ഇൻഡോർ: പഴങ്ങളിലെ രാജാവാണ് മാമ്പഴം. അതിൽതന്നെ തലമൂത്ത രാജാവാകുകയാണ് മദ്ധ്യപ്രദേശിലെ അലിരാജ്പൂർ ജില്ലയിൽ കണ്ടുവരുന്ന 'നൂർജഹാൻ' മാമ്പഴം. ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇനം മാമ്പഴങ്ങളിലൊന്നാണ് ഇവ. ഈ വർഷം നൂർജഹാൻ മാമ്പഴത്തിന് ഉയർന്ന വിലയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പഴത്തിന് നല്ല വിളവും വലുപ്പവുമാണുള്ളതെന്ന് കർഷകർ പറയുന്നു.
ഈ സീസണിൽ ഒരു 'നൂർജഹാൻ' മാമ്പഴത്തിന് 500 മുതൽ 1,000 രൂപ വരെയാണ് വില. കഴിഞ്ഞ വർഷത്തിൽ നിന്ന് വ്യത്യസ്തമായി കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇത്തരത്തിൽ മാമ്പഴത്തിന് കൂടുതൽ വിളവ് ലഭിക്കാൻ കാരണം. ഇൻഡോറിൽ നിന്ന് 250 കിലോമീറ്റർ അകലെയുള്ള ഗുജറാത്ത് അതിർത്തിയോട് ചേർന്നുള്ള അലിരാജ്പൂർ ജില്ലയിലെ കട്ടിവാഡ പ്രദേശത്താണ് നൂർജഹാൻ മാമ്പഴം കണ്ടുവരുന്നത്. ഈ മാമ്പഴം അഫ്ഗാൻ മാമ്പഴ ഇനത്തിൽ പെടുന്നവയാണെന്നാണ് വിവരം. 'നൂർജഹാൻ' മാമ്പഴം പഴുക്കുന്നത് ജൂൺ തുടക്കത്തിലാണ്. ജനുവരി മുതൽ ഫെബ്രുവരി വരെയാണ് ഈ മരങ്ങൾ പൂക്കാൻ തുടങ്ങുന്നത്. ഒരു 'നൂർജഹാൻ' മാമ്പഴത്തിന് ഒരടി വരെ നീളവും വിത്തിന് 150 മുതൽ 200 ഗ്രാം വരെ തൂക്കവുമുണ്ട്. "എന്റെ മാവിൻ തോട്ടത്തിൽ മൂന്ന് നൂർജഹാൻ മാവുകൾ ഉണ്ട്. ഇവയിൽ നിന്ന് 250ഓളം മാമ്പഴങ്ങൾ ലഭിച്ചു. മാമ്പഴങ്ങൾക്കായി ഇതിനകം തന്നെ ബുക്കിംഗ് നടന്നതായി" കട്ടിവാഡയിൽ നിന്നുള്ള മാമ്പഴ കൃഷിക്കാരൻ ശിവരാജ് സിംഗ് ജാദവ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |