SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.44 PM IST

തമിഴ്നാട് വീഴ്ചയിൽ ചാലക്കുടി പുഴയിൽ വെള്ളപ്പൊക്കം,​ വെള്ളപ്പാച്ചിൽ, പറമ്പിക്കുളം ഡാമിലെ ഷട്ടർ തകർന്ന്

parambikulam

മുതലമട (പാലക്കാട്): അറ്റകുറ്റപ്പണിയിലുണ്ടായ വീഴ്ച കാരണം തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പാലക്കാട് മുതലമടയിലെ പറമ്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളിൽ മദ്ധ്യഭാഗത്തേത് ഇന്നലെ പുലർച്ചെ 1.45ന് തകർന്നുവീണതിനെ തുടർന്നുള്ള ശക്തമായ നീരൊഴുക്കിൽ ചാലക്കുടിപ്പുഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നു. വേനൽക്കാലമായതിനാൽ കാര്യമായ ഭീഷണിയില്ലെങ്കിലും ജനങ്ങൾ ഭീതിയിലാണ്. ജാഗ്രത തുടരുന്നു.

ഡാമിന്റെ ജലനിരപ്പ് ഷട്ടറിന് താഴെയെത്താൻ രണ്ടരദിവസമെങ്കിലും എടുക്കും. 25 അടിയെങ്കിലും (1823 അടിയിൽ നിന്ന് 1798) താഴ്ന്നാലെ അറ്റകുറ്റപ്പണി സാധ്യമാകൂ. പറമ്പിക്കുളം ആദിവാസി മേഖലയിലെ രണ്ട് കോളനിയിലുള്ളവരെ മാറ്റിപാർപ്പിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ഡാമിന്റെ സുരക്ഷയ്ക്കായി മറ്റു രണ്ടുഷട്ടറുകൾ കൂടി തുറന്നതോടെ പെരിങ്ങൽക്കുത്ത് ഡാമിലേക്ക് രാവിലെ ഒഴുകിയെത്തിയത് സെക്കൻഡിൽ 20,000 ഘനയടി ജലം. ഇതോടെ പെരിങ്ങൽക്കുത്തിൽ ഘട്ടംഘട്ടമായി നാല് ഷട്ടറുകൾ തുറന്ന് ചാലക്കുടിപ്പുഴയിലേക്ക് 600 ഘനയടിജലം ഒഴുക്കുന്നതോടെ രണ്ടു മീറ്ററോളം ജലനിരപ്പ് ഉയർന്നു. പുഴയിലെ ജലനിരപ്പ് 4.5 മീറ്റർവരെ ഉയരാൻ ഇടയുണ്ടെന്ന് നിഗമനം. 7.10 മീറ്റർ ഉയരുമ്പോഴാണ് അപകട മുന്നറിയിപ്പിലെത്തുന്നത്. വൈകിട്ടോടെ പറമ്പിക്കുളത്തുനിന്ന് ഒഴുകുന്ന വെള്ളത്തിന്റെ അളവ് 15,​200 ഘനയടിയായി കുറഞ്ഞു.

സെക്യൂരിറ്റി വെയിറ്റിന്റെ ചങ്ങല പൊട്ടിയതിനെ തുടർന്നാണ് നേരത്തെ പത്ത് സെന്റീമീറ്റർ തുറന്നുവച്ച 25 അടിയോളം ഉയരമുള്ള ഷട്ടർ മർദ്ദം താങ്ങാനാവാതെ തകർന്നത്. ചെയിൻ ഘടിപ്പിച്ച ഭാഗത്തെ കോൺക്രീറ്റ് പാളികളും തകർന്നു. ഡാം സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും നിയന്ത്രണം തമിഴ്നാടിനാണ്. സംഭവത്തിൽ വ്യക്തമായ വിശദീകരണം തമിഴ്നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സാങ്കേതിക തകരാറാണെന്നാണ് പ്രാഥമിക വിശദീകരണം. വിദഗ്ദ്ധ സംഘം പ്രാഥമിക പരിശോധന നടത്തി.

രണ്ടുമാസംമുമ്പും

തകരാറിൽ

ജൂലായ് 21നും മദ്ധ്യഭാഗത്തെ ഷട്ടറിന് തകരാർ സംഭവിച്ചിരുന്നു. മൂന്നുദിവസമെടുത്താണ് നന്നാക്കിയത്. ദീർഘനേരം തുറന്നുവച്ചതുകാരണമാണ് ചങ്ങലയ്ക്ക് തകരാർ സംഭവിച്ചത്. അന്ന് തകരാർ പരിഹരിച്ചതിലുണ്ടായ പിഴവാണോ കാരണമെന്ന് വിദഗ്ദ്ധ പരിശോധനയിലേ വ്യക്തമാകൂ.

പറമ്പിക്കുളം ഡാം

 മുതലമട പഞ്ചായത്തിലെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലൂടെ ഒഴുകുന്ന പറമ്പിക്കുളം നദിയിലാണ് ഡാം

 ഇന്ത്യയിലെ എറ്റവുമധികം ജലസംഭരണ ശേഷിയുള്ള എംബാങ്ക്മെന്റ് അണക്കെട്ട്

 1967ൽ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കാമരാജ് പണി കഴിപ്പിച്ചത്

 തമിഴ്നാട്ടിലെ കൃഷിക്കാവശ്യമായ വെള്ളത്തിനുവേണ്ടി

 ടണൽവഴി ആളിയാർ ഡാമിലെത്തിച്ച് വെള്ളം കൊണ്ടു പോകും

 വർഷകാലത്ത് അധികമായി ലഭിക്കുന്ന വെള്ളം കേരളത്തിന്

 പറമ്പിക്കുളം- ആളിയാർ പദ്ധതി പ്രകാരം കേരളത്തിന് വർഷംത്തോറും ലഭിക്കേണ്ടത് 7.25 ടി.എം.സി വെള്ളം.

'' ഷട്ടർ തകർന്നാൽ അറ്റകുറ്റപ്പണി അത്രയും മേശമാണ് എന്നാണ് മനസിലാക്കേണ്ടത്. തമിഴ്നാടിന്റെ വീഴ്ചയാണ്. കൃത്യമായ പരിശോധന നടത്തുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിരുന്നു. കേരള ഡാം സേഫ്റ്റി അതോറിട്ടിയെ പരിശോധിക്കാൻ അനുവദിക്കാറില്ല.

-ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ,

മുൻ ചെയർമാൻ, ഡാം സുരക്ഷാ അതോറിട്ടി

'' കേരളത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സംഘം ഡാം സന്ദർശിക്കും.

-മന്ത്രി റോഷി അഗസ്റ്റിൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHALAKKUDI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.