നെടുമ്പാശേരി: യാത്രക്കാർക്കുള്ള മികച്ച സേവനത്തിന് കൊച്ചി വിമാനത്താവളത്തിന് (സിയാൽ) വിമാനത്താവള ഓപ്പറേറ്റർമാരുടെ രാജ്യാന്തര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എ.സി.ഐ) 'റോൾ ഒഫ് എക്സലൻസ്" പുരസ്കാരം. ഈ വർഷം ലോകത്ത് ആറ് വിമാനത്താവളങ്ങളാണ് പുരസ്കാരം നേടിയത്.
വർഷം 1.5 കോടി വരെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ തുടർച്ചയായി അഞ്ചുതവണ സിയാൽ എ.സി.ഐ പുരസ്കാരം നേടി. യാത്രക്കാർക്കുള്ള സൗകര്യങ്ങളിൽ പുതുനിലവാരം പുലർത്താൻ സിയാൽ മാതൃകാപരമായ സമീപനമാണ് പുലർത്തുന്നതെന്ന് എ.സി.ഐ ഡയറക്ടർ ജനറൽ ലൂയി ഫിലിപ്പെ ഡി ഒലിവേര പറഞ്ഞു.
എ.സി.ഐയുടെ സേവന നിലവാര സർവേകൾ വിമാനത്താവള ജീവനക്കാർക്ക് കാര്യക്ഷമത ഉയർത്താൻ സഹായകരമാണെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. സെപ്തംബർ ഒമ്പതിന് കാനഡയിലെ മോൺട്രിയലിൽ നടക്കുന്ന കസ്റ്റമർ എക്സ്പീരിയൻസ് ഗ്ലോബൽ സമ്മിറ്റിൽ സിയാലിന് പുരസ്കാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |