SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.28 PM IST

തോട്ടംമേഖല: കരകയറാൻ വേണം ബഹുവിളക്കൃഷിയും ടൂറിസവും

plantation

കൊച്ചി: ചെലവുകൾ വർദ്ധിക്കുകയും വരുമാനം ഇടിയുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒറ്റവിളയ്ക്ക് പകരം ബഹുവിളക്കൃഷിയും ഇക്കോ ടൂറിസവും അനുവദിക്കാൻ ഭൂവിനിയോഗ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന് തോട്ടംമേഖല ആവശ്യപ്പെട്ടു. മാറുന്ന കാലാവസ്ഥയെ പ്രതിരോധിക്കുന്ന സുസ്ഥിര കൃഷിരീതികൾ സ്വീകരിക്കാനും തോട്ടമുടമകൾ നീക്കം തുടങ്ങി.

തോട്ടവിളകളുടെ ഉത്പാദനച്ചെലവ് 2020 മുതൽ 26 ശതമാനം വർദ്ധിച്ചതായി അസോസിയേഷൻ ഒഫ് പ്ളാന്റേഴ്സ് കേരള (എ.പി.കെ) ചെയർമാൻ എസ്.ബി.പ്രഭാകർ പറഞ്ഞു. എ.പി.കെ വാർഷികയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാസവളങ്ങൾ, കീടനാശിനികൾ, ചരക്ക് ചെലവ്, ഇന്ധനം തുടങ്ങിയവയുടെ വില വർദ്ധിച്ചു. ഉത്പാദനച്ചെലവിനേക്കാൾ താഴ്ന്നവിലയിൽ ഉത്പന്നങ്ങൾ വിൽക്കുന്നത് തോട്ടം വ്യവസായത്തെ പ്രതിസന്ധിയിലാക്കി.

ഏകവിളകൃഷി സാമ്പത്തികമായും പാരിസ്ഥിതികമായും സുസ്ഥിരമല്ല. കാർഷിക, മൃഗസംരക്ഷണം എന്നിവ അടിസ്ഥാനമായ പ്രവർത്തനങ്ങൾ, മൂല്യവർദ്ധന, സിൽവി കൾച്ചർ, അഗ്രോ ഫോറസ്ട്രി തുടങ്ങിയവ ഉൾപ്പെട്ട സംയോജിതതോട്ടം കൃഷിരീതി അനുവദിക്കാൻ സർക്കാർ തയ്യാറാകണം. പശ്ചിമഘട്ടത്തിൽ പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടം തട്ടാതെ ഉത്തരവാദിത്വ ഇക്കോ ടൂറിസം വഴി സുസ്ഥിരമായ വരുമാനം വർദ്ധിപ്പിക്കാൻ തോട്ടങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൂനിയമങ്ങൾ പരിഷ്‌കരിക്കണം

തോട്ടങ്ങളുടെ ഓരോ ഏക്കറിലും നിന്ന് 30 ശതമാനമെങ്കിലും വരുമാനം വർദ്ധിപ്പിക്കണം. അതിനായി ഭൂവിനിയോഗ നിയമങ്ങൾ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുന്നതും വഴക്കമുള്ളതുമാക്കണം. ഭൂപരിഷ്‌കരണ നിയമത്തിലും ഭൂവിനിയോഗ ഉത്തരവിലും ഭേദഗതിക്ക് സർക്കാർ തയ്യാറാകണം.

തോട്ടംമേഖല നിലവിലെ ഭൂവിനിയോഗ രീതിയിൽ മാറ്റം വരുത്താതെ നിയന്ത്രിത വിളവൈവിദ്ധ്യവത്കരണം നടപ്പാക്കണം. സാമ്പത്തികമായി ലാഭകരവും പരിസ്ഥിതിക്ക് ചേർന്നതുമായ സുസ്ഥിരവിളകൾ പ്രോത്സാഹിപ്പിക്കണം.

വ്യവസായ വകുപ്പിന് കീഴിലുള്ള തോട്ടം ഡയറക്ടറേറ്റ് തോട്ടംമേഖലയിൽ വ്യത്യസ്തമായ പദ്ധതികൾ നടപ്പാക്കാൻ നടപടികൾ ആരംഭിച്ചു. തോട്ടങ്ങളെ വ്യവസായവകുപ്പിന് കീഴിൽ കൊണ്ടുവന്നതിന്റെ മുഴുവൻ നേട്ടങ്ങളും പ്രയോജനപ്പെടുത്താൻ കഴിയും.


കൃഷി കാലവസ്ഥയ്ക്ക് അനുസരിച്ച്

കാലാവസ്ഥയെ പ്രതിരോധിക്കുന്ന കാർഷികരീതികൾ സ്വീകരിക്കണം. സാമ്പത്തിക സാദ്ധ്യത, പാരിസ്ഥിതിക സുസ്ഥിരത, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഖജനാവ് നിറയ്ക്കൽ എന്നിവ ലക്ഷ്യമിട്ട് കാർഷികരീതികൾ സ്വീകരിക്കും.

കാലാവസ്ഥാ വ്യതിയാനം ജനസംഖ്യയുടെ 50 ശതമാനത്തിന്റെ ഉപജീവനത്തിന് ഭീഷണിയാണ്, പശ്ചിമഘട്ടത്തിൽ മുഴുവൻപേരെയും ബാധിക്കും. ദീർഘകാല കാലാവസ്ഥാ റിസ്‌ക് മാനേജ്‌മെന്റ് നയം രൂപീകരിക്കാൻ കർഷകർ, ശാസ്ത്രജ്ഞർ, വ്യവസായികൾ, നയരൂപകർത്താക്കൾ എന്നിവരടങ്ങുന്ന ഉപദേശക സമിതി സർക്കാർ രൂപീകരിക്കണം. കാലാവസ്ഥാമാറ്റത്തിന് അനുസൃതമായ കാർഷികനയം രൂപീകരിക്കണം.

രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള തോട്ടം മേഖലയുടെ പ്രതിസന്ധി നീക്കാൻ നയം, സാങ്കേതിക, ധനകാര്യ സ്ഥാപനങ്ങളുടെ സഹായം തുടങ്ങിയവ ആവശ്യമാണ്. സർക്കാരും പ്ലാന്റേഷൻ ഡയറക്ടറേറ്റും സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന് എസ്.ബി.പ്രഭാകർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, PLANTATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.