വരുമാനം ആദ്യമായി $400 കോടി കടന്നു
ലാഭവളർച്ച 3 ശതമാനം
ന്യൂഡൽഹി: ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ 2022 സമ്പദ്വർഷം ഇന്ത്യയിൽ നിന്ന് നേടിയ സംയോജിത വരുമാനം എക്കാലത്തെയും ഉയരമായ 403 കോടി ഡോളർ (33,381 കോടി രൂപ). ഐഫോണുകൾക്ക് ലഭിച്ച മികച്ച ഡിമാൻഡിന്റെ പിൻബലത്തിൽ വരുമാനത്തിലുണ്ടായ വർദ്ധന 45 ശതമാനമാണ്. ആദ്യമായാണ് വരുമാനം 400 കോടി ഡോളർ കവിയുന്നത്.
ലാഭം മൂന്ന് ശതമാനം വർദ്ധിച്ച് 15 കോടി ഡോളറായി (1,263 കോടി രൂപ). ഇന്ത്യയിലെ ഉൾപ്പെടെ മികച്ച വില്പനയുടെ പിൻബലത്തിൽ ആഗോള വരുമാനം എട്ട് ശതമാനം ഉയർന്ന് 39,430 കോടി ഡോളറായി.
60 ലക്ഷം
ആപ്പിൾ 2021ൽ 60 ലക്ഷത്തിലേറെ ഐഫോണുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. 2020നേക്കാൾ ഇരട്ടിയിലേറെയാണിത്.
37%
ഇന്ത്യൻ പ്രീമീയം സ്മാർട്ട്ഫോൺ വിപണിയിൽ 37 ശതമാനമാണ് ആപ്പിളിന്റെ വിഹിതം. രാജ്യത്തെ മൊത്തം സ്മാർട്ട്ഫോൺ വിപണിയിൽ വിഹിതം മൂന്നു ശതമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |