കൊച്ചി: ഇന്നലെ ഒറ്റദിവസം സംസ്ഥാനത്ത് സ്വർണവില ഗ്രാമിന് കൂടിയത് 75 രൂപ. പവന് 600 രൂപയും ഉയർന്നു. 16ന് 38,400 രൂപയായിരുന്ന പവൻവില ഇന്നലെ 39,000 രൂപയിലെത്തി. 4,800 രൂപയായിരുന്ന ഗ്രാംവില 4,875 രൂപയായി. ഈമാസം നാലിന് ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായിരുന്നു വില. തുടർന്ന് ഇതുവരെ ഗ്രാമിന് കൂടിയത് 190 രൂപയാണ്; പവന് 1,520 രൂപ.
രാജ്യാന്തര വിപണിയിലെ വിലവർദ്ധനയും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ചാഞ്ചാട്ടവുമാണ് സ്വർണവില വർദ്ധനയ്ക്ക് മുഖ്യകാരണങ്ങൾ. ഓഹരിവിപണികളുടെ തളർച്ചമൂലം നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്നനിലയിൽ സ്വർണത്തിലേക്ക് വൻതോതിൽ പണമൊഴുക്കുന്നതും വിലയെ സ്വാധീനിക്കുന്നു.
രാജ്യാന്തരവില ഔൺസിന് 1,758 ഡോളറിൽ നിന്ന് 1,775 ഡോളർ വരെ ഉയർന്നിരുന്നു. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് വില 1,762 ഡോളറാണ്. ഡോളറിനെതിരെ രൂപയും ഇന്നലെ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരാന്ത്യം മൂല്യം 40 പൈസയിടിഞ്ഞ് 81.65 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |