കൊച്ചി: സ്റ്റാർട്ടപ്പ് സംരഭകരുടെ ദേശീയ സംഘടനയായ അലയൻസ് ഒഫ് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ (എ.ഡി.ഐ.എഫ്) എക്സിക്യൂട്ടീവ് ഡയറക്ടറായി സ്റ്റാർട്ടപ്പ് വില്ലേജ് സ്ഥാപക സി.ഇ.ഒയും റീതിങ്ക് ഫൗണ്ടേഷൻ സ്ഥാപകനുമായ സിജോ കുരുവിള ജോർജ് ചുമതലയേറ്റു.
ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കായി രൂപീകരിച്ചതാണ് സംഘടന. രാജ്യത്തെ സ്റ്റാർട്ടപ്പ് സംവിധാനത്തെ ലോകത്തെ മൂന്നാംസ്ഥാനത്തെത്തിക്കുകയും സ്റ്റാർട്ടപ്പ് നയരൂപീകരണത്തിൽ സർക്കാരിനെ സഹായിക്കുന്ന ചാലകശക്തി ആകുകയുമാണ് ലക്ഷ്യം. സാങ്കേതികത സംബന്ധിച്ച സർക്കാരിന്റെ നയങ്ങൾ, കോടതി വിധികൾ എന്നിവയെക്കുറിച്ച് സ്റ്റാർട്ടപ്പ് കമ്പനികളെ ബോധവത്കരിച്ച് ആശങ്കകൾ ഒഴിവാക്കുകയും ദൗത്യമാണെന്ന് സിജോ കുരുവിള പറഞ്ഞു.
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപിച്ച രാജ്യത്തെ ആദ്യ ടെലികോം ഇൻകുബേറ്ററായ സ്റ്റാർട്ടപ്പ് വില്ലേജിനെ മൂന്നുവർഷം നയിച്ചത് സിജോ കുരുവിളയാണ്. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഇൻർനാഷണൽ വിസിറ്റേഴ്സ് ലീഡർഷിപ്പ് പ്രോഗ്രാമുൾപ്പെടെ രാജ്യാന്തര അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സ്റ്റാർട്ടപ്പ് ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമുകളുടെ ഉപദേശകസമിതിയംഗമായും പ്രവർത്തിക്കുന്നു. കേന്ദ്രസർക്കാരിന്റെ ശാസ്ത്ര സാങ്കേതിക നയരൂപീകരണത്തിനുള്ള വിദഗ്ദ്ധസമിതി അംഗമാണ്.
സ്റ്റാർട്ടപ്പുകൾക്കായി സംയുക്ത റോഡ്മാപ്പ് രൂപപ്പെടുത്തുകയാണ് ആദ്യലക്ഷ്യമെന്ന് സിജോ കുരുവിള പറഞ്ഞു. ഇന്ത്യൻ സ്റ്റാർട്ടപ്പ് വികസനത്തിന് പ്രവർത്തിക്കുന്നവരെ ഒരു കുടക്കീഴിൽ കൊണ്ടുവരും. സ്റ്റാർട്ടപ്പ് മേഖല സമ്പദ്വ്യവസ്ഥയ്ക്ക് നൽകിയ നേട്ടങ്ങളും പ്രതിഫലനവും ധനകാര്യവിദഗ്ദ്ധരുടെ ശ്രദ്ധയിൽ കൊണ്ടുവരാനും ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |