SignIn
Kerala Kaumudi Online
Friday, 19 April 2024 5.16 PM IST

വിട,​ മിസ്‌ത്രി

mistry

 ടാറ്റാ ഗ്രൂപ്പിനെ അടക്കിഭരിച്ച 'വരത്തൻ"

കൊച്ചി: ടാറ്റാ കുടുംബത്തിന് പുറത്തുനിന്നെത്തി ടാറ്റാ സൺസിന്റെ ചെയർമാനായി മാറുകയും മുൻ ചെയർമാൻ രത്തൻ ടാറ്റയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് പുറത്താക്കപ്പെടുകയും ചെയ്‌ത ചരിത്രമാണ് സൈറസ് മിസ്ത്രിക്കുള്ളത്. ടാറ്റാ സൺസിന്റെ ഇന്ത്യക്കാരനല്ലാത്ത ആദ്യ ചെയർമാനുമായിരുന്നു.

ചെയർമാനായ തനിക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും രത്തൻ ടാറ്റയുടെ തീരുമാനങ്ങളാണ് നടപ്പാക്കപ്പെടുന്നതെന്നും മിസ്ത്രി ആരോപിച്ചിരുന്നു. സാധാരണക്കാരെ ഉന്നമിട്ട് രത്തൻ ടാറ്റ അവതരിപ്പിച്ച കുഞ്ഞൻ കാറായ നാനോയെ ചൊല്ലിയും ടാറ്റയുടെ ഉപസ്ഥാനമായ എയർഏഷ്യ ഇന്ത്യയിലെ പണമിടപടുകളിൽ ക്രമക്കേടുണ്ടെന്നും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരുവരും ഉരസിയിരുന്നു. ഭിന്നത രൂക്ഷമായതോടെ മിസ്ത്രിക്ക് ചെയർമാൻ സ്ഥാനം നഷ്‌ടപ്പെടുകയായിരുന്നു.

ഷാപൂർജി പലോൺജി ഗ്രൂപ്പ്

ഇന്ത്യയിലെ വമ്പൻ ബിസിനസ് സാമ്രാജ്യമായ ടാറ്റാ ഗ്രൂപ്പിന്റെ മുഖ്യ ഓഹരിപങ്കാളികളായ ടാറ്റാ സൺസിൽ 18.4 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനം.

മുംബയിലെ മലബാർ ഹിൽസ് റിസർവോയർ, റിസർവ് ബാങ്ക് മുഖ്യാലയം, പ്രസിദ്ധമായ ഒബ്‌റോയ് ഹോട്ടൽ, ഒമാൻ സുൽത്താന്റെ കൊട്ടാരം, കൊച്ചിയിലെ ലുലുമാൾ തുടങ്ങിയവ പണിതത് ഷാപൂർജി പലോൺജി ഗ്രൂപ്പാണ്. 70 വർഷത്തിലേറെയായി ഗ്രൂപ്പിന് ടാറ്റാ സൺസിൽ ഓഹരിപങ്കാളിത്തമുണ്ട്.

ടാറ്റയിലേക്കുള്ള വഴി, പുറത്തേക്കും

ഷാപൂർജി പലോൺജി ഗ്രൂപ്പ് സാരഥിയായിരുന്ന പലോൺജി മിസ്ത്രിക്കും ഭാര്യയും ഐറിഷ് വനിതയുമായ പാറ്റ്‌സി പെരിനും നാല് മക്കൾ. ഷാപൂർ, സൈറസ് എന്നീ ആൺകുട്ടികളും ലൈല, ആലൂ എന്നീ പെൺകുട്ടികളും. 2006ൽ അച്‌ഛൻ പലോൺജി മിസ്ത്രി ടാറ്റ ബോർഡിൽ നിന്ന് വിരമിച്ച ഒഴിവിലാണ് സൈറസിന്റെ രംഗപ്രവേശം. 2012ൽ രത്തൻ ടാറ്റ ചെയർമാൻ പദവിയൊഴിഞ്ഞതോടെ തത്‌സ്ഥാനം സൈറസിന് ലഭിച്ചു.

