SignIn
Kerala Kaumudi Online
Friday, 19 April 2024 11.59 PM IST

നികുതി വരുമാനം: ലക്ഷ്യം പുനർനിശ്ചയിക്കാൻ കേന്ദ്രം

tax

 നീക്കം നികുതി സമാഹരണം വർദ്ധിച്ച പശ്ചാത്തലത്തിൽ

ന്യൂഡൽഹി: നികുതി സമാഹരണത്തിൽ അപ്രതീക്ഷിത വളർച്ചയുണ്ടായതിനാൽ നടപ്പുവർഷത്തെ (2021-22) നികുതിവരുമാന ലക്ഷ്യം ഉയർത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഈവർഷം 11 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയായി സമാഹരിക്കുകയായിരുന്നു ബഡ്‌ജറ്റിലെ ലക്ഷ്യം. എന്നാൽ,​ ആദ്യ ഏഴ് മാസക്കാലത്ത് തന്നെ കേന്ദ്രത്തിന് ആറുലക്ഷം കോടി രൂപയ്ക്കുമേൽ ഈയിനത്തിൽ ലഭിച്ചു.

വരുംമാസങ്ങളിൽ സമാഹരണം കൂടുമെന്നതിനാൽ ലക്ഷ്യമിട്ട 11 ലക്ഷം കോടി രൂപയും മറികടന്ന് വരുമാനം കുതിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ലക്ഷ്യം പുനർനിശ്‌ചയിക്കാനുള്ള നീക്കം. ജി.എസ്.ടി സമാഹരണം ഈവർഷം പ്രതിമാസം ശരാശരി 1.15 ലക്ഷം കോടി രൂപ കവിഞ്ഞുവെന്നതും കേന്ദ്രം പരിഗണിക്കുന്നു. മൊത്തം നികുതി വരുമാനലക്ഷ്യത്തിൽ 1.5 ലക്ഷം കോടി രൂപ അധികമായി ചേർക്കാനാണ് സാദ്ധ്യത.

പെട്രോൾ,​ ഡീസൽ എക്‌സൈസ് നികുതിയും ഭക്ഷ്യഎണ്ണയുടെ കസ്‌റ്റംസ് തീരുവയും കുറച്ചയിനത്തിൽ നടപ്പുവർ‌ഷത്തെ നികുതി വരുമാനത്തിൽ 80,​000 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലും മൊത്തം നികുതി വരുമാനം ബഡ്‌ജറ്റ് ലക്ഷ്യത്തേക്കാൾ ഉയരത്തിലെത്തുമെന്നും കേന്ദ്രം കരുതുന്നു.

2020-21ലെ മൊത്തം നികുതി വരുമാനമായ 20.2 ലക്ഷം കോടി രൂപയേക്കാൾ 9.5 ശതമാനം വളർച്ചയോടെ 22.2 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 11 ലക്ഷം കോടി രൂപ പ്രത്യക്ഷ നികുതിയും 5.47 ലക്ഷം കോടി രൂപ കോർപ്പറേറ്റ് നികുതിയും 5.61 ലക്ഷം കോടി രൂപ ആദായനികുതിയുമാണ്. ബഡ്‌ജറ്റ് ലക്ഷ്യത്തിൽ കസ്‌റ്റംസ് തീരുവ സമാഹരണം 1.36 ലക്ഷം കോടി രൂപയാണ്; എക്‌സൈസ് നികുതി 3.35 ലക്ഷം കോടി രൂപയും. ഒക്‌ടോബറിൽ ജി.എസ്.ടി സമാഹരണം 1.3 ലക്ഷം കോടി രൂപ കടന്നിരുന്നു. നവംബറിലും മികച്ച വരുമാന പ്രതീക്ഷയുണ്ട്. നടപ്പുവർഷം അവശേഷിക്കുന്ന മാസങ്ങളിലും വരുമാനം 1.15 ലക്ഷം കോടി രൂപയേക്കാൾ കുറയില്ലെന്നും കേന്ദ്രം കരുതുന്നു.

എക്‌സൈസ് നികുതിയിളവ്:

നഷ്‌ടം ₹80,000 കോടി

പെട്രോൾ, ഡീസൽ എക്‌സൈസ് നികുതിയിളവ്, ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവയിളവ് എന്നിവമൂലം നടപ്പുവർഷത്തെ നികുതി വരുമാനത്തിൽ 75,000-80,000 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് കരുതുന്നതായി കേന്ദ്ര റെവന്യൂ സെക്രട്ടറി തരുൺ ബജാജ് പറഞ്ഞു. പെട്രോളിയം ഉത്‌പന്നങ്ങളുടെ എക്‌സൈസ് നികുതിയിനത്തിൽ നടപ്പുവർഷം (2021-22) കേന്ദ്രം ആകെ ലക്ഷ്യമിട്ടിരുന്ന വരുമാനം 3.35 ലക്ഷം കോടി രൂപയായിരുന്നു.

ഈമാസം ആദ്യമാണ് കേന്ദ്രസർക്കാർ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും എക്‌സൈസ് നികുതി കുറച്ചത്. നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ എക്‌സൈസ് നികുതിയിനത്തിൽ കേന്ദ്രം 1.71 ലക്ഷം കോടി രൂപ നേടിയിരുന്നു. 2020-21ലെ സമാനകാലത്ത് വരുമാനം 1.28 ലക്ഷം കോടി രൂപയായിരുന്നു. കൊവിഡിന് മുമ്പ്, 2019-20ലെ സമാനകാലത്തെ 95,930 കോടി രൂപയേക്കാൾ 79 ശതമാനവും അധികമാണിത്.

നികുതിക്കുതിപ്പ്

എക്‌സൈസ് നികുതിയിനത്തിൽ കേന്ദ്രം കഴിഞ്ഞവർഷങ്ങളിൽ നേടിയ വരുമാനം (തുക ലക്ഷം കോടിയിൽ)

 2018-19 : ₹2.13

 2019-20 : ₹2.39

 2020-21 : ₹3.89

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, TAX KITTY, DIRECT TAX
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.