കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി സൗരഭ് വത്സയെ നിയമിച്ചു. ഏപ്രിൽ ഒന്നിന് ചുമതലയേൽക്കും. ഈ വർഷം ജനുവരി 15മുതൽ കമ്പനിയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം വിരമിക്കുന്ന നിലവിലെ മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവക്ക് പിൻഗാമിയാണ് സൗരഭ് വത്സ. രാകേഷിന്റെ മേൽനോട്ടത്തിലാണ് വില്പനയിൽ മുന്നിലുള്ള മാഗ്നൈറ്റ് ബി.എസ്.യു.വി നിസാൻ അവതരിപ്പിച്ചത്. നിസാൻ മാഗ്നൈറ്റ് 2020ൽ അവതരിപ്പിച്ചതു മുതൽ ഈ വർഷം ഫെബ്രുവരി വരെ ഒരു ലക്ഷത്തിലധികം വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന നേടി. 2020ൽ പ്രൊജക്റ്റ് മാഗ്നൈറ്റിനും 2022ൽ നിസാൻ ഇന്ത്യ ബിസിനസ് ട്രാൻസ്ഫോർമേഷൻ പ്ലാനിനും ഗ്ലോബൽ നിസാൻ പ്രസിഡന്റ് അവാർഡും അദ്ദേഹത്തിന്റെ കാലയളവിൽ കമ്പനി നേടിയിട്ടുണ്ട്.
വളർച്ചയുടെ അടുത്ത ഘട്ടത്തിന് സൗരഭ് വത്സ നേതൃത്വം നൽകുമെന്ന് നിസാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഫ്രാങ്ക് ടോറസ് പറഞ്ഞു. ഇന്ത്യയിലെ വളർച്ചാ പദ്ധതികളുടെ നിർണായക ഘട്ടത്തിൽ നിസാന്റെ ഭാഗമാകുന്നതിൽ ആവേശഭരിതനാണെന്ന് സൗരഭ് വത്സ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |