ആൻഡി ജെസി പുതിയ സി.ഇ.ഒ
വാഷിംഗ്ടൺ: വെറുമൊരു ബുക്ക് വില്പനശാലയിൽ നിന്ന് ആമസോണിനെ ലോകത്തെ ഏറ്റവും ഉപഭോക്തൃ പ്രിയമായ ഇ-കൊമേഴ്സ് സ്ഥാപനമാക്കി വളർത്തിയ ജെഫ് ബെസോസ് സി.ഇ.ഒ പദവിയിൽ നിന്ന് ഇന്ന് പടിയിറങ്ങും. അതേസമയം, 27 വർഷങ്ങൾക്ക് മുമ്പ് താൻ സ്ഥാപിച്ച ആമസോണിൽ എക്സിക്യൂട്ടീവ് ചെയർമാൻ പദവിയിൽ അദ്ദേഹം തുടരും. പുതിയ സി.ഇ.ഒയായി ആൻഡി ജെസി ഇന്ന് ചുമതലയേൽക്കും.
57-ാം വയസിൽ 19,700 കോടി ഡോളറിന്റെ ആസ്തിയുമായാണ് (ഏകദേശം 14.68 ലക്ഷം കോടി രൂപ) ബെസോസ് സി.ഇ.ഒ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. ലോകത്തെ ഏറ്റവും സമ്പന്നനായ ബെസോസിന് ഇതോടെ, ഏറ്റവുമധികം ആസ്തിയുമായി വിരമിക്കുന്ന വ്യക്തിയെന്ന പട്ടവും സ്വന്തമാകും. അമേരിക്കയിൽ ശരാശരി വിരമിക്കൽ പ്രായം 65 ആണ്. വിരമിക്കുമ്പോഴുള്ള ശരാശരി ആസ്തി 2.66 ലക്ഷം ഡോളർ (രണ്ടു കോടി രൂപ). 81,840 ഡോളറാണ് (61 ലക്ഷം രൂപ) കഴിഞ്ഞവർഷം ബെസോസിന് ലഭിച്ച വേതനം. 16 ലക്ഷം ഡോളറിന്റെ മറ്റ് ആനുകൂല്യങ്ങളും ലഭിച്ചു.
2020ൽ ആഗോളതലത്തിൽ കൊവിഡ് ആഞ്ഞടിച്ചപ്പോൾ ഓൺലൈൻ വില്പനയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇത്, ആമസോണിന് വൻ നേട്ടമായി. ബെസോസിന്റെ ആസ്തിയിൽ കഴിഞ്ഞവർഷം മാത്രമുണ്ടായ വളർച്ച 7,500 കോടി ഡോളറാണ് (5.6 ലക്ഷം കോടി രൂപ). സ്വന്തം ബഹിരാകാശ യാത്രാ കമ്പനിയായ ബ്ളൂ ഒറിജിൻ, ജീവകാരുണ്യ പ്രവർത്തനം എന്നിവയിലാകും ബെസോസ് ഇനി ശ്രദ്ധയൂന്നുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |