറുവിരൽ പോലും അനക്കുന്നില്ലെന്നത് ദൗർഭാഗ്യകരമാണ്.

സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിക്കുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നല്‌കേണ്ടി വന്നു സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ഇവരുമായി അനുരഞ്ജന ചർച്ചയ്ക്ക് തയ്യാറെടുക്കാൻ. വിവേചനത്തിന് ഇരയാകുന്നവരുടെ പരാതികൾ ഗൗനിക്കപ്പെടുന്നില്ലെന്നത് ഗൗരവമേറിയ പ്രശ്നമാണ്. ജാതീയ വിവേചനത്തിൽ സഹികെട്ടാണ് പലപ്പോഴും ദളിത് വിഭാഗങ്ങൾ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്. അത് പൊതുശ്രദ്ധയിൽ വരുമ്പോൾ മാത്രമാണ് സർക്കാരും ഭരണാധികാരികളും അനുനയ ശ്രമവുമായി വരുന്നത്. നമ്മുടെ സമൂഹത്തിൽ മൃഗങ്ങൾക്ക് പോലും യഥേഷ്ടം വഴികളിലൂടെ സഞ്ചരിക്കാമെന്നും എന്നാൽ, മനുഷ്യരായി ജനിച്ചവർക്ക് സവർണരെന്ന് പറയുന്നവരുടെ കൺവെട്ടത്തു പോലും വരാൻ പാടില്ലെന്നും പറയുന്നത് പുരോഗമനവാദികളെന്ന് ഊറ്റംകൊള്ളുന്ന കേരളത്തിലാണ്, സംസ്ഥാനാതിർത്തിയിലെ ഒരു ഗ്രാമത്തിൽ. ചണ്ഡാളർ എന്ന് സവർണരാൽ വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യർ എട്ടടി മാറി സഞ്ചരിക്കണമെന്ന് ഇപ്പോഴും വ്യവസ്ഥയുള്ള ഒരു ചെറുഗ്രാമത്തിൽ.

രണ്ട് ശതമാനം

അയിത്തം ആചരിക്കുന്നു

കേരളത്തിൽ ഇപ്പോഴും രണ്ടുശതമാനം ജനങ്ങൾ അയിത്തം ആചരിക്കുന്നുണ്ടെന്ന് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക്സ് റിസർച്ചും അമേരിക്കയിലെ മേരിലാൻഡ് സർവകലാശാലയും സംയുക്തമായി നടത്തിയ സർവേയിൽ വ്യക്തമാക്കുന്നുണ്ട്.

കേരളത്തിൽ ജാതിവ്യവസ്ഥ തുടങ്ങിവച്ചത് ആര്യൻമാരാണെന്ന് വില്യം ലോഗൻ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്പൂതിരിമാർ അവരുടെ മേൽക്കോയ്മക്കുവേണ്ടി രാജാക്കന്മാരെ പാട്ടിലാക്കി. അവർക്ക് സവർണ പദവി നല്‌കിയായിരുന്നു അവരിൽ മേധാവിത്വം സ്ഥാപിച്ചതെന്നും വില്യം ലോഗൻ പറയുന്നുണ്ട്. മണ്ണിൽ പണിയെടുക്കാതെ സുഖമായി ജീവിക്കാൻ സവർണരെന്ന് പറയപ്പെടുന്നവർ കണ്ടെത്തിയ മാർഗമായിരുന്നു ജാതിവ്യവസ്ഥ. ഈ വ്യവസ്ഥയെ യുക്തിപൂർവം ചോദ്യംചെയ്ത ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ തങ്ങളുടെ വളർച്ചയ്ക്കായി കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ സമർത്ഥമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. മനുഷ്യരെല്ലാം ഒന്നാണെന്നും മനുഷ്യവർഗമാണ് പ്രധാനമെന്നും പറഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് ജാതിവിവേചനം അവസാനിപ്പിക്കാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടായില്ലെന്നു വേണം മനസിലാക്കാൻ. അത് ഉണ്ടായിരുന്നെങ്കിൽ ഈ 21 -ാം നൂറ്റാണ്ടിലും ഗോവിന്ദാപുരത്തു നിന്ന് '' ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും ഒരുതുണ്ട് ഭൂമി വേണം, പാർക്കാൻ കൂര വേണം, വിവേചനത്തിനിരകളാകാതെ അന്തസോടെ അഭിമാനത്തോടെ ജീവിക്കണം'' എന്നീ ആവശ്യങ്ങളൊന്നും ഉയരുമായിരുന്നില്ലല്ലോ. കേരളം ഇനിയും ഈ ആവശ്യങ്ങളോട് മുഖംതിരിച്ച് നടന്നുകൂടാ. പൊതുസമൂഹം ഇവരെയും ചേർത്തുപിടിച്ച് പൊതുവഴിയിലൂടെ നടക്കണം. പൊതുഇടം ഇവരുടേതും കൂടിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKADU DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.