മിസ്ത്രിയും ടാറ്റയും

 2006 : ടാറ്റാ സൺസ് ഡയറക്‌ടർ ബോർഡിൽ

 2012 : ടാറ്റാ സൺസ് എക്‌സിക്യുട്ടീവ് ചെയർമാൻ

 2016 ഒക്‌ടോബർ 24 : ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്ത്; രത്തൻ ടാറ്റ ഇടക്കാല ചെയർമാൻ

 2018 ജൂലായ് 9 : ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ മിസ്ത്രി നൽകിയ ഹർജി എൻ.സി.എൽ.ടി തള്ളി

 2019 ഡിസംബർ 18 : മിസ്ത്രിയെ പുറത്താക്കിയത് നിയമവിരുദ്ധമായെന്ന് എൻ.സി.എൽ.എ.ടി വിധി.

 2020 ജനുവരി 10 : എൻ.സി.എൽ.എ.ടി വിധി സുപ്രീംകോടതി റദ്ദാക്കി.

 ടാറ്റാ സൺസിലെ ഓഹരി പങ്കാളിത്തം പൂർണമായും വിറ്റൊഴിയാൻ തയ്യാറെന്ന് പലോൺജി ഗ്രൂപ്പ്. ഈ ആവശ്യവും കോടതി തള്ളി.

ആരാണീ മി​സ്ത്രി​

ഇന്ത്യൻ വംശജനായ ഐറി​ഷ് ബി​സി​നസുകാരൻ. 1968ൽ മുംബയി​ൽ ജനനം. ടാറ്റാ സൺസിലെ ഏറ്റവും വലി​യ വ്യക്തിഗത​ ഓഹരി​യുടമ. ഇന്ത്യയി​ലെ ഏറ്റവും പഴക്കം ചെന്ന കൺ​സ്ട്രക്ഷൻ കമ്പനി​യായ

ഷാപൂർജി പലോൺജി​ ഗ്രൂപ്പ് മി​സ്ത്രി​ കുടുംബത്തി​ന്റേതാണ്. 10,000 കോടിയിലേറെ രൂപ​ വി​റ്റുവരവുണ്ട്. രാജ്യത്തെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളി​ലൊന്ന്.

 1968ലാണ് സൈറസ് മിസ്ത്രിയുടെ ജനനം. മുംബയിലെ ബിഷപ്പ് കത്തീഡ്രൽ ആൻഡ് ജോൺ കാനൻ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ലണ്ടനിലെ ഇംപീരിയൽ കോളേജിൽ നിന്ന് സിവിൽ എൻജിനിയറിംഗ് ബിരുദവും ലണ്ടൻ ബിസിനസ് സ്കൂളിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

 1991ൽ അച്‌ഛൻ ചെയർമാനും ജ്യേഷ്‌ഠൻ ഷാപൂർ മേധാവിയുമായ ഷാപൂർജി പലോൺജി ഗ്രൂപ്പിൽ ഡയറക്‌ടറായി. ഭാര്യ റോഹിഖ. മക്കൾ: ഫിറോസ്, സഹാൻ.

 പേർഷ്യയിൽ നിന്ന് വളരെപണ്ട് ഗുജറാത്തിലേക്ക് കുടിയേറിയ പാഴ്‌സി കുടുംബങ്ങളാണ് ടാറ്റയുടേതും മിസ്‌ത്രിയുടേതും. സൈറസ് മിസ്‌ത്രിയുടെ സഹോദരി ആലൂ മിസ്ത്രിയെ വിവാഹം ചെയ്തത് രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയൽ ടാറ്റയാണ്. ഇതുവഴി ഇരുകുടുംബങ്ങളും ബന്ധുക്കളുമായി.

മിസ്‌ത്രിയുടെ മികവ്

ബിസിനസുകൾ തമ്മിലെ (ബി2ബി)​ ഇടപാടുകളിൽ ശ്രദ്ധിച്ചിരുന്ന ടാറ്റാ ഗ്രൂപ്പിനെ സാധാരണക്കാർക്കിടയിലേക്ക് എത്തിച്ചത് (ബി2സി ഇടപാട്)​ മിസ്‌ത്രിയുടെ തീരുമാനങ്ങളാണ്. കമ്പനിയുടെ പ്രവർത്തനഘടന തന്നെ പുനഃക്രമീകരിച്ചാണ് അദ്ദേഹം ഈ മാറ്റം കൊണ്ടുവന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TATA GROUP, CYRUS MISTRY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.