SignIn
Kerala Kaumudi Online
Monday, 25 May 2026 2.01 AM IST

ഇന്ത്യൻ ധനകാര്യ കമ്പനികൾക്ക് ലാഭപ്പൂക്കാലം

profit-final

ആഭ്യന്തര വിപണി ഉണർവ് നേട്ടമായി

എൽ.ഐ.സി 23,400 കോടി രൂപ അറ്റാദായവുമായി ഒന്നാമത്

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസത്തിൽ മികച്ച ലാഭക്ഷമതയോടെ ഇന്ത്യയിലെ മുൻനിര ധനകാര്യ കമ്പനികൾ തിളക്കം വർദ്ധിപ്പിച്ചു. ലാഭ മാർജിൻ കൂടിയതും ചെലവ് ചുരുക്കൽ നടപടികൾ ശക്തമാക്കിയതുമാണ് നേട്ടമായത്. രണ്ട് വർഷത്തിനിടെ റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് 1.25 ശതമാനം കുറച്ചതും വിപണിയിൽ പണലഭ്യത ഉയർന്നതും അനുകൂലമായി. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ(എൽ.ഐ.സി) 23,400 കോടി രൂപയുടെ അറ്റാദായവുമായി ലാഭക്ഷമതയിൽ ഒന്നാമതെത്തി. പൊതുമേഖല കമ്പനികളിലും ഏറ്റവും ഉയർന്ന അറ്റാദായം എൽ.ഐ.സിയാണ് കൈവരിച്ചത്. മുൻവർഷം നാലാം പാദത്തിലെ 19,013 കോടി രൂപയുടെ അറ്റാദായത്തേക്കാൾ 23 ശതമാനം വർദ്ധനയുണ്ട്.

പൊതുമേഖല ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി,ഐ) 19,684 കോടി രൂപയുടെ അറ്റാദായവുമായി രണ്ടാം സ്ഥാനത്തെത്തി. ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് 19,221 കോടി രൂപ അറ്റാദായത്തോടെ മൂന്നാമതെത്തി. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അറ്റാദായം 13,702 കോടി രൂപയിലെത്തി.

കരുത്തോടെ പൊതുമേഖല

ജനുവരി-മാർച്ച് കാലയളവിൽ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ ലാഭത്തിലും മികച്ച കുതിപ്പുണ്ടായി. എൽ.ഐ.സിക്കും എസ്.ബി.ഐക്കും പുറമെ ഇന്ത്യൻ ഓയിൽ, കോൾ ഇന്ത്യ, പവർ ഫിനാൻസ് കോർപ്പറേഷൻ, എൻ.ടി.പി.സി, പവർ ഗ്രിഡ്, ആർ.ഇ.സി എന്നിവയെല്ലാം അറ്റാദായം ഗണ്യമായി ഉയർത്തി. ഇക്കാലയളവിൽ ഇന്ത്യൻ ഓയിലിന്റെ അറ്റാദായം 11,378 കോടി രൂപയാണ്. കോൾ ഇന്ത്യ 10,839 കോടി രൂപയും പവർ ഫിനാൻസ് കോർപ്പറേഷൻ 8,598 കോടി രൂപയും എൻ.ടി.പി.സി 8,747 കോടി രൂപയും അറ്റാദായം കൈവരിച്ചു.

സ്വകാര്യ കമ്പനികളിൽ വോഡഫോൺ ഐഡിയ

രാജ്യത്തെ സ്വകാര്യ കമ്പനികളിൽ 51,970 കോടി രൂപയുടെ അറ്റാദായവുമായി വോഡഫോൺ ഐഡിയ ഒന്നാമതെത്തി. സ്‌റ്റാറ്റ്യൂട്ടറി ബാദ്ധ്യതകളിൽ കേന്ദ്ര സർക്കാർ നൽകിയ ഇളവാണ് ആറ് വർഷത്തിനിടെയിലെ ഉയർന്ന അറ്റാദായം നേടാൻ സഹായിച്ചത്. റിലയൻസ് ഇൻഡസ്ട്രീസ് 16,971 കോടി രൂപ അറ്റാദായവുമായി രണ്ടാമതെത്തി.

വാർഷിക ലാഭത്തിൽ എസ്.ബി.ഐ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 80,032 കോടി രൂപയുടെ അറ്റാദായത്തോടെ എസ്.ബി.ഐ ഒന്നാമതെത്തി. എൽ.ഐ.സിയുടെ ലാഭം 2026 സാമ്പത്തിക വർഷത്തിൽ 57,419 കോടി രൂപയാണ്. എച്ച്.ഡി.എഫ്.സി ബാങ്ക് 74,670 കോടി രൂപയും ഐ.സി,ഐ.സി.ഐ ബാങ്ക് 50,147 കോടി രൂപയും വാർഷിക ലാഭം നേടി.

പൊതുമേഖല ബാങ്കുകളുടെ മൊത്തം വാർഷിക ലാഭം

1.98 ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360