SignIn
Kerala Kaumudi Online
Thursday, 25 April 2024 4.58 AM IST

സിലിക്കൺ വാലി ബാങ്ക് തകർന്നു;​ ആഗോളതലത്തിൽ ആശങ്ക

svb

വാഷിംഗ്ടൺ: അമേരിക്കയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺവാലി ബാങ്ക് (എസ്.വി.ബി)​ തകർന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകർച്ചയാണ് എസ്.വി.ബിക്ക് ഉണ്ടായത്. ആഗോള തലത്തിൽ ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകിവരുന്ന എസ്.വി.ബി ബുധനാഴ്ചയാണ് ബാങ്കിന്റെ പ്രതിസന്ധി നിക്ഷേപകരെ അറിയിച്ചത്. ഇതിന് പിന്നാലെ 48 മണിക്കൂർ കഴിയുമ്പോഴേക്കും സിക്കൺ വാലി ബാങ്ക് ഷെയറുകൾ കുത്തനെ ഇടിഞ്ഞു. എസ്.വി.ബി യുടെ തകർച്ച യു എസ് വിപണിയെ മാത്രമല്ല ആഗോള വിപണികളിലെല്ലാം പ്രിതഫലനമുണ്ടാക്കി. ആഗോള വ്യാപാരമേഖലയിൽ ബാങ്ക് ഷെയറുകൾ കുത്തനെ ഇടിഞ്ഞു. 2008ന് സമാനമായ ആഗോള മാന്ദ്യത്തിന് ഇത് കാരണമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. എസ്.വി.ബി.യുടെ പ്രതിസന്ധി സാൻ ഫ്രാൻസിസ്കോയിലെ കമ്പനികളിലും ടെക് സ്റ്റാർട്ടപ്പുകളുടെ ലോകത്തും ബാധിക്കാൻ സാധ്യതയുണ്ട്.

ഫെഡ് നയം തിരിച്ചടിച്ചു

പണപ്പെരുപ്പത്തെ ചെറുക്കാൻ യുഎസ് ഫെഡറൽ റിസർവ് സ്വീകരിച്ച കർശന പണനയം അവർക്കുതന്നെ തിരിച്ചടിയാവുകയായിരുന്നു. എസ്.വി.ബിയുടെ പ്രതിസന്ധിക്കു പിന്നിൽ കുത്തനെയുള്ള തുടർച്ചയായ നിരക്കു വർധനവാണ് കാരണം. യുഎസ് ബോണ്ടുകളിലായിരുന്നു സിലിക്കൺ വാലി നിക്ഷേപം നടത്തിയിരുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനു ഫെഡറൽ റിസർവ് കഴിഞ്ഞ വർഷം മുതൽ പലിശ നിരക്ക് ഉയർത്തിയതോടെ ബോണ്ടുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞു.

തകർച്ചയുടെ തുടക്കം

കഴിഞ്ഞ ബുധനാഴ്ച സിലിക്കൺ വാലി ബാങ്കിന്റെ നടത്തിപ്പുകാരായ എസ്.വിബി. ഫിനാൻഷ്യൽ ഗ്രൂപ്പ് 175 കോടി ഡോളിന്റെ ഓഹരി വില്പന പ്രഖ്യാപിച്ചു. കമ്പനിയുടെ ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇതെന്ന് എസ്‌വിബി ഗ്രൂപ്പ് വിശദീകരിച്ചു. സാധാരണ ഗതിയിൽ ഒരു ധനകാര്യ സ്ഥാപനത്തിന്റെ വിഭവ സമാഹരണത്തെ വിപണി പോസിറ്റീവായാണ് കാണുന്നത്. എന്നാൽ എസ്‍വിബി ഗ്രൂപ്പിന്റെ ഈ പ്രഖ്യാപനം അതിന്റെ ഓഹരികളുടെ വൻ തകർച്ചയിലേക്ക് വഴിമരുന്നിട്ടു. പിന്നാലെ അമേരിക്കൻ ഓഹരി വിപണിയിൽ വൻ തിരിച്ചടി നേരിടേണ്ടി വന്നു.

എസ്.വി.ബി.യുടെ ഭാവി

2 ബില്യൻ ഡോളർ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. ബാങ്ക് പൂട്ടിയതോടെ 175 ബില്യൻ ഡോളർ നിക്ഷേപം ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെ (എഫ്ഡിഐസി) നിയന്ത്രണത്തിലായി. നാഷണൽ ബാങ്ക് ഓഫ് സാന്റ ക്ലാര എന്ന പേരിൽ എഫ്ഡിഐസി പുതിയ ബാങ്ക് ആരംഭിച്ച് സിലിക്കൻ വാലി ബാങ്കിന്റെ ആസ്തി ഇതിലേക്കു മാറ്റി. തിങ്കളാഴ്ച ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും തുറക്കുമെന്നും നിക്ഷേപകർക്ക് തുകയിൽ എല്ലാവിധ ക്രയവിക്രയവും നടത്താമെന്നും എഫ്ഡിഐസി അറിയിച്ചു.

പ്രതിഫലനം ഇന്ത്യയിലും
എസ്‍വിബി തകർച്ചയുടെ പ്രതിഫലനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ വെള്ളിയാഴ്ച തന്നെ ബാധിച്ചിരുന്നു. പ്രധാനമായും ബാങ്കിംഗ് ഓഹരികളിലാണ് വിൽപന സമ്മർദം പ്രകടമായത്. തിങ്കളാഴ്ചയും വിപണിയിൽ നെഗറ്റീവ് ഭാവം രൂപപ്പെടാൻ ഇടയാക്കിയേക്കും. കൂടാതെ പലിശ നിരക്ക് ഉയർന്നതിനാൽ വായ്പകളിൽ കുടിശിക ഉയരുമോയെന്ന ആശങ്കയുമുണ്ട്. എങ്കിലും എസ്‍വിബി പ്രതിസന്ധി ഇന്ത്യൻ ബാങ്കിംഗ് സംവിധാനത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ.

എന്താണ് സിലിക്കൺ വാലി ബാങ്ക്

അമേരിക്കയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നാണ് സിലിക്കൺവാലി ബാങ്ക്. ഏറ്റവും പഴക്കമുള്ളതും വലിപ്പമേറിയതുമായ ബാങ്കിംഗ് സ്ഥാപനം. ടെക് കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും ലോകഹബ്ബായ കാലിഫോർണിയയാണ് ബാങ്കിന്റെ ആസ്ഥാനം. ബിസിനസ്-ടെക് സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺവാലി കമ്പനികൾക്കും സഹായം നൽകുന്നതിൽ പ്രധാനി. ടെക്നോളജി അഥവാ ബയോടെക്നോളജി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളിലും നിക്ഷേപിക്കുന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം എന്നിങ്ങനെയുള്ള മേഖലകൾ കേന്ദ്രീകരിച്ചാണ് കമ്പനി പ്രധാനമായും പ്രവർത്തിക്കുന്നത്. തദ്ദേശീയരുടെ നിക്ഷേപമാണ് ഭൂരിഭാഗവും കൈകാര്യം ചെയ്യുന്നത്. കോടീശ്വരന്മാരായ വ്യക്തികൾക്കു വേണ്ട സ്വകാര്യ ബാങ്കിംഗ് സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞവർഷം മാർച്ചുപ്രകാരം 19,800 കോടി ഡോളറിന്റെ (ഏകദേശം 16.22 ലക്ഷം കോടി രൂപ) ഉപഭോക്തൃ നിക്ഷേപം ബാങ്കിലുണ്ടായിരുന്നു. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിലെ നിക്ഷേപത്തിന് തുല്യമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.