SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.51 PM IST

ദുബായിൽ ₹632 കോടിയുടെ വില്ല വാങ്ങി മുകേഷ് അംബാനി

anant-ambani

 ദുബായിലെ ഏറ്റവും വലിയ ഭവന ഇടപാട്

ദുബായ്: ദുബായിലെ കടൽത്തീര നഗരമായ പാം ജുമെയ്‌റയിൽ ഇളയ മകൻ ആനന്ദിന് വേണ്ടി 8 കോടി ഡോളറിന്റെ (ഏകദേശം 632 കോടി രൂപ) ആഡംബര വില്ല വാങ്ങി റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാനും ലോകത്തെ 11-ാമത്തെ വലിയ ശതകോടീശ്വരനുമായ മുകേഷ് അംബാനി. ദുബായിലെ ഏറ്റവും വലിയ ഭവന പദ്ധതി ഇടപാടാണിത്.

ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപ്‌നഗരമാണ് പാം ജുമെയ്‌റ. അതേസമയം, ഇടപാട് സംബന്ധിച്ച് റിലയൻസ് ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 10 ബെഡ്‌റൂമുകളും ഒരു സ്വകാര്യ സ്പായും ഇൻഡോർ, ഔട്ട്‌ഡോർ പൂളുകളുമുള്ള വില്ലയാണിത്. ലോകത്തെ അതിസമ്പന്നരെയും പ്രശസ്‌ത വ്യക്തികളെയും 'ഗോൾഡൻ വീസ" നൽകി ക്ഷണിക്കുന്ന ഭരണകൂട നടപടികളുടെ ഫലമായി,​ അതിസമ്പന്നരുടെ ഇഷ്‌ട താമസകേന്ദ്രമായി വളരുകയാണ് ദുബായ്.

പാം ജുമെയ്‌റയിൽ ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം,​ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ തുടങ്ങിയവർ ആനന്ദ് അംബാനിയുടെ അയൽക്കാരാണ്. 9,​330 കോടി ഡോളർ (7.37 ലക്ഷം കോടി രൂപ)​ ആസ്‌തിയുള്ള മുകേഷ് അംബാനിയുടെ മൂന്ന് മക്കളിൽ ഇളയയാളാണ് ആനന്ദ്.

മൂത്തമകനും റിലയൻസ് ജിയോ ഇൻഫോകോം ചെയർമാനുമായ ആകാശ് അംബാനിക്ക് വേണ്ടി അടുത്തിടെ എട്ടുകോടി ഡോളറിന് യു.കെയിലെ വിഖ്യാത ജോർജിയൻ കാലഘട്ട ബംഗ്ളാവോടുകൂടിയ സ്റ്റോക്ക് പാർക്ക് റിലയൻസ് വാങ്ങിയിരുന്നു. ആകാശിന്റെ ഇരട്ട സഹോദരി ഇഷ ന്യൂയോർക്കിൽ വില്ല വാങ്ങാനുള്ള ശ്രമത്തിലുമാണ്.

അംബാനി കുടുംബത്തിന്റെ മുംബയിലെ അത്യാഡംബരവീടായ 'ആന്റീലിയ" ലോകപ്രശസ്തമാണ്. 27 നിലകളുള്ള ഈ വീട്ടിൽ മൂന്ന് ഹെലിപ്പാഡുകളുണ്ട്; 168 കാറുകൾ ഉൾക്കൊള്ളുന്ന പാർക്കിംഗ് ഏരിയ,​ 50 സീറ്റുള്ള സിനിമാ തിയേറ്റർ,​ ഗ്രാൻഡ് ബോൾറൂം,​ 9 എലവേറ്ററുകൾ തുടങ്ങിയവയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DUBAI, ANAND AMABANI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.