SignIn
Kerala Kaumudi Online
Friday, 19 April 2024 8.43 AM IST

സ്വർണവില വീണ്ടും ₹35,000ന് താഴെ

gold

കൊച്ചി: വിവാഹ, ഉത്സവകാല സീസൺ വിരുന്നെത്താൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, ആഗോളവിപണിയുടെ ചുവടുപിടിച്ച് സ്വർണവില സംസ്ഥാനത്ത് നാലുമാസത്തെ താഴ്‌ചയിലേക്ക് കൂപ്പുകുത്തി. പവന് ഇന്നലെ 400 രൂപയിടിഞ്ഞ് വില 34,680 രൂപയായി. 50 രൂപ കുറഞ്ഞ് 4,335 രൂപയാണ് ഗ്രാം വില. ഈമാസം ഇതുവരെ പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയുമാണ് കുറഞ്ഞത്.

കഴിഞ്ഞ ഏപ്രിൽ 15ന് 34,960 രൂപ രേഖപ്പെടുത്തിയ ശേഷം പവൻവില 35,000 രൂപയ്ക്ക് താഴെയെത്തുന്നത് ആദ്യമാണ്. രാജ്യാന്തര വിപണിയിലെ വിലത്തകർച്ചയാണ് സ്വർണത്തിന് ക്ഷീണമാകുന്നത്. കഴിഞ്ഞവാരം ഔൺസിന് 1,813.76 ഡോളറായിരുന്ന വില ഇന്നലെ ഒരുവേള 1,718.35 ഡോളർ വരെ ഇടിഞ്ഞു; ഇപ്പോൾ വിലയുള്ളത് 1,730.59 ഡോളറിലാണ്. ഏഷ്യൻ വിപണികളിൽ വില മാർച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കായ 1,684.37 ഡോളറിലേക്കും ഇന്നലെ താഴ്‌ന്നിരുന്നു.

ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ അമേരിക്ക കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നുവെന്ന് സൂചിപ്പിച്ച്, പുതുതായി ജോലി നേടിയവരുടെ എണ്ണം ജൂലായിൽ വൻതോതിൽ ഉയർന്നതാണ് സ്വർണത്തിന് തിരിച്ചടിയായത്. അമേരിക്കൻ 10-വർഷ ട്രഷറി ബോണ്ടുകളുടെ യീൽഡ് (നിക്ഷേപകർക്ക് ലഭിക്കുന്ന ലാഭം) ഉയരുന്നതും സ്വർണത്തിൽ നിന്ന് നിക്ഷേപകരെ അകറ്റുന്നു. ഡോളർ ഇൻഡക്‌സിൽ മറ്റ് പ്രമുഖ ആറ് കറൻസികൾക്കെതിരെ ഡോളറിന്റെ മൂല്യം രണ്ടാഴ്‌ചത്തെ ഉയരത്തിൽ എത്തിയതും സ്വർണത്തിന്റെ ശോഭ കെടുത്തി.

പലിശനിരക്കുകൾ കൂട്ടാനുള്ള നടപടി, സമ്പദ്‌വ്യവസ്ഥ കരകയറുന്നത് പരിഗണിച്ച് അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വേഗത്തിലാക്കുമെന്ന വിലയിരുത്തലും കൊവിഡ് ഉത്തേജക പാക്കേജുകൾ ഇനിയുണ്ടാവില്ലെന്ന സൂചനയും സ്വർണത്തിന് തിരിച്ചടിയാകുന്ന ഘടകങ്ങളാണ്.

പൊന്ന് വാങ്ങാൻ

നല്ല സമയം

ആഭരണപ്രേമികൾക്കും ചിങ്ങത്തിലെ വിവാഹങ്ങൾക്കായി സ്വർണാഭരണങ്ങൾ പർച്ചേസ് ചെയ്യാൻ ശ്രമിക്കുന്നവർക്കും ആശ്വാസകരമാണ് ഈ വിലയിടിവ്. മുൻകൂർ ബുക്കിംഗ് നടത്തി, കുറഞ്ഞവിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാൻ ഒട്ടുമിക്ക ജുവലറികളിലും അവസരമുണ്ട്. വില കുറഞ്ഞുനിൽക്കുമ്പോൾ ബുക്ക് ചെയ്‌താൽ, പിന്നീട് വില കൂടിയാലും ബുക്ക് ചെയ്‌ത ദിവസത്തെ വിലയ്ക്ക് തന്നെ ആഭരണങ്ങൾ ലഭിക്കുമെന്നതാണ് നേട്ടം.

₹34,680

പവൻ വില ഇപ്പോൾ 34,680 രൂപയും ഗ്രാമിന് 4,335 രൂപയുമാണ്. നാലുമാസത്തെ താഴ്‌ന്നവിലയാണിത്.

₹1,320

പവന് 1,320 രൂപയും ഗ്രാമിന് 165 രൂപയുമാണ് ഇൗ മാസം ഇതുവരെ കുറഞ്ഞത്.

₹7,320

കഴിഞ്ഞവർഷം ആഗസ്‌റ്റ് ഏഴിന് കുറിച്ച 42,000 രൂപയാണ് പവന്റെ റെക്കാഡ്; അന്ന് ഗ്രാം വില 5,250 രൂപ. തുടർന്ന്, പവന് ഇതുവരെ കുറഞ്ഞത് 7,320 രൂപ; ഗ്രാമിന് 915 രൂപ.

വില എങ്ങോട്ട്?

സ്വർണവിലയിലെ തളർച്ച ഹ്രസ്വകാലത്തേക്ക് തുടരുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. സ്വർണവിലയ്ക്ക് കുതിപ്പേകുന്ന സംഭവങ്ങളൊന്നും ആഗോളതലത്തിൽ നിലവിലില്ല. പക്ഷേ, കൊവിഡ് വ്യാപനം വീണ്ടും ശക്തമായാൽ സുരക്ഷിത നിക്ഷേപമെന്ന പട്ടം സ്വർണം തിരിച്ചുപിടിക്കുകയും വില കുതിച്ചുകയറുകയും ചെയ്യാം. വില ഇപ്പോൾ കുറഞ്ഞുനിൽക്കുന്നതിനാൽ, വൻതോതിൽ വാങ്ങൽട്രെൻഡ് ഉണ്ടാകാനിടയുണ്ട്. ഇതും വിലയുടെ തിരിച്ചുകയറ്റം സൃഷ്‌ടിക്കാം.

തിളക്കംമങ്ങി വെള്ളിയും

ഔൺസിന് 7.5 ശതമാനം ഇടിവുമായി 22.50 ഡോളറിലാണ് രാജ്യാന്തര വെള്ളിവിലയുള്ളത്. എട്ടുമാസത്തെ ഏറ്റവും കുറഞ്ഞവിലയാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, KERALA GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.